ഭോപ്പാല്‍: മധ്യപ്രദേശില്‍ ആള്‍ക്കൂട്ട ആക്രമണത്തിനിരയായി ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളുടെ അനധിക്യത നിർമ്മാണങ്ങൾ പൊളിച്ച് ജില്ലാ ഭരണക്കൂടം. ആദിവാസിയായ യുവാവിനെ മോഷ്ടാവെന്ന് ആരോപിച്ച് ട്രക്കില്‍ കെട്ടി വലിച്ച സംഘത്തിലുള്ളവരുടെ വീടുകളാണ് ജില്ലാ ഭരണക്കൂടം പൊളിച്ചു മാറ്റിയത്. ജെ.സി.ബിയും മറ്റും ഉപയോഗിച്ചായിരുന്നു നടപടി. 

ആദിവാസിയായ കാനഹയ്യലാല്‍ ഭീലാലാനെ മോഷ്ടാവെന്ന് ആരോപിച്ചാണ് ആള്‍ക്കൂട്ടം ട്രക്കിൽ കെട്ടി വലിച്ചത്. കാലില്‍ കയര്‍ കുരുക്കിയായിരുന്നു ട്രക്കിൽ കെട്ടി വലിച്ചത്. തന്നെ വെറുതെ വിടാന്‍ അപേക്ഷിച്ചിട്ടും പ്രതികൾ ക്രൂരത തുടരുകയായിരുന്നു. ഇതിന് ശേഷം കള്ളനെ പിടികൂടിയെന്ന് ആരോപിച്ച് പോലീസിൽ വിളിച്ചറിയിക്കുകയും ചെയ്തു. 

തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ പോലീസ് കാനഹയ്യാലാലിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. യുവാവിനെ കെട്ടിവലിക്കുന്ന ദ്യശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കേസില്‍ എട്ടോളം പ്രതികളെ തിരിച്ചറിഞ്ഞ പോലീസ് അഞ്ചു പേരേ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Content Highlights: illegal constructions of accused in madhyapradesh incident demolished