ചെന്നൈ: മോശം കാലാവസ്ഥ മൂലം ഫോട്ടോ പ്രിന്റുകള്‍ക്കോ, ദൃശ്യങ്ങള്‍ക്കോ നാശം സംഭവിച്ചിട്ടുണ്ടോ? മാഞ്ഞുപോയതോ അവ്യക്തമായതോ അടക്കം നാശം സംഭവിച്ച ചിത്രങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കിയെടുക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത് ഐഐടി സംഘം ഡോ.എ.എന്‍.രാജഗോപാലിന്റെ നേതൃത്വത്തിലുള്ള മദ്രാസ് ഐഐടി സംഘമാണ് ആര്‍ട്ടിഫിഷ്യല്‍ ന്യൂറല്‍ നെറ്റ് വര്‍ക്കിന്റെ സാധ്യത ഉപയോഗപ്പെടുത്തി നാശം സംഭവിച്ച ചിത്രങ്ങള്‍ വീണ്ടെടുക്കുന്ന പുത്തന്‍ സാങ്കേതിക വിദ്യയ്ക്ക് പിന്നില്‍. 

മഴ അടക്കമുള്ളവ മൂലം നാശം സംഭവിച്ച ദൃശ്യങ്ങള്‍ വൃത്തിയാക്കുകയും മാഞ്ഞുപോയ ഭാഗങ്ങള്‍ വീണ്ടെടുക്കുകയും ചെയ്യുന്ന സാങ്കേതിക വിദ്യയാണ് മദ്രാസ് ഐഐടിയിലെ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്‌ വിഭാഗത്തിലെ സാറ്റലൈറ്റ് ടെക്‌നോളജി ചെയര്‍ പ്രൊഫസായ ഡോ.എ.എന്‍. രാജഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം വികസിപ്പിച്ചത്. അദ്ദേഹത്തോടൊപ്പം മൈത്രേയ സുയിന്‍, കുല്‍ദീപ് പുരോഹിത് എന്നിവരും സാങ്കേതിക വിദ്യയുടെ വികസനത്തിനായി പ്രവര്‍ത്തിച്ചു.

 നാശം സംഭവിച്ച സിസിടിവി ഫുട്ടേജുകള്‍, നിരീക്ഷണ കാമറകള്‍ പകര്‍ത്തിയ ചിത്രങ്ങള്‍, മോശം കാലാവസ്ഥയുള്ള സ്ഥലത്തെ ചിതങ്ങള്‍ വ്യക്തതയോടെ വീണ്ടെടുക്കാന്‍  ഈ സാങ്കേതിക വിദ്യക്ക് കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്. 

ചിത്രങ്ങള്‍ വീണ്ടെടുക്കുന്നതിനായി ആര്‍ട്ടിഫിഷ്യല്‍ ന്യൂറല്‍ ഗ്രൂപ്പുകളുടെ നെറ്റ്‌വര്‍ക്കാണ് പുത്തന്‍ സാങ്കേതിക വിദ്യയില്‍ ഉപയോഗിക്കുന്നത്. ഒരൊറ്റ ന്യൂറല്‍ നെറ്റ് വര്‍ക്ക് ഉപയോഗിച്ച് നാശം സംഭവിച്ച ഭാഗം പുനഃസ്ഥാപിക്കുന്നത് അസാധ്യമാണ്. രണ്ട് ഘട്ടങ്ങളിലായാണ് ഈ സാങ്കേതിക വിദ്യയിലൂടെ ചിത്രങ്ങള്‍ വീണ്ടെടുക്കുന്നത്. ആദ്യഘട്ടത്തില്‍ ന്യൂറല്‍ നെറ്റ് വര്‍ക്ക് നാശം സംഭവിച്ച ഭാഗം തിരിച്ചറിയുകയും രണ്ടാം ഘട്ടത്തില്‍ അതിനെ പൂര്‍വസ്ഥിതിയിലാക്കിയെടുക്കാനും ചെയ്യും. 

നിരീക്ഷണങ്ങള്‍ക്കായി പകര്‍ത്തുന്ന ദൃശ്യങ്ങള്‍ വീണ്ടെടുക്കുന്നതാണ്‌ ഗവേഷകര്‍ പുത്തന്‍ സാങ്കേതികവിദ്യയിലൂടെ ലക്ഷം വെച്ചിരിക്കുന്നതെങ്കിലും  ഉടന്‍ തന്നെ പ്രിന്റ് എടുത്ത ചിത്രങ്ങളിലെ അടക്കം കേടുപാടുകള്‍ മായ്ച്ച് പൂര്‍വസ്ഥിതിയിലാക്കാന്‍ ഇതിലൂടെ വൈകാതെ കഴിയുമെന്നാണ് സംഘം പ്രതീക്ഷ പങ്കുവെക്കുന്നത്‌.

Content Highlights: IIT Madras Team Develop AI To Restore Old, Damaged Photos To New