ന്യൂഡല്‍ഹി: ബിജെപിയെ ഉത്തര്‍പ്രദേശില്‍ പരാജയപ്പെടുത്താനായാല്‍ അത് രാജ്യമെമ്പാടും ആവര്‍ത്തിക്കാനാകുമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. എന്‍ഡിടിവിയുടെ യൂത്ത് കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശാലപ്രതിപക്ഷ സഖ്യത്തിന്റെ നേതാവിനെ തിരഞ്ഞെടുപ്പിന് ശേഷം തങ്ങള്‍ തീരുമാനിക്കുമെന്നും ബിജെപിയെ ഭരണത്തില്‍ നിന്ന് താഴെയിറക്കുമെന്ന് ഉറപ്പാണെന്നും അഖിലേഷ് പറഞ്ഞു.

അഖിലേഷിന്റെ വാക്കുകള്‍...

  • രാജ്യത്ത് 50 വര്‍ഷത്തേക്ക് ഭരണം തുടരുമെന്ന് പറയുന്നവരോട് (ബിജെപിയോട്), 50 വര്‍ഷം എന്നത് മറന്നേക്കൂ. നിങ്ങള്‍ക്കെതിരായ വിധി ജനങ്ങള്‍ 50 ആഴ്ച്ചയ്ക്കുള്ളില്‍ കുറിക്കും.
  • തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഞങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു. രാഷ്ട്രീയസംവിധാനങ്ങള്‍ മറയായി നില്‍ക്കുന്നിടത്ത് കമ്മീഷന് സുതാര്യമാകാന്‍ ആവുന്നില്ല.
  • ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടി പരാജയപ്പെട്ടത് ആര്‍എസ്എസ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാണ്. 
  • നമ്മുടെ രാഷ്ട്രീയപാര്‍ട്ടികളെ മാത്രമല്ല രാജ്യത്തെയാകെ രക്ഷിക്കാനും നമ്മള്‍ ആര്‍എസ്എസില്‍ നിന്ന് അകലം പാലിച്ചേ മതിയാവൂ
  • ജാതിയുടെയും മതത്തിന്റെയും പേര് പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. അതുകൊണ്ടാണ് ഞാന്‍ അവരെ എതിര്‍ക്കുന്നത്.
  • ഉത്തര്‍പ്രദേശില്‍ ബിജെപിയെ തളയ്ക്കാനായാല്‍ രാജ്യമെമ്പാടും അവരുടെ തേരോട്ടം തടയാനാകുമെന്ന് എനിക്കുറപ്പാണ്.
  • യുവാക്കളെ രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും പേരില്‍ തമ്മില്‍ത്തല്ലിച്ചുകൊണ്ടിരുന്നാല്‍ അവര്‍ ഒരിക്കലും ജോലിയെയും വരുമാനത്തെയും കുറിച്ച് ചോദിക്കില്ല. ഇതാണ് ബിജെപി പയറ്റുന്ന തന്ത്രം

content highlights: BJP, Samajvadi Party, Akhilesh Yadav, Election 2019