ന്യൂഡൽഹി: വിരാട് കോലിയുടെ നേതൃത്വത്തിലുള്ള  ഇന്ത്യന്‍ ടീം മാത്സര്യ മനോഭാവം വീണ്ടെടുത്ത് അയല്‍ക്കാരുമായി അടുത്ത വര്‍ഷം കൂടുതല്‍  കളിക്കണമെന്ന് ശശിതരൂര്‍ എംപി. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് മത്സരം കളിമാത്രമല്ല അതിനുമപ്പുറത്തുള്ള കാര്യമാണെന്ന് എംഎസ് ധോനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.ഇതിനോടുള്ള പ്രതികരണമായാണ് ശശിതരൂരിന്റെ പ്രസ്താവന. ക്രിക്കറ്റും ഇന്ത്യന്‍ ജനാധിപത്യവും എന്ന വിഷയത്തിലുള്ള സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'നരേന്ദ്രമോദിക്ക് ലാഹോറില്‍ നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുക്കാമെങ്കില്‍ ഇരു രാജ്യങ്ങള്‍ക്കും എന്തു കൊണ്ട് ക്രിക്കറ്റ് കളിച്ചു കൂടാ' എന്ന് ഒരു ചോദ്യത്തിന് മറുപടിയായി ശശിതരൂര്‍ ചോദിച്ചു.

'നമ്മുടെ പ്രധാനമന്ത്രി അവരുടെ പ്രധാനമന്ത്രിയെ കുഫയില്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ലാഹോറിലെ ഒരു വിവാഹ ചടങ്ങിന് നമ്മുടെ പ്രധാനമന്ത്രി പോയിട്ടുണ്ട്. പിറന്നാള്‍ ചടങ്ങുകളില്‍ വരെ പങ്കെടുത്തിട്ടുണ്ട്. ഇതെല്ലാം സംഭവിക്കാമെങ്കില്‍ നമുക്കെന്തു കൊണ്ട് ക്രിക്കറ്റ് കളിച്ചു കൂടാ' എന്നാണ് ശശി തരൂര്‍ ചോദിച്ചത്.

പരമ്പര കളിക്കാവുന്ന ആറ് രാജ്യങ്ങളില്‍ നിന്ന് പാകിസ്താനെ മാറ്റിനിര്‍ത്തിയ നടപടിയില്‍ ബിസിസിഐ തീരുമാനമെടുക്കാനിരിക്കെയാണ് തരൂരിന്റെ പ്രസ്താവന.

'നിരോധനം വന്നതിനു ശേഷം സ്ഥിതിഗതികളിലെല്ലാം മാറ്റം വന്നു. കളിയെ ഇത്തരത്തില്‍ തടവിലിടുന്നത് ശരിയല്ല. ഇന്ത്യ അവസാനമായി പാകിസ്താനുമായി പരമ്പര കളിക്കുന്നത് 2012ലാണ്. ഇന്ത്യയും പാകിസ്താനും ക്രിക്കറ്റ് കളിക്കണമെന്നാണ് തന്റെ ആഗ്രഹം. അധിക ദൂരം സഞ്ചരിക്കാത്ത ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്ര ബന്ധം ക്രിക്കറ്റിലൂടെയെങ്കിലും വളരേണ്ടതുണ്ട്' ശശിതരൂര്‍ കൂട്ടിച്ചേര്‍ത്തു

അതേസമയം ഇന്ത്യയും പാകിസാതനും തമ്മില്‍ കളിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്ന് ധോനി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

'ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് മത്സരം എന്നത് വെറും ഒരു കളിയല്ല. അത് അതിനുമപ്പുറത്താണ്. കളിക്കണോ വേണ്ടയോ എന്നത് ഒരു ചെറിയ തീരുമാനമല്ല. അത് നയതന്ത്രവുമായി ബന്ധപ്പെട്ടതും രാഷ്ട്രീയവുമായ തീരുമാനമാണ്. അത്തരമൊരു തീരുമാനം എടുക്കുന്ന ചുമതല നമ്മള്‍ സര്‍ക്കാരിനാണ് വിട്ടു കൊടുക്കേണ്ടത്.സര്‍ക്കാര്‍ തീരുമാനിക്കുകയാണെങ്കില്‍ ഞങ്ങള്‍ കളിക്കും. സര്‍ക്കാര്‍ അതിനെതിരെ തീരുമാനം എടുക്കുകയാണെങ്കില്‍ ഞങ്ങള്‍ മറ്റ് പരമ്പരകളുമായി മുന്നോട്ടു പോവും.' എന്നായിരുന്നു ധോനി കഴിഞ്ഞ ദിവസം സംസാരിച്ചത്. ഇതിന് കടക വിരുദ്ധമായാണ് തരൂരിന്റെ പ്രസ്താവന.