ന്ത്യയില്‍ വായുമലിനീകരണത്താല്‍ ഏറ്റവുമധികം ദുരിതമനുഭവിക്കുന്നത് തലസ്ഥാനനഗരത്തിലെ ജനങ്ങളാണ്. അയല്‍സംസ്ഥാനങ്ങളായ പഞ്ചാബിലും ഹരിയാണയിലും വന്‍തോതില്‍ മാലിന്യങ്ങള്‍ കത്തിക്കുമ്പോഴുണ്ടാകുന്ന പുകയും ഡല്‍ഹിയുടെ അന്തരീക്ഷമലിനീകരണം രൂക്ഷമാകുന്നതില്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. വിളവെടുപ്പിന് ശേഷമുണ്ടാകുന്ന അവശിഷ്ടങ്ങള്‍ കൂട്ടിയിട്ട്‌ കത്തിക്കാനിടയാകുന്നതാണ് പ്രധാന കാരണം. 

ഗുരുതര വായുമലിനീകരണത്തിന്  പരിഹാരമായി ലളിതവും ചെലവ് കുറഞ്ഞതുമായ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിരിക്കുകയാണ് പൂസയിലെ ഇന്ത്യന്‍ അഗ്രികള്‍ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്(ഐഎആര്‍ഐ). എട്ടോളം സൂക്ഷ്മാണുക്കളടങ്ങിയ ഡീ കംപോസര്‍ ക്യാപ്‌സ്യൂളുകളാണ് ഐഎആര്‍ഐ വികസിപ്പിച്ചെടുത്തിരിക്കുന്നത്. പൂസ ഡി കംപോസര്‍ ക്യാപ്‌സ്യൂള്‍ എന്ന ഈ ചെറിയ ഗുളികകള്‍ കാര്‍ഷികമാലിന്യങ്ങളെ അഴുകാന്‍ സഹായിക്കും. 

ഡല്‍ഹിയെ ഒരു ഗ്യാസ് ചേംബറാക്കുന്നതില്‍ നിന്ന് തടയാന്‍ ചുവപ്പും പച്ചയും നിറത്തിലുള്ള ക്യാപ്‌സ്യൂളുകള്‍ക്ക് സാധിക്കുമെന്ന് ഐഎആര്‍ഐയിലെ ശാസ്ത്രജ്ഞര്‍ പറയുന്നു. ഒരു വിളവെടുപ്പ് പൂര്‍ത്തിയായാല്‍ അടുത്ത കൃഷിയിറക്കലിന് മുമ്പ് വയലിലെ അവശിഷ്ടങ്ങള്‍ പൂര്‍ണമായും ദ്രവിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ മെച്ചം. 

പഞ്ചാബ്, ഹരിയാണ, ഉത്തര്‍പ്രദേശ് എന്നിവടങ്ങളിലെ കര്‍ഷകര്‍ വേനല്‍ക്കാലവിളയായി നെല്ലാണ് കൃഷി ചെയ്യുന്നത്. ഗോതമ്പ് വിളയിറക്കുന്നതിന് മുമ്പ് വയലുകളില്‍ അവശിഷ്ടങ്ങള്‍ കത്തിക്കുകയാണ് നിലവിലെ രീതി. ഇത് മണ്ണിന്റെ സ്വാഭാവിക ഗുണം നശിപ്പിക്കാനിടയാക്കും. എന്നാല്‍ ക്യാപ്‌സ്യൂളുകളുടെ ഉപയോഗം മൂലം മാലിന്യങ്ങള്‍ അഴുകി മണ്ണില്‍ ചേരുന്നത് മണ്ണിന് വളക്കൂറ് വര്‍ധിപ്പിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. 

ഒരു പാക്കറ്റിലുള്ള നാല് ക്യാപ്‌സ്യൂളുകള്‍ ഉപയോഗിച്ച് 25 ലിറ്റര്‍ ലായനി ഉണ്ടാക്കാം. 25 ലിറ്റര്‍ ലായനി രണ്ടര ഏക്കറോളം വരുന്ന പാടത്ത് ഉപയോഗിക്കാം. ഇരുപത് രൂപയാണ് ഒരു പാക്കറ്റിന്റെ വില. എല്ലാവിധ വയലുകളിലും ഉപയോഗിക്കാമെന്നതാണ് ഇതിന്റെ മറ്റൊരു ഗുണം. ജൈവികമായതിനാല്‍ ദൂഷ്യഫലങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും കുറവാണ്. 

ഈ ക്യാപ്‌സ്യൂള്‍ വികസിപ്പിക്കാന്‍ അഞ്ച് വര്‍ഷമായി ഗവേഷണം നടത്തി വരികയായിരുന്നുവെന്ന് ഐഎആര്‍ഐ ജയറക്ടര്‍ ഡോ. അശോക് കുമാര്‍ സിങ് പറഞ്ഞു. ക്യാപ്‌സ്യൂളിന്റെ വന്‍തോതിലുള്ള വിതരണത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  പൂസ ഡി കംപോസര്‍ ഉപയോഗിക്കാന്‍ അയല്‍സംസംസ്ഥാനങ്ങളോട് നിര്‍ദേശിക്കാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കറോട്‌ ആവശ്യപ്പെടുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കി.  

Content Highlights: IARI  Pusa Decomposer Solution to crop burning, reduce air pollution