പാർലമെന്റില്‍ ചോദ്യങ്ങളുയർത്തി രാഹുലും ഖാർഗെയും; കടന്നാക്രമിച്ച് മോദി, അദാനിവിഷയത്തിൽ മറുപടിയില്ല


3 min read
Read later
Print
Share

പ്രധാനമന്ത്രി നരേന്ദ്രമോദി | Photo: PTI

ന്യൂഡല്‍ഹി: വ്യവസായി ഗൗതം അദാനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ബന്ധത്തില്‍ ആരോപണങ്ങളുയര്‍ത്തി തുടര്‍ച്ചയായ രണ്ടാം ദിവസവും പാര്‍ലമെന്റ് പ്രക്ഷുബ്ധമാക്കി പ്രതിപക്ഷം. രൂക്ഷമായ പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയത്തിന് വ്യാഴാഴ്ച രാജ്യസഭയിലും പ്രധാനമന്ത്രി മറുപടി പറഞ്ഞത്. സഭയുടെ നടുക്കളത്തിലറിങ്ങി 'മോദി-അദാനി ഭായി ഭായി' എന്ന മുദ്രാവാക്യത്തോടെയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. എന്നാല്‍ പ്രതിഷേധങ്ങളൊന്നും മുഖവിലക്കെടുക്കാതെയും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെയുമായിരുന്നു മോദിയുടെ പ്രസംഗം.

അദാനി-മോദി ബന്ധത്തില്‍ കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് യു.പി.എ. ഭരണകാലത്തെ അഴിമതി വിഷയങ്ങളുയര്‍ത്തി മറുപടി പറഞ്ഞ മോദി, ഇന്ന് രാജ്യസഭയിലും സമാനമായ നിലപാടാണ് സ്വീകരിച്ചത്. ഗാന്ധി കുടുംബത്തേയും നെഹ്‌റുവിനേയും കോണ്‍ഗ്രസ് ഭരണകാലത്തെ അവരുടെ പ്രവൃത്തികളേയും മോദി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. പ്രതിപക്ഷം എത്രമാത്രം ചെളി വാരിയെറിയുന്നുവോ അത്രമാത്രം കൂടുതല്‍ കരുത്തോടെ താമര വളരുമെന്നും അദ്ദേഹം പ്രതിപക്ഷത്തെ ഓര്‍മിപ്പിച്ചു.

എന്നാല്‍, അദാനി വിഷയത്തില്‍ രാഹുലും മറ്റ് പ്രതിപക്ഷാംഗങ്ങളും ഉയര്‍ത്തിയ ചോദ്യങ്ങളോട് ഇന്നും ഒരക്ഷരം പോലും പ്രതികരിക്കാന്‍ പ്രധാനമന്ത്രി തയ്യാറായില്ല. അദാനിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി (ജെ.പി.സി.) അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യത്തോടും മോദി മുഖം തിരിച്ചു.

ലോക്‌സഭയിലെ നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് സമാനമായി പ്രതിപക്ഷ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ രാജ്യസഭയിലും മോദി പ്രസംഗം തുടര്‍ന്നതോടെ പ്രതിഷേധവും കടുത്തു. പ്രസംഗം ശല്യപ്പെടുത്തുന്ന തരത്തിലേക്ക് മുദ്രാവാക്യം വിളി മാറിയതോടെ കോണ്‍ഗ്രസിനെതിരേയുള്ള വിമര്‍ശനം മോദിയും കടുപ്പിച്ചു. ആര് ബഹളം വച്ചാലും ജനം സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ശ്രദ്ധിക്കുമെന്നും വിവാദമല്ല വികസനമാണ് ചര്‍ച്ച ചെയ്യേണ്ടതെന്ന് പറഞ്ഞ മോദി 60 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണം ഇന്ത്യയെ നശിപ്പിച്ചുവെന്നും ബിജെപി സര്‍ക്കാര്‍ അത് പുനര്‍നിര്‍മിക്കുകയാണെന്നും സഭയില്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ ലക്ഷ്യം കുടുംബക്ഷേമം മാത്രമായിരുന്നു. രാജ്യം നേരിട്ട പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ കോണ്‍ഗ്രസിന് ഒരിക്കലും സാധിച്ചിട്ടില്ലെന്നും ഇനി കോണ്‍ഗ്രസുകാര്‍ കണ്ണീരൊഴുക്കിയിട്ട് കാര്യമില്ലെന്നും ജനം അവരെ തള്ളിക്കഴിഞ്ഞുവെന്നും ചില പ്രതിപക്ഷ അംഗങ്ങളുടെ പെരുമാറ്റം രാജ്യതാത്പര്യത്തിന് എതിരാണെന്നും മോദി വിമര്‍ശിച്ചു.

ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കുടുംബത്തിലുള്ളവര്‍ എന്തുകൊണ്ടാണ് നെഹ്‌റു എന്ന കുടുംബപ്പേര് പേരിനൊപ്പം ഉപയോഗിക്കാത്തതെന്നും മോദി ചോദിച്ചു. പേരില്‍ നെഹ്‌റു എന്ന് ചേര്‍ക്കാന്‍ എന്തിനാണ് നാണിക്കുന്നതെന്നും ഇത്ര വലിയ മഹദ് വ്യക്തിത്വത്തെ നിങ്ങള്‍ക്കും കുടുംബത്തിനും സ്വീകാര്യമല്ലെങ്കില്‍ എന്തിനാണ് ബിജെപിയെ കുറ്റപ്പെടുത്തുന്നതെന്നും മോദി പരിഹസിച്ചു. മുമ്പ് നെഹ്‌റുവിന്റെ പേരില്‍ മാത്രമാണ് രാജ്യത്തെ പല പദ്ധതികളും ആവിഷ്‌കരിച്ചത്. അത് എന്തുകൊണ്ടാണെന്നും മറ്റ് നേതാക്കള്‍ ആരും രാജ്യത്ത് ഉണ്ടായിരുന്നില്ലേയെന്നും മോദി ചോദിച്ചു. കേരളത്തില്‍ 1957-ലെ ആദ്യ ഇടത് സര്‍ക്കാരിനെ പിരിച്ചുവിട്ടത് നെഹ്‌റുവാണ്. അവരുടെ കൂടെയാണ് ഇപ്പോള്‍ ഇടതുപക്ഷം കൈകോര്‍ക്കുന്നതെന്നും മോദി പരിഹസിച്ചു.

ആര്‍ട്ടിക്കിള്‍ 356 ഉപയോഗിച്ച് പല സര്‍ക്കാരുകളെയും ഇന്ദിരാ ഗാന്ധിയും പഴയ കോണ്‍ഗ്രസ് സര്‍ക്കാരുകളും ഉപദ്രവിച്ചുവെന്ന കാര്യവും മോദി എടുത്തുപറഞ്ഞു. ഏകദേശം 90 തവണയാണ് ആര്‍ട്ടിക്കിള്‍ 356 ഉപയോഗിച്ച് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ കോണ്‍ഗ്രസ് പിരിച്ചുവിട്ടതെന്നും ബിജെപി സര്‍ക്കാര്‍ വിവിധ സംസ്ഥാനങ്ങളിലെ ഭരണം പ്രതിസന്ധിയിലാക്കുന്നുവെന്ന കോണ്‍ഗ്രസ് ആരോപണത്തിനുള്ള മറുപടിയായി മോദി പറഞ്ഞു.

വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി ജനങ്ങളെ ഭിന്നിപ്പിക്കുന്ന സമീപനമാണ് കോണ്‍ഗ്രസ് എക്കാലത്തും സ്വീകരിച്ചത്. കുറച്ചാളുകള്‍ക്ക് ആനുകൂല്യങ്ങള്‍ കൂടുതല്‍ വിതരണം ചെയ്യുമ്പോള്‍ കുറച്ചുപേര്‍ക്ക് അത് ലഭിക്കാത്ത സാഹചര്യമുണ്ടായി. എന്നാല്‍ ബിജെപി സര്‍ക്കാര്‍ എല്ലാവരേയും ഒരുപോലെ കണ്ടുകൊണ്ട് മുന്നോട്ടുപോകുന്ന സര്‍ക്കാരെന്നും മോദി പറഞ്ഞു.

