ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്സിനേഷനുമായി ബന്ധപ്പെട്ട് ബാബ രാംദേവ് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കാൻ ഇടപെണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. രാജ്യദ്രോഹ നിയമപ്രകാരം ബാബ രാംദേവിനെതിരേ ഉചിതമായ നടപടിയെടുക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടിട്ടുണ്ട്.

കോവിഡ് പ്രതിരോധ വാക്സിന്റെ രണ്ടുഡോസുകളും സ്വീകരിച്ചിട്ടും പതിനായിരത്തോളം ഡോക്ടർമാർ മരിച്ചു, അലോപ്പതി മരുന്ന് കാരണം ലക്ഷക്കണക്കിന് ആളുകളാണ് മരിക്കുന്നത് തുടങ്ങിയ സന്ദേശങ്ഹൾ പ്രചരിപ്പിക്കുന്ന രാംദേവിന്റെ വീഡിയോ തങ്ങൾ വേദനയോടെ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയാണെന്ന് കത്തിൽ ഐഎംഎ പറയുന്നു. ഈ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാണെന്നും കത്തിൽ പരാമർശിക്കുന്നുണ്ട്.

'കോവിഡ് 19 നെ മറികടുക്കുന്നതിനായി 18 ന് മുകളിൽ പ്രായമുളള എല്ലാവർക്കും വാക്സിൻ നൽകാനുളള താങ്കളുടെ പ്രതിജ്ഞാബദ്ധതയെ ഐഎംഎ മുന്നിൽ നിന്ന് നയിക്കുന്നു. വാക്സിനേഷൻ യജ്ഞം ആരംഭിച്ചപ്പോൾ രാജ്യത്തെങ്ങുമുളള ഐഎംഎ അംഗങ്ങൾ വാക്സിൻ സ്വീകരിക്കുന്നതിനായി മുന്നിട്ട് നിന്നവരാണ്. ഇതിലൂടെ വാക്സിൻ സ്വീകരിക്കുന്നതിനോടുളള വിമുഖതയകറ്റാനായി.' ഐഎംഎ കത്തിൽ പറയുന്നു.

ആരോഗ്യ മന്ത്രാലയം ഐസിഎംആർ അല്ലെങ്കിൽ ദേശീയ ടാസ്ക് ഫോഴ്സ് വഴി ദശലക്ഷക്കണക്കിന് ആളുകൾകളുടെ ചികിത്സയ്ക്കായി പുറപ്പെടുവിക്കുന്ന മാർഗനിർദേശങ്ങളും പ്രോട്ടോക്കോളുകളും അംഗങ്ങൾ പാലിക്കുന്നതായും ഐഎംഎ കൂട്ടിച്ചേർത്തു. 'അലോപ്പതി മരുന്നുകൾ ജനങ്ങളെ കൊന്നുവെന്ന് ആരെങ്കിലും അവകാശപ്പെടുകയാണെങ്കിൽ അത് ചികിത്സയ്ക്കായി ഞങ്ങൾക്ക് പ്രൊട്ടോക്കോൾ പുറപ്പെടുവിച്ച മന്ത്രാലയത്തെ വെല്ലിവിളിക്കാനുളള ശ്രമമാണ്'- കത്തിൽ ഐഎംഎ ആരോപിച്ചു.

Content Highlights:IMA writes to Prime minister to stop ramdevs misinformation campaign