ജമ്മു: കശ്മീരിലെ സാഹോദര്യം തകര്‍ക്കാനാണ് ബിജെപിയുടെയും ആര്‍എസ്എസിന്റെയും ശ്രമമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബിജെപി നേതൃത്വം ജമ്മു കശ്മീരിനെ ദുര്‍ബലപ്പെടുത്തി. കേന്ദ്രം എടുത്തകളഞ്ഞ സംസ്ഥാന പദവി ജമ്മു കശ്മീര്‍ തിരിച്ചുപിടിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. രണ്ട് ദിവസത്തെ കശ്മീര്‍ സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു. 

താനൊരു കശ്മീരി പണ്ഡിറ്റാണ്. തന്റെ കുടുംബവും കശ്മീരി പണ്ഡിറ്റാണ്. മാതാപിതാക്കള്‍ക്കും ജമ്മു കശ്മീരുമായി ദീര്‍ഘകാലത്തെ ബന്ധമുണ്ട്. മാതാ വൈഷ്‌ണോദേവി ക്ഷേത്രം സന്ദര്‍ശിച്ചതിന് പിന്നാലെ സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയതു പോലെയാണ് അനുഭവപ്പെടുന്നതെന്നും രാഹുല്‍ പറഞ്ഞു. 

ഇന്നു രാവിലെ കശ്മീരി പണ്ഡിറ്റുകളുടെ പ്രതിനിധി സംഘം തന്നെ വന്നുകണ്ടിരുന്നു. മുമ്പ് കോണ്‍ഗ്രസ് അവര്‍ക്കായി നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയതായും എന്നാല്‍ അധികാരത്തിലെത്തിയ ശേഷം ബിജെപി യാതൊന്നും ചെയ്തിട്ടില്ലെന്നും അവര്‍ പറഞ്ഞു. കശ്മീര്‍ സഹോദരങ്ങള്‍ക്കായി ചെയ്യാനാകുന്നതെല്ലാം ചെയ്യുമെന്ന് ഉറപ്പുനല്‍കുന്നതായും രാഹുല്‍ വ്യക്തമാക്കി. 

കശ്മീരിന് തന്റെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനമുണ്ട്. എന്നാല്‍ ഹൃദയം ഇപ്പോള്‍ വേദനിക്കുന്നു. ജമ്മുകശ്മീരില്‍ ഒരു സഹോദര്യമുണ്ടായിരുന്നു. ബിജെപിയും ആര്‍എസ്എസും ഈ സഹോദര്യ ബന്ധം തകര്‍ക്കാനാണ് ശ്രമിക്കുന്നത്. ബിജെപി നേതൃത്വം ജമ്മുകശ്മീരിനെ ദുര്‍ബലപ്പെടുത്തി. കേന്ദ്രം കവര്‍ന്നെടുത്ത നിങ്ങളുടെ സംസ്ഥാനപദവി തിരിച്ചുപിടിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. 

content highlights: Im a Kashmiri Pandit, feel at home after Vaishno Devi visit, says Rahul