ന്യൂഡല്‍ഹി: ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍) ശാസ്ത്രജ്ഞന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. രണ്ടാഴ്ച മുമ്പ് മുംബൈയില്‍നിന്ന് ഡല്‍ഹിയിലെത്തിയ ശാസ്ത്രജ്ഞനാണ് വൈറസ് ബാധിച്ചത്. ഇതേ തുടര്‍ന്ന് ഡല്‍ഹിയിലെ ഐ.സി.എം.ആര്‍. കെട്ടിടത്തില്‍ അണുനശീകരണം നടത്തും. 

ഇതിന്റെ ഭാഗമായി കെട്ടിടത്തില്‍ രണ്ടു ദിവസം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. കോവിഡുമായി ബന്ധപ്പെട്ട അത്യാവശ്യ ജോലിക്കാര്‍ക്ക് മാത്രമേ ഇവിടേക്ക് പ്രവേശനമുള്ളൂ. മറ്റുള്ളവര്‍ വീട്ടില്‍നിന്ന് ജോലി ചെയ്താല്‍ മതിയെന്നും ഐ.സി.എം.ആര്‍. ജീവനക്കാരെ അറിയിച്ചു.

കോവിഡ് സ്ഥിരീകരിച്ച ശാസ്ത്രജ്ഞന്‍ കഴിഞ്ഞ ആഴ്ച നടന്ന യോഗത്തില്‍ പങ്കെടുത്തിരുന്നതായും റിപ്പോര്‍ട്ടുണ്ട്. നീതി ആയോഗ് അംഗം ഡോ. വിനോദ് പോള്‍, ഐ.സി.എം.ആര്‍. ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ, ഐ.സി.എം.ആര്‍. എപ്പിഡെമിയോളജിസ്റ്റ് ഡിവിഷന്‍ മേധാവി ഡോ. ആര്‍.ആര്‍. ഗംഗാധര്‍ എന്നിവര്‍ ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു.

Content Highlights: ICMR scientist tests positive in Delhi