ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 11400 കോടി രൂപ തട്ടിയെടുത്ത് രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോദി ആദ്യത്തെ കൃത്രിമ ഹ്രസ്വകാല ജാമ്യച്ചീട്ട് (ലെറ്റര്‍ ഓഫ് അണ്ടര്‍ ടേക്കിങ്) കൈക്കലാക്കിയത് 2011 മാര്‍ച്ച് പത്തിനെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി.

പി എന്‍ ബിയുടെ ബ്രാഡി ഹൗസ് ശാഖയില്‍നിന്നാണ് നീരവ് ആദ്യമായി എല്‍ ഒ യു സ്വീകരിച്ചത്. തുടര്‍ന്നുള്ള 74 മാസത്തിനിടെ 1212 കൃത്രിമ എ ഒ യു കള്‍ കൂടി നീരവ് മോദി തരപ്പെടുത്തിയതായും ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.

ഒരു ദിവസം അഞ്ച് എല്‍ ഒ യുകള്‍ വരെ വാങ്ങിയിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. രാജ്യസഭയില്‍ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ആറുവര്‍ഷത്തിനിടെ ശരിയായ നടപടിക്രമം പാലിച്ച് 53 എല്‍ ഒ യുകളാണ് നിരവ് മോദി ഗ്രൂപ്പ് കരസ്ഥമാക്കിയിട്ടുള്ളതെന്നും ജെയ്റ്റ്‌ലി പറഞ്ഞു

ഒരു ബാങ്ക് തന്റെ ഉപഭോക്താവിന്റെ ഇറക്കുമതി ആവശ്യത്തിനു വേണ്ടി മറ്റൊരു ഇന്ത്യന്‍ ബാങ്കിന്റെ വിദേശത്തുള്ള ശാഖയില്‍നിന്ന് ഹ്രസ്വകാല ആവശ്യത്തിന്(ഇറക്കുമതി)പണം സമാഹരിക്കാന്‍ ജാമ്യം നില്‍ക്കുകയാണ് എല്‍ ഒ യുവിലൂടെ ചെയ്യുന്നത്.

എല്‍ ഒ യുവിലൂടെ ഉപഭോക്താവിന് ലഭിക്കുന്ന പണം വിദേശ കറന്‍സിയായിരിക്കും. ഇത് ഉപയോഗിച്ച് ഉപഭോക്താവിന് ഇടപാടുകാരുമായി വിനിമയം നടത്തുകയുമാകാം.

content highlights:in 74 month nirav modi obtained 1213 fraudulent letter of under taking says jaitley