ന്യൂഡല്‍ഹി: കഴിഞ്ഞ നാലു വര്‍ഷത്തിനിടെ പിഴ ഇനത്തില്‍ ബാങ്കുകള്‍ സാധാരണക്കാരില്‍നിന്ന് ഈടാക്കിയത് 10,000 കോടിയിലധികം രൂപ. ബാങ്കുകളെ പറ്റിച്ച് കടന്ന വിജയ് മല്യയും നീരവ് മോദിയുമെല്ലാം തിരികെ അടയ്ക്കാനുള്ള തുകയ്ക്ക് സമാനമായ തുകയാണ് ഇക്കാലയളവില്‍ സാധാരണക്കാരെ പിഴിഞ്ഞ് ബാങ്കുകള്‍ കൈക്കലാക്കിയതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 

വിജയ് മല്യ ബാങ്കുകള്‍ക്ക് നല്‍കാനുള്ളത് ഏകദേശം 9,000 കോടി രൂപയാണ്. വര്‍ഷങ്ങള്‍ക്കൊണ്ട് ബാങ്കുകളില്‍നിന്ന് കടമെടുത്ത് മുങ്ങി, ഇപ്പോള്‍ ബ്രിട്ടണില്‍ സുഖജീവിതം നയിക്കുകയാണ് മല്യ. രത്‌നവ്യാപാരിയായ നീരവ് മോദിയാകട്ടെ ബാങ്കുകളെ പറ്റിച്ചത് ഏകദേശം 11,300 കോടി രൂപയാണ്. പണം തിരികെയടയ്ക്കാതെ രാജ്യംവിട്ട നീരവ് മോദിയില്‍നിന്നും തുക തിരികെപിടിക്കാന്‍ ബാങ്കുകള്‍ക്കായില്ല. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ നാലുവര്‍ഷങ്ങള്‍ക്കിടയില്‍ ഇതേ ബാങ്കുകള്‍ സാധാരണക്കാരനെ പിഴിഞ്ഞ് സമാഹരിച്ച തുക പ്രസക്തമാകുന്നത്.

2015 ഏപ്രില്‍ മുതല്‍ 2018 സെപ്തംബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകള്‍ പിഴയിനത്തില്‍ ഈടാക്കിയത് 10,391.43 കോടി രൂപയാണെന്നാണ് കണക്ക്. അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ ഈടാക്കിയ പിഴയും അനുവദിക്കപ്പെട്ടതിനേക്കാള്‍ കൂടുതലായി നടത്തിയ എടിഎം ഉപയോഗത്തിന്റെ പേരില്‍ ഈടാക്കിയ തുകയും അടക്കമാണ് ഇത്. കേന്ദ്ര ധനമന്ത്രാലയം ലോക്‌സഭയില്‍ വ്യക്തമാക്കിയതാണ് ഈ കണക്കുകള്‍. സ്വകാര്യ ബാങ്കുകള്‍ ഈടാക്കിയ പിഴ തുക ഇതില്‍ ഉള്‍പ്പെടുന്നില്ല.

സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ പൊതുമേഖലാ ബാങ്കുകള്‍ ഈടാക്കിയ ആകെ പിഴത്തുക 6,246.44 കോടിയാണ്. എടിഎം ഉപയോഗത്തില്‍ ഈടാക്കിയ പിഴത്തുക 4,144.99 കോടിയും. രണ്ടിനത്തിലുമായി ഏറ്റവും കൂടുതല്‍ തുക ഈടാക്കിയത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ്. 4,447.75 കോടിയാണ് നാലുവര്‍ഷത്തിനിടയില്‍ എസ്ബിഐ നേടിയത്. പഞ്ചാബ് ആന്‍ഡ് സിന്ദ് ബാങ്ക് മാത്രമാണ് മിനിമം ബാലന്‍സിന്റെ പേരില്‍ പിഴയീടാക്കാത്ത ഏക പൊതുമേഖലാ ബാങ്ക്.

മിനിമം ബാലന്‍സ്, എടിഎം ഉപയോഗം എന്നിവയുടെ പേരില്‍ ഇടപാടുകാരെ പിഴിയുന്നതിന്റെ പേരില്‍ എസ്ബിഐ അടക്കമുള്ള ബാങ്കുകള്‍ക്കെതിരെ നേരത്തെ തന്നെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍, മറ്റേതൊരു സേവന മേഖലയെയും പോലെ തങ്ങളുടെ സേവനങ്ങള്‍ക്ക് നിരക്ക് ഈടാക്കാന്‍ അവകാശമുണ്ടെന്ന നിലപാടാണ് ബാങ്കുകള്‍ സ്വീകരിച്ചുവരുന്നത്. മാത്രമല്ല, ആധുനിക ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ അടക്കമുള്ളവ സ്ഥാപിക്കുന്നതിനായി വലിയ തുക ബാങ്കുകള്‍ക്ക് നിക്ഷേപിക്കേണ്ടിവന്നിട്ടുണ്ടെന്നും അത് തിരിച്ചുപിടിക്കാന്‍ ഇത്തരം മാര്‍ഗങ്ങള്‍ ആവശ്യമാണെന്നും അവര്‍ പറയുന്നു. റിസര്‍വ് ബാങ്കിന്റെ നിര്‍ദേശപ്രകാരമാണിതെന്നും ബാങ്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.

