കോഴിക്കോട്: ഈ ഇഡലി അത്ര സിംപിളല്ല. അത്ര എളുപ്പം ചിലര്‍ക്ക്‌ ദഹിക്കുകയുമില്ല. 1990 കളില്‍ അല്‍ഫോണ്‍സ്‌ കണ്ണന്താനം ജെസിബി കൊണ്ട് നടപ്പാക്കിയത് അതിലും സിംപിളായി ഇന്ന് സുബു റഹ്മാന്‍ എന്ന മലയാളി നടപ്പാക്കിയ ഈ ഇഡ്‌ലി സോഫ്റ്റ്‌വെയര്‍ ചുരുങ്ങിയനാളുകൊണ്ട് തന്നെ ഭൂമാഫിയയുടെ ചിറകരിയുകയാണ്. ഡല്‍ഹി വികസന അതോറ്റിയുടെ കീഴിലുള്ള ഈ സംവിധാനത്തിന്റെ വരവോടെ ഭൂമാഫിയയുടെയും അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെയും കൈപ്പിടിയില്‍ നിന്ന് ഫയലുകള്‍ മോചിതമായി തുടങ്ങി.

'ഇന്ററാക്ടീവ് ഡിസ്‌പോസൽ ഓഫ് ലാൻഡ് ഇൻഫർമേഷൻ'(IDLI) എന്നാണ് ഇഡ്‍ലിയുടെ പൂർണ്ണ രൂപം. രാജ്യ തലസ്ഥാനത്ത് ഭൂമിയിടപാടുകൾ സുതാര്യമാക്കാൻ വേണ്ടി തലസ്ഥാന നഗരിയിലെ ഭൂമിയുടെ നിയന്ത്രണാധികാരമുള്ള ഡൽഹി ഡെവലപ്‌മെന്റ് അതോറിറ്റിയുടെ കീഴിലുള്ള സംവിധാനമാണ് ഇത്. എന്നാൽ ശ്രദ്ധേയമായ കാര്യം എന്താണെന്ന് വെച്ചാൽ ഇത്തരത്തിൽ ഒരു സംവിധാനം കൊണ്ടു വന്നത് വർക്കല സ്വദേശിയായ സുബു റഹ്മാൻ എന്ന മലയാളി ആണ്.

ഡിഡിഎയിൽ ഭൂവിനിയോഗവിഭാഗം കമ്മിഷണറായിരുന്ന ആദ്യ മലയാളി മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനമായിരുന്നു. രണ്ടാമത്തെ ആളാണ് സുബു റഹ്മാൻ. ഒന്നാം യുപിഎ കാലത്ത് നടന്ന 2ജി സ്പെക്ട്രം അഴിമതി റിപ്പോർട്ട് സമർപ്പിച്ച ഉദ്യോഗസ്ഥനാണ് സുബു റഹ്മാൻ. 2016-ലായിരുന്നു അദ്ദേഹം ഡിഡിഎയിൽ ഭൂവിനിയോഗവിഭാഗം കമ്മിഷണറായി ചുമതലയേറ്റത്. 

idli
ഇഡ്‍ലി സോഫ്റ്റ്വെയർ ഉദ്ഘാടനത്തിൽ നിന്ന് | Photo: https://twitter.com/official_dda

കാലങ്ങളായി ഡൽഹിയിൽ നില നിന്ന് പോന്നിരുന്ന ഒരു സംവിധാനത്തെ ഒരൊറ്റ സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ ഉടച്ചു വാർക്കുകയാണ് ഇഡ്‍ലി സോഫ്റ്റ്‌വെയറിലൂടെ സുബു റഹ്മാൻ ചെയ്തത്. ഡൽഹിയിലെ ഭൂമാഫിയയിൽ നിന്ന് ജനങ്ങളെ എങ്ങനെ സഹായിക്കാം എന്നതിന്റെ പശ്ചാത്തലത്തിലാണ് ഇഡ്‍ലി എന്ന സോഫ്റ്റ്വെയർ ഉണ്ടാകുന്നത്. എന്നാൽ ഇത്തരത്തിൽ ഒരു പേര് തന്നെ നൽകാൻ മറ്റൊരു കാരണം കൂടിയുണ്ട്. അത് എന്താണെന്നും സോഫ്റ്റ്വെയർ ഉണ്ടാക്കാനുള്ള സാഹചര്യത്തെക്കുറിച്ചും അദ്ദേഹം തന്നെ വിവരിക്കുന്നു.

