ന്യൂഡല്‍ഹി: ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്ന് ഉപയോഗം കോവിഡ് -19 രോഗ ബാധയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്ന്  ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) കണ്ടെത്തി. ഇതിനാല്‍ കോവിഡ് രോഗ ബാധ തടയുന്നതിനായി എച്ച്‌സിക്യു മരുന്നിന്റെ ഉപയോഗം വിപുലീകരിക്കുന്നതിനുള്ള  മാര്‍ഗ്ഗനിര്‍ദേശം വെള്ളിയാഴ്ച ഐസിഎംആര്‍ പുറത്തിറക്കി. ഐസിഎംആര്‍ നടത്തിയ മൂന്ന് പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.

കോവിഡ് ബാധ തടയുന്നതിനായി അര്‍ദ്ധസൈനികര്‍, പോലീസ് ഉദ്യോഗസ്ഥര്‍, കോവിഡ് ഇതര ആശുപത്രികളിലും ബ്ലോക്കുകളിലും ജോലി ചെയ്യുന്ന മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് പ്രതിരോധ ചികിത്സയുടെ ഭാഗമായി മരുന്ന് നല്‍കാനും നിര്‍ദേശിക്കുന്നുണ്ട്. 

മാര്‍ച്ചില്‍ എച്ച്സിക്യു ഉപയോഗിക്കാന്‍ ഐസിഎംആര്‍ നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും കൊറോണക്കെതിരേ മരുന്ന് പ്രവര്‍ത്തിക്കുന്നു എന്നതിന് ശാസ്ത്രീയ തെളിവുകള്‍ ഇല്ലെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടർന്നായിരുന്നു മേഖലയിൽ കൂടുതൽ പഠനം ഐസിഎംആർ നടത്തിയത്.

ന്യൂഡല്‍ഹിയിലെ മൂന്ന് കേന്ദ്ര സര്‍ക്കാര്‍ ആശുപത്രികളിലാണ് ഐസിഎംആര്‍ പഠനം നടത്തിയത്. ആശുപത്രികളുടെ പേരുകള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഈ പഠന പ്രകാരം എച്ച്‌സിക്യു മരുന്നുപയോഗിച്ച ആരോഗ്യപ്രവര്‍ത്തകരില്‍ മരുന്നുപയോഗിക്കാത്തവരെ അപേക്ഷിച്ച് സാര്‍സ് കോവ് 2 വൈറസ്  അണുബാധ ഉണ്ടാകാനുള്ള സാധ്യത കുറവായിരുന്നു.

എച്ച്‌സിക്യു വൈറല്‍ ലോഡ് കുറയ്ക്കുന്നതായി പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ലബോറട്ടറി പരിശോധനയില്‍  കണ്ടെത്തിയെന്നും ഐസിഎംആര്‍ പറയുന്നുണ്ട്.

രാജ്യത്തെ ഏറ്റവും വലിയ പൊതുജനാരോഗ്യ കേന്ദ്രമായ ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നടത്തിയ പഠനവും പ്രതീക്ഷ ഉളവാക്കുന്നതായിരുന്നു. എയിംസിലെ 334 ആരോഗ്യ പ്രവര്‍ത്തകരിലാണ് പരീക്ഷണം നടത്തിയത്.ഈ പഠന പ്രകാരം ശരാശരി ആറാഴ്ച എച്ച്‌സിക്യു മരുന്ന് ഉപയോഗിച്ച 248 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മരുന്ന് ഉപയോഗിക്കാത്തവരേക്കാള്‍ അണുബാധ സാധ്യത കുറവായിരുന്നു.

ഈ പഠനങ്ങളുടെ അടിസ്ഥാനത്തില്‍, കോവിഡ് ഇതര ആശുപത്രികളിലോ കോവിഡ് ഇതര ബ്ലോക്കുകളിലോ ജോലി ചെയ്യുന്ന ലക്ഷണങ്ങള്‍ കാണിക്കാത്ത ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 'പ്രോഫിലാക്‌സിസ്' അല്ലെങ്കില്‍ പ്രിവന്റീവ് തെറാപ്പി ആയി ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്ന് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ വിന്യസിച്ചിരിക്കുന്ന നിരീക്ഷണ തൊഴിലാളികള്‍, കോവിഡുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന അര്‍ദ്ധസൈനികര്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കാത്ത കോവിഡിനെതിരേയുള്ള മുന്നണിപ്പോരാളികള്‍ക്ക് എച്ച്‌സിക്യു ഗുളികകള്‍ നല്‍കാന്‍ ആവശ്യപ്പെടും.

ഇതുവരെ, കോവിഡ് -19 രോഗികളെ നിയന്ത്രിക്കുന്നതിലും ചികിത്സിക്കുന്നതിലും ഏര്‍പ്പെട്ടിരിക്കുന്ന ലക്ഷണങ്ങള്‍ കാണിക്കാത്ത ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട രോഗബാധ സാധ്യത കൂടുതലുള്ളവര്‍ക്കുമാണ്  മരുന്ന് നല്‍കിയിരുന്നത്. അവര്‍ക്ക് നല്‍കുന്നതും തുടരും.

എട്ടാഴ്ച തന്നെയായിരിക്കും ഡോസേജ് കാലാവധി. ഈ കാലാവധി കഴിഞ്ഞ് മരുന്ന് നല്‍കാമെങ്കിലും കനത്ത നിരീക്ഷണത്തിലേ അതിനു മുതിരാവുവെന്നും നിര്‍ദേശത്തില്‍ പറയുന്നു. വയറുവേദന, മനംപിരട്ടല്‍, ഹൃദയ സംബന്ധമായ ചെറിയ വ്യതിയാനങ്ങള്‍ എന്നിവയാണ് മരുന്നിന്റെ പാര്‍ശ്വഫലങ്ങളായി കാണുന്നത്.പക്ഷെ ഇവയെല്ലാം ചെറിയ അളവിലേ രേഖപ്പെടുത്തിയിട്ടുള്ളൂ.

കൂടുതല്‍ പാര്‍ശ്വഫലങ്ങള്‍ കാണിക്കുകയാണെങ്കില്‍ മരുന്നുപയോഗം ഉടന്‍ നിര്‍ത്തേണ്ടതാണെന്നും ഐസിഎംആര്‍ നിര്‍ദേശിക്കുന്നുണ്ട്.

content highlights: ICMR finds hydroxychloroquine effective in preventing coronavirus, expands its use