ന്യൂഡല്‍ഹി:  കോവിഡ് പരിശോധന മാനദണ്ഡം പരിഷ്‌കരിച്ച് ഐ.സി.എം.ആര്‍. രാജ്യത്തുടനീളം രോഗലക്ഷണമുള്ള എല്ലാവരെയും കോവിഡ് പരിശോധയ്ക്ക് വിധേയമാക്കണമെന്നാണ് ഐ.സി.എം.ആറിന്റെ പുതിയ നിര്‍ദേശം. കണ്ടെയ്ന്‍മെന്റ് സോണിലും ആശുപത്രികളിലും നിരീക്ഷണത്തിലുള്ളവര്‍, രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാത്രമാണ് നിലവില്‍ കോവിഡ് പരിശോധ നടത്തിയിരുന്നത്.

രോഗബാധ തടയാനും ജീവന്‍ രക്ഷിക്കാനും കോവിഡ് പരിശോധനയും രോഗബാധിതരെ കണ്ടെത്തുന്നതും ചികിത്സയുമാണ് ഒരേയൊരു മാര്‍ഗം. അതിനാല്‍ രോഗലക്ഷണമുള്ള രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് പരിശോധന നടത്തേണ്ടത് അനിവാര്യമാണെന്നും ഐസിഎംആര്‍ വ്യക്തമാക്കി. രോഗം സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയവരെ കണ്ടെത്താനുള്ള സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണെന്നും ഐ.സി.എം.ആര്‍ നിര്‍ദേശിച്ചു. 

സംസ്ഥാന സര്‍ക്കാരുകളും, പൊതു-സ്വകാര്യ സ്ഥാപനങ്ങളും,  കോവിഡ് പരിശോധന വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. സ്വകാര്യ ആശുപത്രികള്‍, ഓഫീസ്, പൊതുമേഖലായൂണിറ്റുകള്‍ എന്നിവിടങ്ങളില്‍ ആന്റി ബോഡി ടെസ്റ്റ് നടത്തണമെന്നും ഐസിഎംആര്‍ നിര്‍ദേശിച്ചു. ഓഫീസ് ജീവനക്കാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും ഭയവും ഉത്കണ്ഠയും ഒഴിവാക്കാന്‍ ഇത് സഹായിക്കുമെന്നും ഐസിഎംആര്‍ പറഞ്ഞു. നേരത്തെ കണ്ടെയന്‍മെന്റ് സോണ്‍, കുടിയേറ്റ തൊഴിലാളി കേന്ദ്രം, ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ആന്റി ബോഡി ടെസ്റ്റ് നടത്താനായിരുന്നു നിര്‍ദേശം.

content highlights: ICMR advised to test all symptomatic persons