ബെംഗളൂരു: രാഷ്ട്രീയം ഉപേക്ഷിക്കുന്നതിനെപ്പറ്റി ചിന്തിക്കുന്നുവെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. രാഷ്ട്രീയത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നതിനെപ്പറ്റി ആലോചിക്കുകയാണ്. ആകസ്മികമായാണ് രാഷ്ട്രീയത്തിലേക്ക് എത്തിയത്. മുഖ്യമന്ത്രിയായതും അങ്ങനെതന്നെ.

രണ്ടുതവണ മുഖ്യമന്ത്രി ആകാന്‍ ദൈവം അവസരം നല്‍കി. രണ്ടു തവണയും ആരേയും തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞില്ല. കഴിഞ്ഞ 14 മാസംകൊണ്ട് സംസ്ഥാനത്തിനുവേണ്ടി നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞതില്‍ സംതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്നത്തെ രാഷ്ട്രീയം എവിടേക്കാണ് പോകുന്നതെന്ന് നിരീക്ഷിച്ച് വരികയാണ്. ജാതിഭ്രമമാണ് നടക്കുന്നത്. തന്റെ കുടുംബത്തെ ഇതിലേക്ക് കൊണ്ടുവരരുത്. കുടുംബത്തോടൊപ്പം സമാധാനത്തോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നു. രാഷ്ട്രീയത്തില്‍ തുടരാന്‍ ആഗ്രഹിക്കുന്നുല്ല. അധികാരത്തില്‍ ഇരുന്നപ്പോള്‍ നല്ലത് ചെയ്തു. അത് ജനങ്ങളുടെ ഹൃദയത്തിലുണ്ടാകും - അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് - ജെഡിഎസ് വിമത എംഎല്‍എമാര്‍ പാലം വലിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയാണ് കുമാരസ്വാമിക്ക് അധികാരം നഷ്ടപ്പെട്ടത്. 14 മാസം കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ അധികാരത്തില്‍ തുടര്‍ന്ന അദ്ദേഹം വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെടുകയായിരുന്നു.

Content Highlights: Iam thinking of going away from politics-Ex-K'taka CM HD Kumaraswamy