ന്യൂഡല്‍ഹി: കോവിഡ് വ്യാപന തോത് കൂടിയ എല്ലാ ജില്ലകളിലും ആറ് മുതല്‍ എട്ട് ആഴ്ചകള്‍ വരെ ലോക്ഡൗണ്‍ തുടരണമെന്ന് ഐസിഎംആര്‍ മേധാവി ഡോ. ബല്‍റാം ഭാര്‍ഗവ. വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് ബല്‍റാം ഭാര്‍ഗവയുടെ പ്രതികരണം. 

നിലവില്‍ രാജ്യത്ത് ആകെയുള്ള 718 ജില്ലകളില്‍ നാലിലൊന്ന് ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിലധികമാണ്. ന്യൂഡല്‍ഹി. മുംബൈ, ബെംഗളൂരു തുടങ്ങിയ മെട്രോ സിറ്റികളും ഇതില്‍ ഉള്‍പ്പെടും. ഇത്തരം ജില്ലകളില്‍ കര്‍ശന ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് ഐസിഎംആര്‍ ഡയറക്ടര്‍ അഭിപ്രായപ്പെട്ടത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് മുതല്‍ പത്ത് ശതമാനം ഉള്ള ജില്ലകളില്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താം. എന്നാല്‍ കര്‍ശന നിയന്ത്രണങ്ങളിലൂടെ മാത്രമേ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെ നിലനിര്‍ത്താന്‍ സാധിക്കുയുള്ളൂ. ആറ്-എട്ട് ആഴ്ച ലോക്ക്ഡൗണിലൂടെ ഇത് സാധ്യമല്ല. ആവശ്യമെങ്കില്‍ നിയന്ത്രണങ്ങള്‍ നീട്ടേണ്ടതായും വരാം.- അദ്ദേഹം പറഞ്ഞു. 

ഡല്‍ഹിയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 35 ശതമാനത്തില്‍ നിന്ന് 17 ശതമാനമായി കുറഞ്ഞു. എന്നാല്‍ നാളെ മുതല്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചാല്‍ വലിയ ദുരന്തമാവും തലസ്ഥാനത്ത് ഉണ്ടാവുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ മൂന്ന് ലക്ഷത്തിലധികം കേസുകളാണ് രാജ്യത്ത് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നത്. മെഡിക്കല്‍ ഓക്‌സിജനുള്‍പ്പെടെ ചികിത്സാ സൗകര്യങ്ങള്‍ക്കും ദൗര്‍ലഭ്യം നേരിടുന്നു. നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനേക്കാള്‍ അഞ്ചോ പത്ത് മടങ്ങ് മരണങ്ങള്‍ പ്രതിദിനം സംഭവിക്കുന്നുണ്ടാവാം എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 

10 ശതമാനത്തിലധികം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉള്ള പ്രദേശങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം ഏപ്രില്‍ 15ന് നടന്ന നാഷണല്‍ ടാസ്‌ക് ഫോഴ്‌സ് യോഗത്തില്‍ നിര്‍ദേശിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത ദിവസങ്ങളില്‍ പ്രധാനമന്ത്രി നടത്തിയ പൊതുപ്രസംഗങ്ങളില്‍ ലോക്ഡൗണ്‍ അവസാന വഴിയായി കണക്കാക്കണമെന്നാണ് സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചത്. പകരം മൈക്രോ കണ്ടെയിന്‍മെന്റ് മേഖല തിരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും നിര്‍ദേശിച്ചിരുന്നു.  

രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാവാനുള്ള കാരണം തിരഞ്ഞെടുപ്പ് കാലത്തുണ്ടായ രാഷ്ട്രീയ പാര്‍ട്ടികളുടെ റാലികളും പൊതുസമ്മേളനങ്ങളുമാണെന്ന് അദ്ദേഹം പ്രത്യക്ഷമായി പറഞ്ഞില്ലെങ്കിലും  കോവിഡ് കാലത്ത് ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്നത് സാമാന്യ ബോധമാണെന്ന് അദ്ദേഹം പ്രതികരിച്ചു.