-
ന്യൂഡല്‍ഹി: ഒരാളെ വേദനിപ്പിച്ചാൽ ക്ഷമ ചോദിക്കുന്നതില്‍ തെറ്റെന്താണെന്ന് പ്രശാന്ത് ഭൂഷനോട് ജസ്റ്റിസ് അരുണ്‍ മിശ്ര. സുപ്രീം കോടതിയെയും ചീഫ് ജസ്റ്റിസിനെയും വിമര്‍ശിച്ചതിന് മാപ്പു ചോദിക്കാന്‍ തയ്യാറല്ലെന്ന പ്രശാന്ത് ഭൂഷന്റെ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു ജസ്റ്റിസ് മിശ്ര. വളരെ വൈകാരികമായിട്ടായിരുന്നു അറ്റോര്‍ണി ജനറലിന്റെ അഭിപ്രായങ്ങളോട് ജസ്റ്റിസ് മിശ്ര പ്രതികരിച്ചത്.
'എത്ര കാലം ഈ സംവിധാനം ഇതെല്ലാം സഹിക്കും? കുറച്ചു ദിവസത്തിനുളളില്‍ ഞാന്‍ വിരമിക്കുകയാണ്. താങ്കളോ, മറ്റുളളവരോ എന്നെ ആക്രമിക്കാന്‍ തുടങ്ങുന്നത് തൃപ്തികരമാണോ? വിരമിച്ച ജഡ്ജിമാര്‍ക്കെതിരെ നിങ്ങള്‍ക്ക് എന്തും പറയാന്‍ കഴിയുമെന്ന് എന്തു കൊണ്ട് പറയണം?'
പ്രശാന്ത് ഭൂഷണില്‍നിന്ന് മറ്റൊരു പ്രസ്താവനയാണ് പ്രതീക്ഷിച്ചതെന്ന് പറഞ്ഞ കോടതി ട്വീറ്റുകള്‍ക്ക് പ്രശാന്ത് ഭൂഷണ് നല്കിയ ന്യായീകരണങ്ങള്‍ വായിക്കുന്നത് വേദനാജനകമാണെന്നും അഭിപ്രായപ്പെട്ടു. 'അത് തികച്ചും അനുചിതമാണ്. 30 വര്‍ഷത്തില്‍ കൂടുതല്‍ അനുഭവപരിചയമുളള പ്രശാന്ത് ഭൂഷണെപ്പോലെയുളള മുതിര്‍ന്ന അഭിഭാകര്‍ പെരുമാറേണ്ടത് ഇപ്രകാരമല്ല. ഇങ്ങനെ പെരുമാറുന്നത് പ്രശാന്ത് ഭൂഷണ് മാത്രല്ല, ഈ പെരുമാറ്റം സാധാരണമായിക്കഴിഞ്ഞു.' കോടതി അഭിപ്രായപ്പെട്ടു.
ഇനി ആവര്‍ത്തിക്കരുതെന്ന താക്കീത് നല്കി പ്രശാന്ത് ഭൂഷണെ വിട്ടയയ്ക്കണമെന്ന അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലിന്റെ അഭിപ്രായത്തോട് തെറ്റു ചെയ്തിട്ടില്ലെന്ന് വിശ്വസിക്കുന്ന ഒരാളോട് എങ്ങനെയാണ് അങ്ങനെ പറയാനാവുക എന്നായിരുന്നു കോടതിയുടെ മറുപടി. 'താന്‍ ചെയ്തത് ഒരു തെറ്റാണെന്ന് അദ്ദേഹം കരുതുന്നില്ല. അദ്ദേഹം മാപ്പ് പറഞ്ഞിട്ടില്ല. ആളുകള്‍ക്ക് തെറ്റുകള്‍ സംഭവിക്കും. പക്ഷേ ഇവിടെ അദ്ദേഹം ചിന്തിക്കുന്നത് അദ്ദേഹം ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ്. ഒരാള്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ചിന്തിക്കുമ്പോള്‍ എന്താണ് ചെയ്യാനാവുക? അദ്ദേഹം വിശ്വസിക്കുന്നത് ഞാനൊരു തെറ്റും ചെയ്തിട്ടില്ലെന്നാണെങ്കില് പിന്നെങ്ങനെയാണ് താക്കീത് നല്കാന് സാധിക്കുക?'
പ്രശാന്ത് ഭൂഷന്റെ പ്രതികരണത്തെ പരിഗണിക്കേണ്ടതില്ലെന്ന അറ്റോര്‍ണി ജനറലിന്റെ അപേക്ഷയോടും കോടതി പ്രതികരിച്ചു.' ഞങ്ങള്‍ക്ക് എങ്ങനെ കഴിയാതിരിക്കും, അദ്ദേഹത്തിന്റെ പ്രതികരണം ഞങ്ങള്‍ പരിഗണിച്ചിട്ടില്ലെന്ന് എല്ലാവരും ഞങ്ങളെ വിമര്‍ശിക്കുന്നു. അത് ഞങ്ങളെ സംബന്ധിച്ച് കൂടുതല്‍ അപകീര്‍ത്തികരമാണ്. ഇപ്പോള്‍ ഞങ്ങള്‍ അത് നീക്കം ചെയ്താല്‍, ഇത് ഞങ്ങള്‍ സ്വയം നീക്കം ചെയ്തതായി ഞങ്ങളെ കുററപ്പെടുത്തും. കേസുകള്‍ക്ക് നല്കുന്ന മുന്‍ഗണനയെ സംബന്ധിച്ചുവരെ പ്രതികൂലമായ അഭിപ്രായമാണ് പറയുന്നത്. അയോധ്യ കേസ് വിമര്‍ശിക്കപ്പെട്ടു. ചുമതലയുളള അല്ലെങ്കില്‍ വിരമിച്ച ഏത് ജഡ്ജിയാണ് ഇതില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുളളത്.' കോടതി ചോദിച്ചു.
എന്നാല്‍ കടുത്ത വിമര്‍ശനങ്ങള്‍ കേള്‍ക്കാന്‍ സുപ്രീം കോടതി തയ്യാറാകണമെന്ന് പ്രശാന്ത് ഭൂഷണിന്റെ അഭിഭാഷകന് രാജീവ് ധവാന് പറഞ്ഞു. കൊല്‍ക്കത്തയില്‍ എല്ലാ ജഡ്ജിമാരും അഴിമതിക്കാരാണെന്ന് പറഞ്ഞ മമത ബാനര്‍ജിയെ കല്‍ക്കട്ട ഹൈക്കോടതി ജഡ്ജിയിരിക്കെ വെറുതെ വിട്ട ജസ്റ്റിസ് മിശ്രയുടെ തന്നെ നടപടിയെ അദ്ദേഹം ഓര്‍മിപ്പിക്കുകയും ചെയ്തു.
Content Highlights:'If you are hurting someone then what is wrong in apologizing': Supreme Court.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..