Photo:ANI
ന്യൂഡല്‍ഹി: സ്വയംപര്യാപ്തതയില്‍ അടിയുറച്ച ഒരു പുതിയ ഇന്ത്യയെ രൂപപ്പെടുത്തേണ്ടത് ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് 19ന് ശേഷമുള്ള പുതിയ ലോകക്രമത്തില്‍ ഇന്ത്യയോടുള്ള ലോകത്തിന്റെ കാഴ്ചപ്പാടില്‍ മാറ്റം ഉണ്ടായിട്ടുണ്ടെന്നും മോദി പറഞ്ഞു. രാജ്യത്തെ ബിജെപി പ്രവര്‍ത്തകരെ ഓണ്‍ലൈനിലൂടെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് പുതിയ ബജറ്റിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ കൈവരിച്ച സാമ്പത്തിക വികസനം സംബന്ധിച്ച് പ്രധാനമന്ത്രി സംസാരിച്ചത്.
കഴിഞ്ഞ ഏഴ് വര്‍ഷമായി സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന തീരുമാനങ്ങളുടെ ഫലമായി ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ തുടര്‍ച്ചയായി വികസിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഫലമായി ഇന്ത്യയുടെ ജിഡിപി ഇരട്ടിയായി വര്‍ധിച്ചതായും മോദി പറഞ്ഞു. സ്വയംപര്യാപ്തവും ആധുനികവുമായ ഇന്ത്യയെ കെട്ടിപ്പടുക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഇന്ത്യയെ ആധുനികവത്കരിക്കുന്നതിനുള്ള നിരവധി സുപ്രധാന നടപടികള്‍ പുതിയ ബജറ്റില്‍ ഉണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇത്തവണത്തെ ബജറ്റില്‍ പാവപ്പെട്ടവര്‍ക്കായി 80 ലക്ഷം വീടുകള്‍ നിര്‍മിക്കുന്നതിനായി 48,000 കോടി രൂപ നീക്കിവെച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ജൈവ കൃഷിക്ക് ഊന്നല്‍ കൊടുത്തുകൊണ്ട് ഇന്ത്യയുടെ കാര്‍ഷിക രംഗത്തെ ആധുനികവത്കരിക്കുന്നതിന് ഇത്തവണത്തെ ബജറ്റ് പ്രത്യേക പ്രാധാന്യം നല്കുന്നു. അതിലൂടെ കൃഷി കൂടുതല്‍ ലാഭകരമാക്കുന്നതിനുള്ള വഴിയൊരുങ്ങും. കര്‍ഷകര്‍ക്ക് ഡ്രോണുകളും മറ്റ് ഉപകരണങ്ങളും ന്യായമായ വിലയ്ക്ക് ലഭ്യമാക്കുമെന്നും മോദി പറഞ്ഞു.
ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി കുറയ്ക്കുന്നതിനും സ്വയംപര്യാപ്തത കൈവരിക്കുന്നതിനും ഒരു ദേശീയ കര്‍മപദ്ധതി ആരംഭിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഇത് നമ്മുടെ കര്‍ഷകരെയും കൂടുതല്‍ ശക്തിപ്പെടുത്തും. ഈ സീസണില്‍ കര്‍ഷകര്‍ക്ക് താങ്ങുവിലയായി 1.5 ലക്ഷം കോടി രൂപയുടെ പ്രയോജനം ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതിര്‍ത്തി ഗ്രാമങ്ങളിലൂടെയുള്ള കുടിയേറ്റം ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണ്. അതുകൊണ്ടുതന്നെ അതിര്‍ത്തി ഗ്രാമങ്ങള്‍ ഊര്‍ജ്ജസ്വലമാക്കുന്നതിനും വികസനത്തിനമായി ബജറ്റില്‍ പ്രത്യേക പദ്ധതികളുണ്ട്. വൈദ്യുതി, വെള്ളം തുടങ്ങിയവയുടെ ലഭ്യതു ഉറപ്പുവരുത്തുന്നതിന് ബജറ്റില്‍ നിര്‍ദേശങ്ങളുണ്ട്. വൈകാതെതന്നെ എല്ലാ ഗ്രാമങ്ങളിലും ഒപ്റ്റിക്കല്‍ ഫൈബര്‍ കണക്ടിവിറ്റിയും 5-ജി സാങ്കേതികതയും ലഭ്യമാക്കും.
2013-14 കാലത്ത് ഇന്ത്യയുടെ പൊതു നിക്ഷേപം വെറും 1.87 ലക്ഷം കോടിയായിരുന്നു. ഇത്തവണത്തെ ബജറ്റില്‍ അത് 7.5 ലക്ഷം കോടിയാണ്. യുപിഎ സര്‍ക്കാരിന്റെ കാലത്തേതിനെ അപേക്ഷിച്ച് ഇത് നാലിരട്ടി വര്‍ധനവാണ്. ഇത് നേരിട്ടുള്ള വിദേശനിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുകയും രാജ്യത്ത് ആധുനിക അടിസ്ഥാന സൗകര്യ വികസനത്തിന് അവസരമൊരുക്കുകയും ചെയ്യുമെന്നും മോദി പറഞ്ഞു.
Content Highlights: imperative to build new India on foundation of self-reliance- Modi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..