ഡല്‍ഹി: വായുമലിനീകരണവുമായി ബന്ധപ്പെട്ട നിര്‍ണായക യോഗത്തില്‍ പങ്കെടുക്കാതെ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ക്രിക്കറ്റ് കമന്ററി പറയാന്‍ പോയ വിഷയത്തില്‍ മുന്‍ ക്രിക്കറ്റ് താരവും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീറിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. സ്റ്റേഡിയത്തില്‍ ഇരുന്ന് ഗംഭീര്‍ ജിലേബി കഴിക്കുന്ന ഫോട്ടോ ഉയര്‍ത്തിക്കാട്ടിയായിരുന്നു എഎപി ഉള്‍പ്പടെയുള്ളവരുടെ പരിഹാസം. ഇപ്പോള്‍ ഈ പരിഹാസങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.
''ഞാന്‍ ജിലേബി കഴിക്കുന്നതാണ് ഡല്‍ഹിയിലെ വായുമലിനീകരണത്തിന് കാരണമെങ്കില്‍ ഞാന്‍ എന്നന്നേക്കുമായി ജിലേബി കഴിക്കുന്നത് നിര്‍ത്താം. 10 മിനുട്ടിനുള്ളില്‍ നിങ്ങള്‍ എന്നെ പരിഹസിക്കാന്‍ തുടങ്ങി. ഡല്‍ഹിയിലെ മലിനീകരണം പരിശോധിക്കാന്‍ നിങ്ങള്‍ തീവ്രമായി ശ്രമിച്ചിരുന്നെങ്കില്‍ നമ്മളിന്ന് ശുദ്ധവായു ശ്വസിച്ചേനെ'' - ഗംഭീര്‍ എഎപിയ്ക്കുള്ള മറുപടിയായി പറഞ്ഞു.
തങ്ങളുടെ നേതാവിന്റെ കഴിവില്ലായ്മയും രാഷ്ട്രീയ അത്യാഗ്രഹവും മറയ്ക്കാന്‍ ഏറ്റവും സത്യസന്ധരുടേതെന്ന് അവകാശപ്പെടുന്ന പാര്‍ട്ടി എന്റെ ജോലിയുടെ ഭാഗമായ പ്രവര്‍ത്തനങ്ങള്‍ ( എം.പിയാകുന്നതിന് മുന്‍പ് തുടങ്ങിയവ) ഉപയോഗിക്കുന്നത് സങ്കടകരമായ കാര്യമാണെന്നും ഗംഭീര്‍ പറഞ്ഞു.
യോഗത്തില്‍ ഗംഭീര്‍ പങ്കെടുക്കാതിരുന്നതിനെ തുടര്‍ന്ന് ഗംഭീറിനെ കാണ്മാനില്ലെന്ന് എഴുതിയ പോസ്റ്ററുകള്‍ ഡല്‍ഹിയില്‍ ഉടനീളം പ്രത്യക്ഷപ്പെട്ടിരുന്നു. ഗംഭീറിന്റെ ഫോട്ടോ വെച്ചുള്ള പോസ്റ്ററുകളില്‍ സ്‌റ്റേഡിയത്തില്‍ ജിലേബി തിന്നുന്ന നിലയിലാണ് അവസാനം കണ്ടതെന്നും ഡല്‍ഹി ജനങ്ങള്‍ അദ്ദേഹത്തെ തിരയുകയാണെന്നും പോസ്റ്ററിലുണ്ടായിരുന്നു.
content highlights: If my eating jalebi causes Delhi pollution, I'll quit jalebis says Gautam Gambhir