ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഇന്ത്യയില്‍ 719 ഡോക്ടര്‍മാര്‍ മരിച്ചതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ). ബിഹാറിലാണ് ഏറ്റവും കൂടുതല്‍ ഡോക്ടര്‍മാര്‍ കോവിഡ് ബാധിച്ച് മരിച്ചത്- 111 പേര്‍. കേരളത്തില്‍ കോവിഡ് രണ്ടാം തരംഗത്തില്‍ 24 ഡോക്ടര്‍മാര്‍ മരിച്ചതായും ഐഎംഎ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

ഡല്‍ഹി-109, ഉത്തര്‍പ്രദേശ്- 79, പശ്ചിമബംഗാള്‍-63, രാജസ്ഥാന്‍- 43 എന്നിങ്ങനെയാണ് ഡോക്ടര്‍മാര്‍ കൂടുതല്‍ മരിച്ച സംസ്ഥാനങ്ങള്‍. ഒരു ഡോക്ടര്‍ മാത്രം മരിച്ച പുതുച്ചേരിയിലാണ് ഏറ്റവും കുറവ്. ഗോവ, ഉത്തരാഖണ്ഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ രണ്ടു വീതം ഡോക്ടര്‍മാരും പഞ്ചാബില്‍ മൂന്നു ഡോക്ടര്‍മാരുമാണ് മരിച്ചത്.

ബിഹാറില്‍ ഡോക്ടര്‍മാരുടെ മരണ സംഖ്യ ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ ഐഎംഎയുടെ ബിഹാര്‍ ഘടകം പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. മരിച്ച ഡോക്ടര്‍മാരുടെ കുടുംബത്തിന് 10 ലക്ഷം വീതം നല്‍കാനും ഐഎംഎ തീരുമാനിച്ചിട്ടുണ്ട്.

കോവിഡിന്റെ ആദ്യ തരംഗത്തില്‍ 748 ഡോക്ടര്‍മാര്‍ മരിച്ചതായി നേരത്തെ ഐഎംഎ വെളിപ്പെടുത്തിയിരുന്നു. ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും എതിരെ രാജ്യത്ത് പലയിടത്തും നടത്തുന്ന ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നതില്‍ പ്രധാനമന്ത്രി ഇടപെടണമെന്നും ഐഎംഎ ആവശ്യപ്പെട്ടിരുന്നു. ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ആശുപത്രികള്‍ സംരക്ഷിത മേഖലകള്‍ ആയി പ്രഖ്യാപിക്കണമെന്നും ഐഎംഎ ആവശ്യമുന്നയിച്ചിരുന്നു.

Content Highlights: IMA Reveals 719 Doctors Passed Away In 2nd COVID Wave