സച്ചിൻ പൈലറ്റ് | Photo: PTI
ന്യൂഡല്‍ഹി: അശോക് ഗഹലോത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുന്ന പശ്ചാത്തലത്തില്‍, പാര്‍ട്ടിയിലെ അദ്ദേഹത്തിന്റെ എതിരാളി സച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന. രാജസ്ഥാന്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് എത്തുന്നതില്‍ സച്ചിന് ഗാന്ധികുടുംബത്തിന്റെ പിന്തുണയുണ്ടെന്നാണ് റിപ്പോർട്ട്.
അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ജയിക്കുന്ന പക്ഷം മുഖ്യമന്ത്രിസ്ഥാനം ഒഴിയാന്‍ ഗഹലോത് സമ്മതിച്ചുവെന്നാണ് സൂചന. രാജസ്ഥാന്‍ കോണ്‍ഗ്രസിലെ ഗഹലോത്-പൈലറ്റ് പോരിനെ ഹൈക്കമാന്‍ഡ് ഇടപെട്ടാണ് ശാന്തമാക്കി നിര്‍ത്തിയിരിക്കുന്നത്.
ഒരാള്‍ക്ക് ഒരു പദവി എന്ന നയം ഗഹലോത്തിനും ബാധകമാകുമോയെന്ന് കേരളത്തില്‍ പുരോഗമിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയോട് മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞിരുന്നു. 'ഉദയ്പുറില്‍ ഞങ്ങള്‍ ഒരു തീരുമാനത്തിലെത്തിയിരുന്നു. ആ തീരുമാനം പാലിക്കപ്പെടുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്', എന്നായിരുന്നു രാഹുലിന്റെ മറുപടി. തിരഞ്ഞെടുപ്പില്‍ ജയിക്കുന്ന പക്ഷം കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനവും രാജസ്ഥാന്‍ മുഖ്യമന്ത്രിസ്ഥാനവും ഗഹലോത്തിന് ഒരുമിച്ച് വഹിക്കാനാകില്ലെന്ന മുന്നറിയിപ്പായാണ് രാഹുലിന്റെ പ്രതികരണം വിലയിരുത്തപ്പെടുന്നത്. 2018-ല്‍ രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിജയിച്ചതു മുതല്‍ മുഖ്യമന്ത്രിസ്ഥാനത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് സച്ചിന്‍ പൈലറ്റ്.
അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നതിനിടെ, സച്ചിന്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് എത്തുന്നത് തടയാന്‍ പല നീക്കങ്ങളും ഗഹലോത് നടത്തിയിരുന്നു. എന്നാല്‍ ഒരാള്‍ക്ക് ഒരുപദവി എന്ന നയം രാഹുല്‍ ഉയര്‍ത്തിയാല്‍ അതിനെ അംഗീകരിക്കുകയല്ലാതെ ഗഹലോത്തിന് മറ്റു മാര്‍ഗങ്ങളില്ല.
ബുധനാഴ്ച കൊച്ചിയില്‍ രാഹുലിനൊപ്പം ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്ത ശേഷം, വ്യാഴാഴ്ച രാവിലെയാണ് സച്ചിന്‍ മടങ്ങിയത്. രാഹുലുമായി കൂടിക്കാഴ്ച നടത്താന്‍ ഗഹലോത് കേരളത്തിലേക്ക് എത്തുന്നതിന് മണിക്കൂറുകള്‍ മുന്‍പാണ് സച്ചിന്‍ ഇവിടെനിന്ന് തിരിച്ചത്. 2020-ല്‍ സര്‍ക്കാര്‍ വീഴുമോയെന്ന ഭീതിവരെ സൃഷ്ടിച്ചതിന് പിന്നാലെ ഗഹലോത്, പൈലറ്റിനെ ഉപമുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തിരുന്നു.
Content Highlights: if ashik gehlot wins sachin pilot likely to become the chief minister of rajastan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..