ഇസ്ലാമാബാദ്: കശ്മീരി വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാനുള്ള ഇമ്രാന്‍ഖാന്‍ സര്‍ക്കാരിന്റെ പദ്ധതിക്ക് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളുടെ ചുവപ്പുകൊടി. പാകിസ്താനിലുള്ള പ്രൊഫഷണല്‍ കോഴ്‌സുകളില്‍ ചേര്‍ന്നുപഠിക്കാന്‍ ആഗ്രഹിക്കുന്ന 1600 വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാനായിരുന്നു പാക് നീക്കമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
കശ്മീര്‍ യുവതയെ പരിവര്‍ത്തനംചെയ്ത് ഇന്ത്യക്കെതിരെ തിരിക്കാനുള്ള പാകിസ്താന്റെ വിപുലമായ പദ്ധതിയുടെ ഭാഗമാണ് സ്‌കോളര്‍ഷിപ്പ് എന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു. വാഗ-അട്ടാരി അതിര്‍ത്തി കടന്ന് പഠിക്കാനായി പോയവര്‍ പിന്നീട് നിയന്ത്രണരേഖ വഴി തീവ്രവാദികളായി തിരിച്ചെത്തിയ നിരവധി സംഭവങ്ങള്‍ ഇതിനുമുമ്പ് ഉണ്ടായിട്ടുണ്ടെന്ന് ജമ്മുവിലെ ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു.
ഈ വര്‍ഷം ആദ്യമാണ് ദേശീയ അസംബ്ലിയില്‍ പാകിസ്താന്‍ 1600 പേര്‍ക്ക് സ്‌കോളര്‍ഷിപ്പ് പദ്ധതി ആദ്യമായി പ്രഖ്യാപിക്കുന്നത്. കശ്മീരി വിദ്യാര്‍ഥികളെ ലക്ഷ്യംവെച്ച് ഇതിനുമുമ്പും പാകിസ്താന്‍ സ്‌കോളര്‍ഷിപ്പ് വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ അതെല്ലാം വളരെ ചെറിയ തോതിലായിരുന്നു. പാകിസ്താനില്‍ മെഡിക്കല്‍- എന്‍ജിനീയറിങ് ഉപരിപഠനത്തിനായി നിലവില്‍ 150 കശ്മീരികള്‍ പ്രവേശിച്ചിട്ടുള്ളതായി കശ്മീര്‍ പോലീസ് പറഞ്ഞു.
വിഘടനവാദികളായ ഹുറിയത്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ അധ്യക്ഷനായ സയീദ് സലാഹുദ്ദീന്‍ നയിക്കുന്ന യുണൈറ്റഡ് ജിഹാദ് കൗണ്‍സില്‍ എന്നീ സംഘടനകളുടെ ശുപാര്‍ശക്കത്താണ് അപേക്ഷകര്‍ പ്രധാനമായും നല്‍കേണ്ടതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
എന്നാല്‍ സ്‌കോളര്‍ഷിപ്പ് സ്വീകരിച്ച് പാക് കോളേജുകളില്‍ പ്രവേശനം തേടുന്ന വിദ്യാര്‍ഥികള്‍ കൂടുതല്‍ ബുദ്ധിമുട്ടിലാകുമെന്ന് ഡല്‍ഹിയിലെ മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ പറയുന്നു. കാരണം പാകിസ്താനില്‍ അവര്‍ തിരഞ്ഞെടുക്കുന്ന ഭൂരിഭാഗം കോഴ്‌സുകള്‍ക്കും ഇന്ത്യയില്‍ അംഗീകാരമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
Content Highlights: Imran's Scholarship programme for Kashmiri students