ഭൂമാഫിയക്കാർക്കെതിരെ ഒരു സംവിധാനം

രാജ്യ തലസ്ഥാനത്തെ ഭൂമാഫിയയ്ക്കെതിരെ എന്തെങ്കിലും പ്രതിവിധി കാണണമെന്ന് ഡിഡിഎ വർഷങ്ങളായി ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ സിസ്റ്റത്തിനകത്തുള്ള ആളുകൾ തന്നെ ഇത്തരത്തിൽ ഒരു സംവിധാനം വരുന്നതിന് എതിരായി നിൽക്കുന്ന സാഹചര്യമാണുള്ളത്. ഭൂമാഫിയയും സർക്കാരിലെ ചില ഉദ്യോഗസ്ഥരും ചേർന്ന് ഇത്തരത്തിൽ ഒരു സംവിധാനം വരുന്നത് ശക്തമായി എതിർത്തു കൊണ്ടിരുന്നു. ഡിഡിഎ ഡയറക്ടർ തന്നെ ഇത്തരത്തിൽ ഒരു സംവിധാനം വരുന്നതിന് എതിരായിരുന്നു. 

ഇതിന് മുമ്പ്  ഡിഡിഎയിൽ ഭൂവിനിയോഗവിഭാഗം കമ്മിഷണറായിരുന്ന മലയാളി മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനമായിരുന്നു. രണ്ടാമത്തെ ആളാണ് ഞാൻ.

ടാറ്റ, ബിർള തുടങ്ങിയ വമ്പന്മാര്‍ക്കും അന്താരാഷ്ട്ര കമ്പനികളും ഇത്തരത്തിൽ ഒരു സംവിധാനത്തിന് വേണ്ടി ശ്രമം നടത്തിയെങ്കിലും പകുതിവഴിക്ക് വെച്ച് നിർത്തി പോകേണ്ട അവസ്ഥയായിരുന്നു. എങ്ങനെ സിസ്റ്റം വരാതിരിക്കുക എന്നായിരുന്നു പല ഉദ്യോഗസ്ഥരും ശ്രമിച്ചിരുന്നത്. ഇത്തരം ഒരു സാഹചര്യത്തിൽ നിന്നു കൊണ്ടാണ് ഒരു സോഫ്റ്റ്‌വെയർ ഉണ്ടാക്കിയെടുത്തത്.

ഉദ്യോഗസ്ഥരുടെ മുമ്പിലെത്താൻ പ്രയാസപ്പെടുന്ന പൊതുജനങ്ങൾക്ക് വേണ്ടി

Let the people monitor എന്നതാണ് എന്റെ പോളിസി. പൊതുജനങ്ങളുടെ ആവശ്യം ഒരിക്കലും ഉദ്യോഗസ്ഥരുടെ മുമ്പിൽ എത്തിയിരുന്നില്ല. ഭൂമാഫിയകളായിരുന്നു കാര്യങ്ങളൊക്കെ കൈകാര്യം ചെയ്തിരുന്നത്. ഇനി എങ്ങനെയെങ്കിലും ആവശ്യവുമായി ജനങ്ങൾ അകത്തേക്ക് കടന്ന് വന്നാൽ ഫയലുകൾ കാണുന്നില്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ തിരിച്ചയക്കുന്ന പ്രവണതയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഭൂമാഫിയക്കാരുമായി എത്തുമ്പോൾ ഉദ്യോഗസ്ഥരുടെ കൈയിൽ ഫയൽ ഉണ്ടാകും. പലപ്പോഴും ജനങ്ങൾ എന്നോട് ഇത്തരത്തിൽ പരാതികൾ ഉന്നയിച്ചിരുന്നു. വലിയ വലിയ കമ്പനികളാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചിരുന്നത്. 

subu rahman
സുബു റഹ്മാന്‍

സോഫ്റ്റ്വെയറിന്റെ ആദ്യപടി

ആദ്യം തുടങ്ങിയത് മിസ്സിംഗ് ആയ ഫയലുകൾ ഡാറ്റാ ബേസിൽ കൊണ്ടു വരിക എന്നതായിരുന്നു. വെറുതെ സ്കാൻ ചെയ്തത് കൊണ്ടു മാത്രം കാര്യമില്ല. കാരണം, സ്കാൻ ചെയ്ത ഫയൽ മിസ്സിംഗാകാനും സാധ്യതയുണ്ട്. അത് കൊണ്ട് ജനങ്ങൾ സെർച്ച് കൊടുത്താൽ ലഭിക്കുന്ന തരത്തിൽ വിവരങ്ങൾ ലഭിക്കുന്ന ഒരു സംവിധാനം ഉണ്ടാക്കിയെടുക്കണം. വീട്ടിലിരുന്ന് കൊണ്ട് തന്നെ തങ്ങളുടെ ഫയലുകൾ എവിടെയുണ്ട്, ഏത് അലമാരിയിലാണ് എന്ന് അറിയാൻ സാധിക്കുന്ന ഒരു സംവിധാനമായിരിക്കണം എന്നും നിർബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് ഫയലുകൾ ഡിജിറ്റലൈസ് ചെയ്ത് തുടങ്ങിയത്.