അദാനി വിഷയത്തില്‍ പ്രതികരിക്കാതിരുന്ന മോദിയെ മൗനി ബാബയെന്നു വിളിച്ച മല്ലികാര്‍ജുന ഖാര്‍ഗെയുടെ പേരെടുത്ത് പറഞ്ഞും പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് വിമര്‍ശനമുണ്ടായി. ഖാര്‍ഗെയുടെ സ്വന്തം തട്ടകത്തില്‍ താന്‍ എത്തിയതിലുള്ള പ്രതിഷേധമാണ് അദ്ദേഹത്തിനെന്നും കര്‍ണാടകത്തിനായി ഖാര്‍ഗെ ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ പോലും വികസനം എത്തിച്ചത് ബിജെപിയാണെന്നും മോദി പറഞ്ഞു.

പ്രധാനമന്ത്രിയുടെ ഉറ്റസുഹൃത്തിന്റെ സമ്പത്ത് രണ്ടു വര്‍ഷത്തിനുള്ളില്‍ പതിമൂന്നിരട്ടിയാണ് വര്‍ധിച്ചതെന്ന് അദാനിയുടെ പേരെടുത്തുപറയാതെ കഴിഞ്ഞ ദിവസം ഖാര്‍ഗെ കുറ്റപ്പെടുത്തിയിരുന്നു. അഴിമതി നടത്തുകയുമില്ല, നടത്തിക്കുകയുമില്ല എന്ന് പ്രധാനമന്ത്രി 2014-ല്‍ നടത്തിയ പ്രസ്താവന തട്ടിപ്പായിരുന്നോ എന്നും ഈ അതിവേഗവളര്‍ച്ച സൗഹൃദം കാരണമാണോ എന്നും ഖാര്‍ഗെ ചോദിച്ചിരുന്നു. ഈ പരാമര്‍ശത്തില്‍ ഭരണപക്ഷം പ്രതിഷേധം ഉയര്‍ത്തിയതോടെ സഭാ രേഖകളില്‍ നിന്ന് പരാമര്‍ശം ഇന്ന് നീക്കം ചെയ്യുകയും ചെയ്തു.

അദാനി വിഷയമുന്നയിച്ച് കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ രാഹുല്‍ഗാന്ധി നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങളും സ്പീക്കര്‍ ലോക്സഭയുടെ രേഖയില്‍നിന്ന് നീക്കിയിരുന്നു. തെളിവില്ലാതെ ആരോപണങ്ങള്‍ ഉന്നയിച്ച് സഭയെ രാഹുല്‍ തെറ്റിദ്ധരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി. രാഹുലിനെതിരേ അവകാശലംഘനത്തിനും നോട്ടീസ് നല്‍കിയിട്ടുണ്ട്.

Content Highlights: If Nehru is so great, why not use his surname: PM Modi's jibe at Gandhis

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Mallikarjun Kharge

1 min

സിനിമാതാരങ്ങളെ ക്ഷണിച്ചു, എന്നിട്ടും പാർലമെന്റ് മന്ദിര ഉദ്ഘാടനത്തിന് രാഷ്ട്രപതിയെ വിളിച്ചില്ല- ഖാർഗെ

Sep 23, 2023


ramesh bidhuri-kodikunnil suresh

3 min

വിദ്വേഷം പതിവാക്കിയ ബിധുരി; കുരുക്കില്‍ ബിജെപി, കൊടിക്കുന്നിലിനും വിമര്‍ശനം

Sep 24, 2023


lawrence bishnoi,sukha duneke

1 min

'പാപങ്ങൾക്ക് നൽകിയ ശിക്ഷ' കാനഡയിൽ ഖലിസ്താൻ വാദിയെ കൊലപ്പെടുത്തിയത് തങ്ങളെന്ന് ലോറൻസ് ബിഷ്ണോയി

Sep 21, 2023


Most Commented