ന്യൂഡല്‍ഹി: വീടുകളില്‍ റേഷന്‍ എത്തിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി കേന്ദ്രസര്‍ക്കാര്‍ തടഞ്ഞതിന് പിന്നില്‍ റേഷന്‍ മാഫിയയുടെ സ്വാധീനമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍. ദരിദ്രരായവര്‍ക്ക് വേണ്ടിയുള്ളതും വിപ്ലവാത്മകരവുമായ പദ്ധതി ഡല്‍ഹിയില്‍ നടപ്പാക്കാന്‍ സാധിക്കാത്തതില്‍ കേന്ദ്രസര്‍ക്കാരിനെ കെജ്‍രിവാള്‍ കുറ്റപ്പെടുത്തി.പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് കേന്ദ്രസര്‍ക്കാര്‍ അതിന് അനുമതി നിഷേധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

കോവിഡ് വ്യാപനത്തിനിടയിലും പിസ്സ വീടുകളിലെത്തിക്കാന്‍ അനുമതിയുള്ള സ്ഥിതിയ്ക്ക് റേഷനും വീടുകളില്‍ എത്തിച്ചു നല്‍കാമെന്ന് കെജ്‍രിവാള്‍ പറഞ്ഞു. ആദ്യമായാണ് സംസ്ഥാനസര്‍ക്കാര്‍ റേഷന്‍ കരിഞ്ചന്ത തടയാന്‍ നടപടിയെടുത്തതെന്നും എന്നാല്‍ പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് തന്നെ അത് തടസ്സപ്പെടുത്താന്‍ മാത്രം ശേഷിയുള്ളവരാണ് റേഷന്‍ മാഫിയയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമപരമായി ആവശ്യമില്ലെങ്കിലും മര്യാദയുടെ പേരില്‍ അഞ്ച് തവണ കേന്ദ്രസര്‍ക്കാരിനോട് വീടുകളിലെ റേഷന്‍ വിതരണത്തിന് അനുമതി തേടിയതായും കെജ്‍രിവാള്‍ വ്യക്തമാക്കി. 

72 ലക്ഷത്തോളം കാര്‍ഡുടമകള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമായിരുന്നുവെന്നും ഓണ്‍ലൈന്‍ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. കോവിഡ് വിഷയത്തില്‍ സംസ്ഥാനങ്ങള്‍ക്ക് സഹായം ഉറപ്പാക്കുന്നതിന് പകരം കേന്ദ്രസര്‍ക്കാര്‍  രാഷ്ട്രീയക്കളി നടത്തുകയാണെന്നും പശ്ചിമബംഗാള്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളുടെ കാര്യം ചൂണ്ടിക്കാട്ടി കെജ്‍രിവാള്‍ കുറ്റപ്പെടുത്തി. പദ്ധതി നടപ്പാക്കാന്‍ തന്നെ അനുവദിച്ചാല്‍ അതിന്റെ മുഴുവന്‍ ഖ്യാതിയും പ്രധാനമന്ത്രിയ്ക്ക് നല്‍കാമെന്നും ഈ പദ്ധതിയ്ക്കുള്ള അനുമതിക്കായി ഡല്‍ഹിയിലെ മുഴുവന്‍ ജനങ്ങള്‍ക്ക് വേണ്ടി താന്‍ അപേക്ഷിക്കുന്നതായും കെജ് രിവാള്‍ അറിയിച്ചു. 

റേഷന്‍ വീടുകളിലെത്തിച്ചു നല്‍കാനുള്ള അനുമതി തേടിയുള്ള ഫയല്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മടക്കിയതായി ശനിയാഴ്ചയാണ് ഡല്‍ഹി സര്‍ക്കാര്‍ ആരോപിച്ചത്. എന്നാല്‍ ഈ ആരോപണം അടിസ്ഥാനരഹിതമാണെന്ന് കേന്ദ്രസര്‍ക്കാര്‍ പിന്നീട് അറിയിക്കുകയും ചെയ്തു. 

 

 

Content Highlights: If Pizza Can Be Delivered At Home, Why Not Ration Arvind Kejriwal