ന്യൂഡല്‍ഹി: കര്‍ഷകര്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ ജനുവരി 26 ന് മുമ്പ് അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയിലേക്ക് ട്രാക്ടറുകളുമായി കിസാൻ പരേഡ് നടത്തുമെന്ന മുന്നറിയിപ്പുമായി കര്‍ഷകര്‍. കേന്ദ്ര സര്‍ക്കാരുമായി തിങ്കളാഴ്ച ചര്‍ച്ച നടക്കാനിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കര്‍ഷകരുടെ പ്രക്ഷോഭം കടുപ്പിക്കുമെന്ന പ്രഖ്യാപനം.
ജനുവരി നാലിന് ഞങ്ങള്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നുണ്ട്. ജനുവരി അഞ്ചിന് സുപ്രീംകോടതി ഇക്കാര്യത്തില്‍ വാദം കേൾക്കും. സര്‍ക്കാരുമായുളള ചര്‍ച്ച പരാജയപ്പെടുകയും പരിഹാരം ഉണ്ടാകാതിരിക്കുകയും ചെയ്താല്‍ ഹരിയാണയിലെ കുണ്ഡ്‌ലി- മനേസര്‍- പല്‍വാല് എക്‌സ്പ്രസ് വേയില്‍ ജനുവരി ആറിന് ഞങ്ങള്‍ ട്രാക്ടര്‍ മാര്‍ച്ച് നടത്തും. സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ ജനുവരി 23ന് വിവിധ സംസ്ഥാനങ്ങളിലെ രാജ്ഭവനുകൾക്ക് മുന്നില്‍ പ്രക്ഷോഭം സംഘടിപ്പിക്കും.' കര്‍ഷക നേതാക്കളിലൊരാളായ ഡോ.ദര്‍ശന്‍പാല്‍ പറഞ്ഞു. റിപ്പബ്ലിക് ദിനത്തില്‍ ത്രിവര്‍ണ പതാകകളുമേന്തി വന്‍ ട്രാക്ടർ റാലി ഡല്‍ഹിയില്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താങ്ങുവില സംബന്ധിച്ച കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ തങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. 'കേന്ദ്ര സര്‍ക്കാര്‍ ഞങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. താങ്ങുവില ഇല്ലാതാക്കില്ലെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ അത് ഉറപ്പാക്കുന്നതിനായി ഒരു നിയമം കൊണ്ടുവരണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. അത് ഞങ്ങളുടെ അവകാശമാണ്.' മറ്റൊരു കര്‍ഷക നേതാവായ ഗുര്‍നാം സിങ് ചൗധരി പറഞ്ഞു.
പ്രക്ഷോഭം ശക്തമാക്കുന്നതിനെ കുറിച്ച് സംയുക്ത കിസാന്‍ മോര്‍ച്ചയും പ്രഖ്യാപനം നടത്തി. ജനുവരി 26 വരെയുളള സമര പരിപാടികളാണ് സംയുക്ത കിസാന്‍ മോര്‍ച്ച പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പ്രചാരണങ്ങള്‍ക്കെതിരേ 'ദേശ് ജാഗ്രിതി അഭിയാന്‍' എന്ന പേരില്‍ ജനുവരി ആറുമുതല്‍ 20 വരെ നീണ്ടുനില്‍ക്കുന്ന ദേശവ്യാപക പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും. രാജ്യമൊട്ടാകെ റാലികള്‍, കോണ്‍ഫറന്‍സുകള്‍, ധര്‍ണകള്‍ എന്നിവ ഉള്‍പ്പടെയുളള പ്രക്ഷോഭ പരിപാടികളാണ് കര്‍ഷകര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.
ഇീ ആഴ്ച ആദ്യം പ്രക്ഷോഭകര്‍ കേന്ദ്രവുമായി ആറാംവട്ട കൂടിക്കാഴ്ച നടത്തിയിരുന്നു. കര്‍ഷകര്‍ മുന്നോട്ടു വെച്ച രണ്ടാവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന കര്‍ഷകരുടെ ആവശ്യവും താങ്ങുവില സംബന്ധിച്ച ഉറപ്പും കേന്ദ്രം അംഗീകരിച്ചില്ല.
മൂന്ന് കര്‍ഷക നിയമങ്ങളും പിന്‍വലിക്കുക, താങ്ങുവില സംബന്ധിച്ച നിയമസാധുതയുള്ള ഉറപ്പ് നല്‍കുക എന്നീ ആവശ്യങ്ങള്‍ അംഗീകരിക്കാത്തപക്ഷം ജനുവരി ആറ് മുതല്‍ സമരം ശക്തമാക്കുമെന്നാണ് കര്‍ഷക സംഘടനകള്‍ കേന്ദ്രവുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നത്.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതില്‍ കുറഞ്ഞതൊന്നും തങ്ങള്‍ക്ക് സ്വീകാര്യമല്ല. 50 ശതമാനം പ്രശ്നങ്ങളും പരിഹരിച്ചുവെന്ന വാദം അടിസ്ഥാന രഹിതമാണ്. രണ്ട് പ്രധാന ആവശ്യങ്ങളും അംഗീകരിക്കപ്പെട്ടിട്ടില്ല. താങ്ങുവില സംബന്ധിച്ച ഉറപ്പ് നല്‍കുന്നകാര്യം കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചിട്ടു പോലുമില്ല - ജെയ് കിസാന്‍ ആന്ദോളന്‍ നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു. കര്‍ഷക നേതാക്കളുമായി സിംഗു അതിര്‍ത്തിയില്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
Content Highlights: if govt does not agree, Farmter will take Out Tractor March in Delhi Farmers Issue Ultimatum