പിഴകളും സേവനങ്ങള്‍ക്കുള്ള നിരക്കും ഈടാക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും അത് ഇത്ര വേണമെന്ന് റിസര്‍വ് ബാങ്ക് നിശ്ചയിച്ചിട്ടില്ല. അക്കാര്യം അതാത് ബാങ്കുകള്‍ക്ക് സ്വയം തീരുമാനിക്കാമെന്നാണ് റിസര്‍വ് ബാങ്കിന്റെ സര്‍ക്കുലര്‍ വ്യക്തമാക്കുന്നത്. സ്വന്തം ബാങ്കിന്റെ എടിഎം വഴി കുറഞ്ഞത് അഞ്ച് തവണ സൗജന്യ ഇടപാട് അനുവദിക്കണമെന്നും കൂടുതല്‍ ഉപയോഗത്തിന് ഓരോന്നിനും ഈടാക്കുന്ന തുക 20 രൂപയില്‍ താഴെയായിരിക്കണമെന്നും റിസര്‍വ് ബാങ്ക് നിഷ്‌കര്‍ഷിക്കുന്നു. എസ്ബിഐ അടക്കമുള്ള ബാങ്കുകള്‍ റിസര്‍വ് ബാങ്ക് അനുവദിക്കുന്ന പരമാവധി തുകയാണ് ഈടാക്കുന്നത്. 

മേല്‍പറഞ്ഞ വിധത്തില്‍ ഈടാക്കുന്ന പിഴ തുകകള്‍ക്കു പുറമേ വിവിധ സേവനങ്ങള്‍ക്കെല്ലാം ഫീസുകളും ബാങ്കുകള്‍ ഈടാക്കുന്നുണ്ട്. എടിഎം പരിപാലനത്തിനുള്ള വാര്‍ഷിക ഫീസ് കൂടാതെ ആര്‍ടിജിഎസ്, എന്‍ടിഎഫ്എസ്, എസ്എംഎസ് അലര്‍ട്ട്, ഇന്റര്‍നെറ്റ് ബാങ്കിങ് തുടങ്ങിയവയ്‌ക്കെല്ലാം ഇടപാടുകാരില്‍നിന്ന് ഫീസ് ഈടാക്കുന്നുണ്ട്. ഏകീകരിക്കപ്പെട്ട നിരക്കുകളല്ല ഇവയൊന്നും എന്നതുകൊണ്ട് ഓരോ ബാങ്കുകളും വ്യത്യസ്ത തുകകളാണ് ഈടാക്കുന്നത്. ബാങ്കുകള്‍ ഈടാക്കുന്ന പിഴകള്‍ക്കു പുറമേ ഓരോ ഇടപാടുകാരനും ഇങ്ങനെ വിവിധങ്ങളായ തുകകള്‍ ബാങ്കുകള്‍ക്ക് നല്‍കുന്നുണ്ട്.

കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ലോക്‌സഭയില്‍ നല്‍കിയ മറ്റൊരു മറുപടി പ്രകാരം, ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളുടെ മൊത്തം നിഷ്‌ക്രിയ ആസ്തി 9,62,621 കോടിയാണ്. 2014-2018 കാലയളവില്‍ നിഷ്‌ക്രിയ ആസ്തിയിലുണ്ടായ വര്‍ധന 74 ശതമാനമാണ്. ഈ സാഹചര്യത്തിലാണ് കിട്ടാക്കടം അടക്കമുള്ള നിഷ്‌ക്രിയ ആസ്തി കുറയ്ക്കുന്നതിനുള്ള വഴികള്‍ തേടുന്നതിനു പകരം അന്യായമായ പിഴകള്‍ ചുമത്തി സാധാരണക്കാരുടെ അധ്വാനത്തിന്റെ പങ്ക് പിടിച്ചുവാങ്ങുന്ന ബാങ്കുകളുടെ നടപടി വിമര്‍ശനവിധേയമാകുന്നത്.

Content Highlights: banks fined, Vijay Mallya, minimum balance fine, ATM charges, Nirav modi