നേരത്തെ ഉദ്യോഗസ്ഥരും ഭൂമാഫിയകളും ജനങ്ങളെ ചൂഷണം ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു. ഓരോ ഫയലുകൾക്കും വേണ്ടി പലതവണയായി ഓഫീസുകൾ കയറിയിറങ്ങേണ്ടി വരുന്ന അവസ്ഥ. എന്നാൽ തങ്ങളുടെ ഫയലുകൾ എവിടെയുണ്ട്, അപേക്ഷയുടെ നിലവിലെ അവസ്ഥ എന്ത് എന്നതൊക്കെ ഇഡ്‍ലി സോഫ്റ്റ്‌വെയറിൽ കൂടി ഇനി ജനങ്ങൾക്ക് നേരിട്ട് തന്നെ അറിയാൻ സാധിക്കും. വലിയൊരു ദുരിതത്തിനാണ് ഇതോടെ അറുതി വന്നത്. മാത്രമല്ല ഏത് ഉദ്യോഗസ്ഥനാണ് ഫയൽ കൈകാര്യം ചെയ്തത്, എത്ര മണിക്കാണ് ചെയ്തത് എന്ന കാര്യങ്ങളൊക്കെ കൃത്യമായി ഇതുവഴി അറിയാനും സാധിക്കും. അത് കൊണ്ട് തന്നെ ഉദ്യോഗസ്ഥ തലത്തിലുള്ള നിരുത്തരവാദിത്തപരമായ പ്രവർത്തനങ്ങളും കുറഞ്ഞു കിട്ടും.

ഒടിപി വഴിയാണ് പ്രവർത്തിക്കുന്നത്. ഇമെയിൽ, ഫോൺ നമ്പർ ഇവ രണ്ടും ഉള്ളത് കൊണ്ട് തന്നെ മറ്റുള്ള സൈറ്റുകളെ പോലെ ലോഗിൻ പ്രശ്നം ഉണ്ടാകുകയില്ല.

ഭൂമാഫിയ എതിരാകുമോ?

ഇലക്ട്രോണിക് മോഡ് വന്നതോട് കൂടെ ആദ്യം ചെയ്തത് ഫിസിക്കൽ ഫയൽ സബ്മിഷൻ നിർത്തിവെക്കുകയാണ് ചെയ്തത്. അത് കൊണ്ട് തന്നെ പുറത്തു നിന്നുള്ള ഇടപെടലുകളുടെ സാധ്യത ഉണ്ടാകുന്നില്ല. മാത്രമല്ല ഇപ്പോൾ ജനങ്ങൾ ഇത് അംഗീകരിച്ചു തുടങ്ങി. ഭൂമാഫിയകളെ മാറ്റി നിർത്തി അവർ സ്വയം തന്നെ കാര്യങ്ങൾ ചെയ്ത് തുടങ്ങി. ഇനി ഈ സിസ്റ്റത്തിൽ നിന്ന് പിന്നോട്ട് പോകാൻ പ്രയാസമാണ്, ഇത് തുടർന്ന് പോയേ പറ്റൂ. മാത്രമല്ല മോണിറ്റർ ചെയ്യാൻ വേണ്ടി ഡാഷ് ബോർഡും ഉണ്ടാക്കിയിട്ടുണ്ട്. അത് കൊണ്ട് തന്നെ സിസ്റ്റം ദുരുപയോഗം ചെയ്യാനുള്ള സാധ്യത വളരെ കുറവാണ്. 

തുടക്കത്തിൽ പലതരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടായിരുന്നു. ഒരുപാട് നെഗറ്റീവ് റിവ്യൂകളാണ് വന്നു കൊണ്ടിരുന്നത്. എല്ലാവരും ഒന്നിച്ച് ഇത് പ്രവർത്തിക്കുന്നില്ല എന്ന തരത്തിലുള്ള ആരോപണങ്ങളൊക്കെ ഉന്നയിക്കാൻ തുടങ്ങി. എന്നാൽ ഇതിനെയൊക്കെ മറികടക്കാൻ സാധിച്ചു.

ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും സോഫ്റ്റ്വെയറിനെതിരെ ഇടപെടലുണ്ടായി

നേരത്തെ തന്നെ ചെയ്യേണ്ടിയിരുന്ന ഒരു സംവിധാനമായിരുന്നു. എന്നാൽ അവർ ചെയ്യാത്തത് കൊണ്ട് സ്വയം ചെയ്യേണ്ടി വന്നു. എന്നാൽ അവിടെയും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഇടപെടലുകളുണ്ടായി. ഡാറ്റ എൻട്രി ചെയ്യുന്ന സമയത്ത് എല്ലാ വിവരങ്ങളും കളഞ്ഞു പോയി എന്നായിരുന്നു ചില ഉദ്യോഗസ്ഥർ പറഞ്ഞത്. സിസിടിവി പരിശോധിച്ച് നോക്കിയപ്പോഴാണ് മനസ്സിലാകുന്നത് ഒന്നിച്ച് നിന്ന് ക്യാമറയുടെ സ്പീഡുകൾക്ക് പോലും പിടിതരാത്ത രീതിയിൽ ഇല്ലാതാക്കുകയാണ് അവർ ചെയ്തത്. എന്നാൽ അതിന് മുമ്പ് തന്നെ ബാക്കപ്പ് ചെയ്ത് വെച്ചത് കൊണ്ട് അതൊക്കെ വീണ്ടെടുക്കാൻ സാധിച്ചു. ഒരാഴ്ചത്തെ ഡാറ്റ മാത്രമേ നഷ്ടപ്പെട്ടിട്ടുള്ളൂ. അതിന് ശേഷം ഡാറ്റകൾ ക്ലൗഡിൽ അപ്ലോഡ് ചെയ്തു. വെല്ലുവിളി വരുമ്പോൾ തന്നെ കാര്യങ്ങൾ മനസ്സിലാക്കി പ്രവർത്തിച്ചു. സ്വയം ചെയ്യുന്നത് കൊണ്ട് തന്നെ അധികം സമ്മർദ്ദം ഒന്നും ഉണ്ടായില്ല.

ഭൂമിക്ക് വേണ്ടി കേന്ദ്രവും സംസ്ഥാന സർക്കാരും 

ഡൽഹിയിലെ മിക്കവാറും എല്ലാ ഭൂമിയും കേന്ദ്ര സർക്കാരിന്റേതാണ്. എല്ലാ വസ്തുവും സർക്കാരിന്റെ ലീസാണ്. അത് കൊണ്ട് തന്നെ വാല്യു കുറച്ച് കാണിച്ചും മറ്റും പലതരത്തിലുള്ള തട്ടിപ്പുകളും നടന്നിരുന്നു. നിലവിൽ കേന്ദ്ര സർക്കാരും ഡൽഹി സർക്കാരും തമ്മിൽ ഭൂമിക്ക് വേണ്ടി പ്രശ്നങ്ങളുണ്ട്. സ്റ്റേറ്റ് തലത്തിലാക്കണമെന്ന് സംസ്ഥാന സർക്കാരും സാധിക്കില്ലെന്ന് കേന്ദ്രവും പറയുന്ന സമയത്താണ് ഇത്തരത്തിൽ ഒരു സംവിധാനം ഉണ്ടായിക്കിയെടുക്കുന്നത്. 

idli
ഇഡ്‍ലി സോഫ്റ്റ്വെയർ ഉദ്ഘാടനത്തിൽ നിന്ന് | Photo: https://twitter.com/official_dda

ഇഡ്‍ലി​ എന്ന പേരിന് പിന്നിൽ

ഐഐഎം ബാംഗ്ലൂരിലായിരുന്നു പഠിച്ചത്. മാർക്കറ്റിംഗ് സ്ട്രാറ്റജിയൊക്കെ മനസ്സിലുണ്ട്. അതു കൊണ്ട് തന്നെ പേര് കുറച്ച് വ്യത്യസ്തമായിരിക്കണം എന്ന് കരുതി. മാത്രമല്ല സൗത്ത് ഇന്ത്യൻ ആയത് കൊണ്ട് തന്നെ അതിന്റെ ഒരു ടേസ്റ്റും കൂടി ചേർന്നപ്പോൾ ഇഡ്‍ലി എന്ന പേര് വന്നു. ഇതിന് വേണ്ടി അധികമൊന്നും അന്വേഷിക്കേണ്ടി വന്നില്ല. ലാൻഡ് ഡിസ്പോസൽ എന്നത് ഡിസ്പോസൽ ലാൻഡ് എന്നാക്കി മാറ്റി ‘ഇന്ററാക്ടീവ് ഡിസ്‌പോസൽ ഓഫ് ലാൻഡ് ഇൻഫർമേഷൻ’ എന്ന പേരും ഇട്ടു.

