ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ രാജ്യത്തെ സഹായിച്ചത് ജനങ്ങളുമായി ഹിന്ദിയില്‍ ശരിയായ വിധത്തില്‍ സംവദിക്കാന്‍ പ്രധാനമന്ത്രിക്ക് സാധിച്ചതാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഹിന്ദി ഭാഷ ഇന്ത്യയുടെ സാംസ്‌കാരിക ബോധത്തിന്റെയും ദേശീയ ഐക്യത്തിന്റെയും അടിത്തറയാണെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബര്‍ 14 ഹിന്ദി ഭാഷാ ദിവസമായി ആചരിക്കുന്ന സാഹചര്യത്തിലാണ് അമിത് ഷായുടെ പ്രസ്താവന.

കോവിഡ് പ്രതിരോധത്തില്‍ മറ്റു രാജ്യങ്ങളേക്കാള്‍ മികച്ച രീതിയില്‍ പ്രകടനം കാഴ്ചവെക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. കേന്ദ്രസര്‍ക്കാരിനൊപ്പം സംസ്ഥാന സര്‍ക്കാരുകളും ജനങ്ങളും ഒരുമിച്ചുനിന്ന് പോരാടിയതാണ് കോവിഡിനെ തോല്‍പിക്കാന്‍ സഹായിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി 35 തവണ രാജ്യത്തെ ജനങ്ങളോടും സംസ്ഥാനങ്ങളോടും ഹിന്ദിയില്‍ സംസാരിച്ചതാണ് ഈ നേട്ടത്തിന് ഇടയാക്കിയത്. അത് കോവിഡിനെ ചെറുക്കാനുള്ള അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിച്ചു, അമിത് ഷാ പറഞ്ഞു.

ഇന്ത്യയ്ക്ക് എണ്ണമറ്റ ഭാഷകളുണ്ട്, ഓരോന്നിനും സമ്പന്നമായ സംസാരഭാഷയും സാഹിത്യ പാരമ്പര്യവുമുണ്ട്. സ്വയം പര്യാപ്ത ഭാരതം എന്നാല്‍ സ്വന്തം ഭാഷയിലും രാജ്യം പര്യാപ്തമാവുകയെന്നാണെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. ഔദ്യോഗിക ഭാഷയായ ഹിന്ദി മാതൃഭാഷയ്‌ക്കൊപ്പം ഉപയോഗിക്കണമെന്ന് രാജ്യത്തെ ജനങ്ങളോട് താന്‍ ആവശ്യപ്പെടുകയാണെന്നും അമിത് ഷാ പറഞ്ഞു. 

പ്രധാനമന്ത്രി നരേന്ദ്രമോദി അന്താരാഷ്ട്ര വേദികളില്‍ പോലും ഹിന്ദിയില്‍ സംസാരിക്കുന്നു. അപ്പോള്‍ നാം എന്തിനാണ് ഹിന്ദി ഉപയോഗിക്കാന്‍ മടിക്കുന്നത്. ഹിന്ദി സംസാരിക്കുന്നത് ആശങ്കയായിരുന്ന ദിവസങ്ങള്‍ കഴിഞ്ഞു. എല്ലാ ഇന്ത്യന്‍ ഭാഷകളോടുമൊപ്പം ഹിന്ദിയുടെയും വികസനം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അമിത് ഷാ പറഞ്ഞു.

Content Highlights: If PM Can Speak Hindi Internationally...Amit Shah's Hindi Diwas Pitch