ഭോപ്പാല്‍: കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് എടുക്കാത്ത ജീവനക്കാര്‍ക്ക് ശമ്പളം ഇല്ലെന്ന ഉത്തരവ് പുറപ്പെടുവിച്ച് മുന്‍സിപ്പല്‍ കോര്‍പറേഷന്‍. മധ്യപ്രദേശിലെ ഉജ്ജയിന്‍ മുന്‍സിപ്പല്‍ കോര്‍പറേഷനാണ് ഇത്തരത്തില്‍ ഒരു ഉത്തരവ് പുറപ്പെടുവിച്ചത്. 

ഇതോടെ ചില ഓഫീസര്‍മാര്‍ ഉള്‍പ്പെടെ മുന്‍സിപ്പല്‍ കോര്‍പറേഷനിലെ മുപ്പത് ശതമാനത്തോളം ജീവക്കാര്‍ക്ക് ശമ്പളം ലഭിക്കില്ല. അതേസമയം കുത്തിവെപ്പ് എടുക്കേണ്ടത് സ്വന്തം താല്‍പര്യ പ്രകാരമാണെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിന് വിരുദ്ധമാണ് മുന്‍സിപ്പല്‍ കോര്‍പറേഷന്റെ ഉത്തരവ്. 

രണ്ടാംഘട്ടത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കോര്‍പറേഷന്‍ ജീവനക്കാരെ മുന്‍നിര പോരാളികളായി ഉള്‍പ്പെടുത്തുകയും വാക്‌സിന്‍ സ്വീകരിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. മറ്റ് പ്രതികൂല സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാനും അവരുടെ കുടുംബങ്ങള്‍ സുരക്ഷിതമായിരിക്കാനും വേണ്ടിയായിരുന്നു ഇത്- ഉജ്ജയിന്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ കമ്മിഷണര്‍ ക്ഷിതിജ് സിംഘാള്‍ പറഞ്ഞു. അവര്‍ക്ക് രോഗം പിടിപെടാനുള്ള സാധ്യത വളരെക്കൂടുതലാണ്. അതുകൊണ്ടു തന്നെ അവര്‍ രോഗം പടരാനുള്ള മാധ്യമമായി മാറാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1,600 ജീവനക്കാരുള്ള മുന്‍സിപ്പല്‍ കോര്‍പറേഷനിലെ 70 ശതമാനം ജീവനക്കാര്‍ മാത്രമാണ് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത്. അവശേഷിക്കുന്നവരില്‍ ചില ഓഫീസര്‍മാരുമുണ്ട്. ഒരു ഡോസ് വാക്‌സിന്‍ എങ്കിലും എടുത്തവര്‍ക്ക് മാത്രമേ മേയ് മാസത്തെ ശമ്പളം ലഭിക്കുകയുള്ളൂ- സിംഘാള്‍ കൂട്ടിച്ചേര്‍ത്തു.

content highlights: if not vaccinated, no salary- ujjain municipal corporation to employees