ന്യൂഡല്‍ഹി: അഖിലേന്ത്യ സര്‍വീസുകളുടെ ഗണത്തിലേക്ക് ഇന്ത്യന്‍ മെഡിക്കല്‍ സര്‍വീസ് കൂടി ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ്, ഇന്ത്യന്‍ പോലീസ് സര്‍വീസ്, ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് തുടങ്ങിയവയാണ്‌ അഖിലേന്ത്യ സര്‍വീസു(ആള്‍ ഇന്ത്യ സര്‍വീസസ്)കളില്‍ ഉള്‍പ്പെടുന്നത്. 

ഇന്ത്യന്‍ മെഡിക്കല്‍ സര്‍വീസിനെ അഖിലേന്ത്യ സര്‍വീസുകളില്‍ ഉള്‍പ്പെടുത്തുന്നതോടെ ആരോഗ്യമേഖലയില്‍ വലിയ മാറ്റം കൊണ്ടുവരാന്‍ സാധിക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പറയുന്നു. ആരോഗ്യ ഭരണനിര്‍വഹണത്തില്‍ ഒരു വലിയ മാറ്റത്തിന്റെ ആവശ്യകതയുണ്ടെന്നാണ് ഐഎംഎ പറയുന്നത്. ഇത് ഒരു പുതിയ അഡ്മിനിസ്‌ട്രേറ്റീവ് കേഡര്‍ രൂപവത്കരിക്കുന്നിലൂടെ യാഥാര്‍ഥ്യമാക്കാന്‍ സാധിക്കും. 

ജില്ലാ മെഡിക്കല്‍ ഓഫീസര്‍, വിവിധ രോഗനിയന്ത്രണ പരിപാടികളുടെ പ്രൊജക്ട് ഓഫീസര്‍, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെയും സംസ്ഥാന ആരോഗ്യ വകുപ്പിലെയും വിവിധ സെക്രട്ടറിമാര്‍, ആരോഗ്യമേഖലയിലെ മറ്റെല്ലാ മേഖയിലെയും തലവന്‍മാര്‍ തുടങ്ങിയ ഭരണപരമായ കടമകള്‍ വഹിക്കേണ്ടത് ഐഎംഎസ് ആയിരിക്കണം. എം.ബി.ബി.എസ് ആയിരിക്കണം ഐ.എം.എസ്. പരീക്ഷയ്ക്ക് ഹാജരാകാനുള്ള അടിസ്ഥാന യോഗ്യത. -ഐ.എം.എ. ദേശീയ പ്രസിഡന്റ് ഡോ. രാജന്‍ ശര്‍മ പറഞ്ഞു. 

കോവിഡ് ഇതര പരിചരണത്തിന് തുല്യപ്രാധാന്യം നല്‍കികൊണ്ടുള്ള കോവിഡാനന്തര ആരോഗ്യപരിപാലന പദ്ധതി ഉടന്‍ ആവിഷ്‌കരിക്കേണ്ടതുണ്ടെന്നും ഡോ. രാജന്‍ ശര്‍മ പറഞ്ഞു. കോവിഡ് പ്രതിസന്ധിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുമായി അടുത്ത് പ്രവര്‍ത്തിച്ച ഐഎംഎ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇന്‍ഷുറന്‍സ്, അക്രമ വിരുദ്ധ ഓര്‍ഡിനന്‍സ്, എംഎസ്എംഇയില്‍ ക്ലിനിക്കുകള്‍, നഴ്‌സിങ് ഹോമുകള്‍, ഹോസ്പിറ്റലുകള്‍ എന്നിവ ഉള്‍പ്പെടുത്തുക, ടെസ്റ്റിങ് പോളിസി ഭേദഗതി, തൊഴിലിടത്തില്‍ പിപിഇ കിറ്റ്, കെയര്‍ഗിവര്‍മാര്‍ക്കുള്ള ക്വാറന്റീന്‍ പോളിസി, പ്ലാസ്മ തെറാപ്പി തുടങ്ങി നിരവധി വിഷയങ്ങളില്‍ ഇടപെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

Content Highlights:IMA demands setting up of all-India Medical Services