1. തകർക്കപ്പെട്ട ചരിത്ര സ്മാരകം 2. പുതുതായി നിർമിച്ച കെട്ടിടം. | Photo - @HaribhaiSpeask|twitter
ന്യൂഡല്‍ഹി: 15-ാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട ചരിത്ര സ്മാരകം പൊളിച്ച് ഔദ്യോഗിക വസതി നിര്‍മിച്ചുവെന്ന ആരോപണം നേരിടുന്ന മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്. 2007 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഉദിത് പ്രകാശ് റായ് ആണ് ആരോപണം നേരിടുന്നത്. ഡല്‍ഹി ജല്‍ ബോര്‍ഡ് സിഇഒ അയിരിക്കെ തന്റെ പദവി ദുരുപയോഗംചെയ്ത് ചരിത്ര സ്മാരകം തകര്‍ക്കാന്‍ ഉത്തരവിട്ടെന്നാണ് പരാതി.
നിലവില്‍ മിസോറമില്‍ നിയമിക്കപ്പെട്ടിട്ടുള്ള റായ് ജല്‍ബോര്‍ഡ് എന്‍ജിനിയര്‍മാരുടെ സഹായത്തോടെ ചരിത്ര സ്മാരകം പൊളിച്ചുനീക്കിയെന്നാണ് ആരോപണം. അദ്ദേഹത്തിനും അഞ്ച് എന്‍ജിനിയര്‍മാര്‍ക്കും ഡല്‍ഹി സര്‍ക്കാരിന്റെ വിജിലന്‍സ് അധികൃതര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം.
ലജ്പത് നഗറിലെ ജല്‍ വിഹാര്‍ പ്രദേശത്തുണ്ടായിരുന്ന സ്മാരകമാണ് തകര്‍ക്കപ്പെട്ടത്. ഇവിടെ നിര്‍മിച്ച ബംഗ്ലാവില്‍ നിലവില്‍ ഐഎഎസ് ഉദ്യോഗസ്ഥന്റെ കുടുംബം താമസിക്കുന്നുണ്ട്. ബംഗ്ലാവ് ഒഴിയണമെന്ന് നോട്ടീസ് നല്‍കിയിട്ടും അദ്ദേഹം ഒഴിയാന്‍ തയ്യാറായിട്ടില്ല. 15-ാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട കെട്ടിടം പുരാവസ്തു വകുപ്പിന് ഡല്‍ഹി ജല്‍ ബോര്‍ഡ് കൈമാറിയിരുന്നു. എന്നാല്‍ കെട്ടിടം അവിടെ കാണാനില്ലെന്ന് ജനുവരിയിലാണ് ജല്‍ ബോര്‍ഡിനും പുരാവസ്തു വകുപ്പിനും വിവരം ലഭിച്ചത്. കെട്ടിടം ആര്‍ക്കിയോളജി വകുപ്പിന് കൈമാറുന്നതിനെ ഉദിത് പ്രകാശ് റായ് എതിര്‍ത്തിരുന്നുവെന്നാണ് വിവരം.
സംഭവം വിവാദമായതോടെ ആരോപണ പ്രത്യാരോപണങ്ങളുമായി രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്. കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും ആവശ്യപ്പെട്ടു. ഉന്നതതല അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ബിജെപി അധ്യക്ഷന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കത്തയച്ചു. സര്‍ക്കാര്‍ മന്ദിരങ്ങള്‍ നിര്‍മിക്കുന്നതിനായി ചരിത്ര സ്മാരകങ്ങള്‍ തകര്‍ക്കുന്ന തരത്തിലുള്ള സംഭവങ്ങള്‍ ഇന്ത്യയില്‍ മാത്രമേ നടക്കൂവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയിത്ര ചൂണ്ടിക്കാട്ടി.
Content Highlights: 15 century monument demolished IAS officer


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..