അസാദുദ്ദീൻ ഒവൈസി | Photo: PTI
ന്യൂഡല്‍ഹി: പതിനെട്ടാം വയസ്സില്‍ ഒരു പെണ്‍കുട്ടിക്ക് രാജ്യത്തെ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാന്‍ കഴിയുമെങ്കില്‍ എന്തുകൊണ്ട് പങ്കാളിയെ തിരഞ്ഞെടുത്തുകൂടായെന്ന് ഓള് ഇന്ത്യ മജ്ലിസ്-ഇ-ഇത്തെഹാദുല്‍ മുസ്ലിമീന് (എഐഎംഐഎം) എംപി ആസാദുദ്ദീന്‍ ഒവൈസി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പൗരന്മാരുടെ സ്വാതന്ത്ര്യത്തിലേക്ക് കടന്നുകയറുന്നതിന്റെ മികച്ച ഉദാഹരണമാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള നീക്കമെന്ന് അദ്ദേഹം ആരോപിച്ചു.
സ്ത്രീകളുടെ ഉന്നമനത്തിനായി ഈ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. 18 വയസായാല്‍ ഒരു ഇന്ത്യന്‍ പൗരന് കരാറില്‍ ഒപ്പിടാനും വ്യവസായം ആരംഭിക്കാനും, പ്രധാനമന്ത്രിമാരെ തിരഞ്ഞെടുക്കാനും, എംപിമാരെയും എംഎല്‍എമാരെയും തിരഞ്ഞെടുക്കാനും കഴിയും. ആണ്‍കുട്ടികളുടെ വിവാഹ പ്രായപരിധിയും 21-ല്‍ നിന്ന് 18 ആയി കുറയ്ക്കണമെന്നാണ് തന്റെ ആഭിപ്രായമെന്നും ഒവൈസി പറഞ്ഞു.
ഇന്ത്യയില്‍ ശൈശവവിവാഹം കുറയുന്നത് ക്രിമിനല്‍ നിയമം കൊണ്ടല്ല, മറിച്ച് വിദ്യാഭ്യാസവും സാമ്പത്തിക പുരോഗതിയും മൂലമാണ്. എന്നിരുന്നാലും, ഏകദേശം 12 ദശലക്ഷം കുട്ടികള്‍ 18 വയസ്സിന് മുമ്പ് വിവാഹിതരാകുന്നുണ്ടെന്നാണ് കണക്ക്. സ്ത്രീകളുടെ ഉന്നമനത്തിനായി ഈ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്നും 2005ല്‍ 26 ശതമാനമായിരുന്ന തൊഴില്‍മേഖലയിലെ സ്ത്രീ പങ്കാളിത്തം 2020ല്‍ 16 ശതമാനമായി കുറഞ്ഞുവെന്നും ഒവൈസി കുറ്റപ്പെടുത്തി.
'ഡാറ്റ പ്രൊട്ടക്ഷന്‍ ബില്‍ പ്രകാരം ഡാറ്റ പങ്കിടാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ട്, പക്ഷേ നിങ്ങള്‍ക്ക് ഒരു പങ്കാളിയെ തിരഞ്ഞെടുക്കാന്‍ കഴിയില്ല. ഇത് എന്ത് തരം യുക്തിയാണ്? അതിനാലാണ് ഇത് തെറ്റായ നടപടിയാണെന്ന് എനിക്ക് തോന്നുന്നത്. എന്റെ കാഴ്ചപ്പാടില്‍, 21 വയസാകുമ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരാള്‍ക്ക് അവകാശം നല്‍കണം. സുപ്രീം കോടതി പോലും പറഞ്ഞത് ഇപ്പോള്‍ സ്വകാര്യത മൗലികാവകാശമാണെന്നാണ്, അതിനാല്‍ ആരെ വിവാഹം കഴിക്കണമെന്ന് ഒരാള്‍ക്ക് തിരഞ്ഞെടുക്കാം, ഒരു കുട്ടി എപ്പോള്‍ വേണമെന്ന് ഒരാള്‍ക്ക് തിരഞ്ഞെടുക്കാം' ഒവൈസി പറയുന്നു.
14 വയസായാല്‍ വിവാഹം അനുവദിക്കുന്ന നിരവധി സംസ്ഥാനങ്ങള്‍ അമേരിക്കയിലുണ്ട്. ബ്രിട്ടനിലും കാനഡയിലും ഒരാള്‍ക്ക് 16 വയസ്സായാല്‍ വിവാഹം കഴിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്ത്രീകളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21 ആക്കാനുള്ള നിര്‍ദേശത്തിന് ബുധനാഴ്ചയാണ് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കിയത്. ഇപ്പോള്‍ നടക്കുന്ന ശീതകാല സമ്മേളനത്തില്‍ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlights: if a girl can choose prime minister at eighteen why not a partner asks owaisi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..