സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്ന ഗോവ ഐഐടിയുടെ ചോദ്യപേപ്പർ | Screenshot|twitter.com|RajanKarna
ഗോവ: ചോദ്യപേപ്പറില്‍ നല്‍കിയിരിക്കുന്ന ചോദ്യങ്ങള്‍ക്ക് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ കൃത്യമായി ഉത്തരം എഴുതുക എന്ന പരമ്പരാഗത പരീക്ഷാസമ്പ്രദായത്തിന് വെല്ലുവിളി ഉയര്‍ത്തിയ ഒരുകാലഘട്ടമാണ് കടന്നുപോകുന്നത്. കോവിഡ് പ്രതിസന്ധിയില്‍ പരീക്ഷകള്‍ റദ്ദാക്കാന്‍ നിര്‍ബന്ധിതരായതോടെ വ്യത്യസ്ത മൂല്യനിര്ണയരീതിയിലേക്ക് വിദ്യാഭ്യാസമേഖലയ്ക്ക് കടക്കേണ്ടതായി വന്നു. പരീക്ഷയുടെ സാമ്പ്രദായികരീതിയില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നു. അത്തരത്തില്‍ ഗോവയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വിദ്യാര്‍ഥികളെ വിലയിരുത്തുന്നതിനായി സ്വീകരിച്ച രീതി സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്.
അവസാന സെമസ്റ്ററിലെ അനലോഗ് സര്‍ക്യൂട്ടിന്റെ ചോദ്യപേപ്പറാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് നല്കിയിട്ടുളള ലെക്ചര്‍ മറ്റീരിയലില്‍ നിന്ന് അറുപത് മാര്‍ക്കിനുളള ചോദ്യങ്ങള്‍ തയ്യാറാക്കുക എന്നതാണ് എഴുപത് മാര്‍ക്കിന്റെ ചോദ്യപേപ്പറിലെ ആദ്യ ചോദ്യം.
കോഴ്സിനെ കുറിച്ച് വിദ്യാര്‍ഥികള്‍ മനസ്സിലാക്കിയത് അതില്‍ പ്രതിഫലിക്കണം. രണ്ടുമണിക്കൂറിനുളളില്‍ എഴുതി പൂര്‍ത്തിയാക്കണം. സുഹൃത്തുക്കളുമായി ചര്‍ച്ച ചെയ്യരുത്. ഉത്തരങ്ങളില്‍ സാമ്യത കണ്ടാല്‍ അത് നിങ്ങളുടെ സ്കോര്‍ കുറയ്ക്കുമെന്നും ആദ്യ ചോദ്യത്തില്‍ പറയുന്നു. 30 മാര്‍ക്കിന്റേതാണ് ഈ ചോദ്യം.
40 മാര്‍ക്കിന്റെ രണ്ടാമത്തെ ചോദ്യത്തില്‍ വിദ്യാര്‍ഥി തന്നെ തയ്യാറാക്കിയ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്നുമണിക്കൂറാണ് പരീക്ഷയ്ക്ക് ആകെ നല്‍കിയിരിക്കുന്ന സമയം.
തികച്ചും വ്യത്യസ്തമായ രീതിയില്‍ ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകനെ പ്രശംസകള്കൊണ്ട് പൊതിയുകയാണ് സാമൂഹിക മാധ്യമങ്ങള്‍.
' ഹോ! എന്തൊരു പരീക്ഷ, നിങ്ങള്‍ സ്വയം ചോദ്യം തയ്യാറാക്കുകയും അതിന് ഉത്തരം എഴുതുകയും ചെയ്യുക. വിദ്യാര്‍ഥികളെ വിലയിരുത്തതിനായി തികച്ചും അതുല്യമായ ഒരു മാര്‍ഗമാണ് ഐഐടി ഗോവ കണ്ടെത്തിയിരിക്കുന്നത് എന്ന് പറയാതെ വയ്യ. ഉത്തരം എഴുതേണ്ട ചോദ്യങ്ങള്‍ തിരഞ്ഞെടുക്കാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്കുമ്പോള് അത് അത്ര എളുപ്പമല്ല.' - ട്വിറ്റര്‍ ഉപയോക്താവായ രാജന് കര്‍ണ ട്വീറ്റ് ചെയ്യുന്നു.
Content Highlights: IIT Goa's question paper is going viral on Twitter.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..