ന്യൂഡല്‍ഹി: ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്ന പക്ഷം കോവിഡിന്റെ മൂന്നാംതരംഗത്തെ തടയാനാകുമെന്ന് കേന്ദ്രസര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ അഡൈ്വസര്‍ കെ. വിജയരാഘവന്‍. ഡല്‍ഹിയില്‍ ആരോഗ്യമന്ത്രാലയത്തിന്റെ വാര്‍ത്താmസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ശക്തമായ നടപടികള്‍ സ്വീകരിക്കുകയാണെങ്കില്‍ രാജ്യത്ത് ഒരിടത്തും കോവിഡ് മൂന്നാംതരംഗം സംഭവിക്കാതിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രാദേശികതലം, ജില്ലകള്‍, സംസ്ഥാനങ്ങള്‍ തുടങ്ങി എല്ലായിടത്തും എത്രത്തോളം ഫലപ്രദമായി പ്രതിരോധം നടപ്പാക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ഇതെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു. 

രാജ്യത്ത് കോവിഡിന്റെ മൂന്നാംതരംഗം തീര്‍ച്ചയായും സംഭവിക്കുമെന്ന് കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. 

അതേസമയം മഹാരാഷ്ട്ര, കര്‍ണാടക, കേരളം, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, തമിഴ്‌നാട്, ഛത്തീസ്ഗഢ്, പശ്ചിമ ബെംഗാള്‍, ഹരിയാണ, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ കേസ് ലോഡ് വളരെ കൂടുതലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി ആരതി അഹൂജ പറഞ്ഞു. 18-നും 44-നും ഇടയില്‍ പ്രായമുള്ള 11.81 ലക്ഷം പേര്‍ക്ക് ഇതിനോടകം കോവിഡ് വാക്‌സിന്റെ ഒന്നാം ഡോസ് നല്‍കി. 16.50 കോടി ഡോസ് വാക്‌സിനാണ് ഇതുവരെ എല്ലാ വിഭാഗത്തിലും പെട്ടവര്‍ക്കായി നല്‍കിയതെന്നും ആരതി കൂട്ടിച്ചേര്‍ത്തു.

content highlights:If we take strong measures, the third wave may not happen- k vijayaraghavan