ന്യൂഡല്‍ഹി: കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ സാധിക്കുമെന്ന അവകാശവാദം ഉന്നയിച്ചും ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുണ്ടെന്ന് 'കള്ളം' പറഞ്ഞും കൊറോണില്‍ എന്ന ആയുര്‍വേദ ഉല്‍പ്പന്നം ഇറക്കിയ പതഞ്ജലിയുടെ നടപടിയില്‍ ഞെട്ടല്‍ രേഖപ്പെടുത്തി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. വ്യജമായി കെട്ടിചമച്ച അത്തരം അശാസ്ത്രീയമായ ഉത്പന്നം പുറത്തിറക്കുന്നതിന് പ്രോത്സാഹനം നല്‍കിയ ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍ രാജ്യത്തോട് വിശീദകരണം നല്‍കണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു.
കോവിഡ് ചികിത്സയ്ക്കായി ഏതെങ്കിലും പരമ്പരാഗത മരുന്നിന്റെ ഫലപ്രാപ്തി അവലോകനം ചെയ്യുകയോ സാക്ഷ്യപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ പ്രതികരണം.
ലോകാരോഗ്യ സംഘടനയുടേയും ജിഎംപിയുടേയും സാക്ഷ്യപത്രമുണ്ടെന്ന വലിയ സ്‌ക്രീനും മരുന്നിന്റെ അവതരണ ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
സംഭവം വിവാദമായതിന് പിന്നാലെ ഏതെങ്കിലും മരുന്നിന്റെ ഫലപ്രാപ്തി അവലോകനം ചെയ്യുകയോ സാക്ഷ്യപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് വിശദീകരിച്ചുകൊണ്ട് ലോകാരോഗ്യ സംഘടന രംഗത്തെത്തി.
ഇത്തരത്തില്‍ നിഗൂഢമായതും വ്യാജ അവകാശവാദങ്ങളുള്ളതുമായ മരുന്നിന് പ്രോത്സാഹനം നല്‍കിയത് രാജ്യത്തെ ആരോഗ്യ മന്ത്രി ആയതിനാല്‍ രാജ്യത്തോട് മന്ത്രി വിശദീകരണം നല്‍കണമെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ആവശ്യം.
'രാജ്യത്തെ ആരോഗ്യമന്ത്രി എന്ന നിലയില്‍, വ്യാജമായി കെട്ടിച്ചമച്ച അത്തരം അശാസ്ത്രീയമായ ഉല്‍പ്പന്നം രാജ്യത്തെ ജനങ്ങള്‍ക്ക് വിട്ടുകൊടുക്കുന്നത് എത്രത്തോളം ന്യായമാണ്. കൊറോണയെ പ്രതിരോധിക്കുമെന്ന അവകാശപ്പെടുന്ന ഈ ഉത്പ്പന്നത്തിന്റെ ക്ലിനിക്കല്‍ ട്രയലും മറ്റും നടപടിക്രമങ്ങളും വിശദീകരിക്കാന്‍ സാധിക്കുമോ' - ഐ.എം.എ പ്രസ്താവനയില്‍ ചോദിച്ചു.
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ദേശീയ മെഡിക്കല്‍ കമ്മീഷന് കത്തെഴുതുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
Content Highlights: IMA 'shocked' over Patanjali’s Coronil claim, asks health minister to clarify