Alphonse Kannanthanam
അൽഫോൺസ് കണ്ണന്താനം

അൽഫോൺസ് കണ്ണന്താനവും ഡൽഹിയിലെ ഇടിച്ചു നിരത്തലും

ഇപ്പോഴും ഡൽഹിയിലെ ഇടിച്ചു നിരത്തലുണ്ട്. ഇതൊക്കെ സ്ഥിരമായ ഒരു സംഭവമാണ്. പക്ഷെ റൂൾസൊക്കെ മാറ്റിയത് കൊണ്ട് അങ്ങനെ പെട്ടെന്ന് പോയി ഇടിച്ചു നിരത്താനൊന്നും പറ്റില്ല. അതൊരു സംവിധാനത്തിന്റെ ഭാഗമാണ്. അൽഫോൺസ് കണ്ണന്താനം മാത്രമല്ല പലരും ഇത്തരത്തിൽ മുമ്പും ശേഷവും ഇടിച്ച് നിരത്തിയിട്ടുണ്ട്. ഇതിനൊക്കെ പ്രത്യേക ഉദ്യോഗസ്ഥരുണ്ട്. അവരാണ് നേരിട്ട് കാര്യങ്ങൾ ചെയ്യുന്നത്. 

അനധികൃതമായി നിർമ്മിച്ച ആരാധനാലയങ്ങൾ പൊളിച്ചു നീക്കേണ്ടി വന്നിട്ടുണ്ട്

പല ആവശ്യത്തിനും വേണ്ടി അമ്പലങ്ങളും പള്ളികളും പൊളിച്ചു നീക്കേണ്ടി വരാറുണ്ട്. അനധികൃത സ്ഥലത്ത് നിർമ്മിച്ച പല ആരാധനാലയങ്ങൾ പൊളിച്ചു മാറ്റിയിട്ടുണ്ട്. 

ഡ​ൽ​ഹി​യി​ൽ ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള ലാ​ഡോ സ​രാ​യ്-​അ​ന്ദേ​രി​യ മോ​ർ ലി​റ്റി​ൽ ഫ്ല​വ​ർ സീ​റോ മ​ല​ബാ​ർ ച​ർ​ച്ച് പൊളിച്ചുനീക്കിയത് ഇത്തരത്തിൽ അനധികൃതമായി നിർമ്മിച്ചതിന്റെ പേരിലാണ്. 

ഡൽഹി തിരഞ്ഞെടുപ്പ് സമയത്ത് ഭീം ആർമിയുടെ ഒരു ആരാധനാലയം പൊളിച്ചു മാറ്റിയതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ദേശീയ പാതയ്ക്കരികിലുള്ള ആരാധനാലയങ്ങളും പൊളിച്ചു മാറ്റിയിട്ടുണ്ട്.

സർക്കാർ ചെയ്യേണ്ട കാര്യം

സർക്കാരിനകത്ത് ഒരുപാടാളുകൾക്ക് ഇത്തരത്തിലുള്ള സംവിധാനങ്ങൾക്ക് വേണ്ടി പരിശീലനം നൽകുന്നുണ്ട്. എന്നാൽ അതൊന്നും ഉദ്യോഗസ്ഥർ ഉപയോഗപ്പെടുത്തിന്നില്ല. പല കാര്യങ്ങൾക്കും പുറത്തുള്ള ഏജൻസികളെയാണ് ഏൽപ്പിക്കുന്നത്. കുറച്ചധികം കാലം ഇരുന്നത് കൊണ്ടും കാര്യങ്ങൾ സൂക്ഷ്മമായി പഠിച്ചത് കൊണ്ടും അവിടത്തെ ട്രൻഡ് മനസ്സിലാക്കി പ്രവർത്തിക്കാൻ സാധിച്ചു.

2020-ലായിരുന്നു ഇഡ്‍ലി ഉദ്ഘാടനം. ഡി.ഡി.എ. ഭൂമി ഇ-ലേലം നടത്തുകയെന്ന വെല്ലുവിളിയും സുബു ഏറ്റെടുത്തു. ചുമതലയേൽക്കുമ്പോൾ ഡി.ഡി.എ.യുടെ ആസ്തി 5000 കോടിയായിരുന്നത് കോവിഡ് പ്രതിസന്ധിക്കിടയിലും ഇപ്പോൾ 9000-ത്തിലേറെ കോടിയായി ഉയർന്നു.

IDLI Software manages to reduce red tape - interview with subu rahman