ചെന്നൈ: മദ്രാസ് ഐഐടി വിദ്യാര്‍ഥി ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് എന്തുകൊണ്ട് സിബിസിഐഡിക്ക് കൈമാറുന്നില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഫാത്തിമ ലത്തീഫിന്റേത് ഉള്‍പ്പെടെ മദ്രാസ് ഐഐടിയിലെ ദുരൂഹ മരണങ്ങള് സിബിഐ അന്വേഷിക്കണമെന്ന ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം.
എന്നാല്‍ ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും നിലവില്‍ സിബിസിഐഡിയുടെ അന്വേഷണം ആവശ്യമില്ലെന്നുമായിരുന്നു തമിഴ്നാട് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
മദ്രാസ് ഐഐടിയില്‍ 2006 മുതല്‍ നടന്ന ആത്മഹത്യകളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാദളാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ഫാത്തിമയുടെ മരണത്തില്‍ തമിഴ്നാട് പോലീസ് നടത്തുന്ന അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിക്കുന്ന ഹര്‍ജിയില്‍, വിദ്യാര്‍ഥി ആത്മഹത്യകള്‍ തടയുന്നതിനുള്ള നടപടികള്‍ക്ക് ഐ.ഐ.ടി. അധികൃതര്‍ തയ്യാറാകുന്നില്ലെന്നും പറയുന്നു.
ലോക് താന്ത്രിക് യുവജനതാദളിനുവേണ്ടി ദേശീയ പ്രസിഡന്റ് സലീം മടവൂരാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഐ.ഐ.ടി. അധികൃതര്‍ക്ക് ഉന്നത സ്വാധീനമുള്ളതിനാല്‍ ലോക്കല്‍ പോലീസ് നീതിപൂര്‍വമായി അന്വേഷണം നടത്തുമെന്ന വിശ്വാസമില്ലെന്നും അതിനാല്‍ സി.ബി.ഐ. അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. 2015-ല്‍നടന്ന സമാനമായ സംഭവത്തില്‍ സുപ്രീംകോടതി സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഫാത്തിമയുടെ മരണത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് എന്‍.എസ്.യു. സമര്‍പ്പിച്ച ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.
Content Highlights: iit madras student fathima latheef death; madras highcourt asks why this case not hand over to cbcid
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..