മുംബൈ: ധൈര്യമുണ്ടെങ്കില്‍ മഹാരാഷ്ട്രാ സര്‍ക്കാരിനെ അട്ടിമറിക്കൂവെന്ന വെല്ലുവിളിയുമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മുംബൈയില്‍ ശിവസേന സംഘടിപ്പിച്ച ദസറാ റാലിയെ അഭിസംബോധന ചെയ്യവേയാണ് ഉദ്ധവ് എതിരാളികളെ വെല്ലുവിളിച്ചത്.
'സംസ്ഥാന സര്‍ക്കാരിനെ മറിച്ചിടുമെന്ന ഭീഷണികള്‍ മുഖ്യമന്ത്രിയായ ദിവസം മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ്. എന്നാല്‍ ഇപ്പോള്‍ ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഞാനിപ്പോള്‍ വെല്ലുവിളിക്കുകയാണ്. ധൈര്യമുണ്ടെങ്കില്‍ അത് ചെയ്തുകാണിക്കൂ' - ഉദ്ധവ് പറഞ്ഞു.
സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ തുറക്കാത്തത് എന്തുകൊണ്ടാണെന്ന് അവര്‍ ചോദിക്കുന്നു. ഹിന്ദുത്വം മുന്‍നിര്‍ത്തി ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. ബാലാസാഹെബ് താക്കറെ ഉയര്‍ത്തിക്കാട്ടിയതില്‍നിന്ന് വ്യത്യസ്തമാണ് ഹിന്ദുത്വമെന്ന് പറയുന്നു. നിങ്ങളുടെ ഹിന്ദുത്വം മണി മുഴക്കുന്നതും പാത്രം കൊട്ടുന്നതുമാണ്. തങ്ങളുടെ ഹിന്ദുത്വം അത്തരത്തില്‍ ഉള്ളതല്ലെന്നും ഉദ്ധവ് താക്കറെ പരിഹസിച്ചു.
മഹാരാഷ്ട്രാ സര്‍ക്കാര്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. 25 വര്‍ഷം തങ്ങള്‍ അധികാരത്തില്‍ തുടരും. ഇനിമുതല്‍ എല്ലാ 'മഹാ' ആയിരിക്കും. മഹാ അഖാഡി, മഹാരാഷ്ട്രാ എന്നിങ്ങനെ. ഈ 'മഹാ' ഡല്‍ഹിയിലേക്ക് വ്യാപിച്ചാലും അത്ഭുതപ്പെടേണ്ടതില്ല. ഈ വര്‍ഷം സംസ്ഥാനത്ത് ശിവസേന മുഖ്യമന്ത്രി ഉണ്ടായിരിക്കുമെന്ന് കഴിഞ്ഞ വര്‍ഷംതന്നെ ഞാന്‍ പറഞ്ഞതാണ്. ഇപ്പോള്‍ എന്തായി ? - ശിവസേനയുടെ ദസറ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സഞ്ജയ് റാവത്ത് ചോദിച്ചു.
Content Highlights: If you have courage, topple Maharashtra government - Udhav Thackeray