പ്രതീകാത്മക ചിത്രം | ഫോട്ടോ: പിടിഐ
ന്യൂഡല്‍ഹി: കോവിഡ് 19ന് എതിരായ വാക്‌സിന്‍ വിതരണത്തില്‍ പങ്കാളികളാകാന്‍ ഇന്ത്യന്‍ വ്യോമസേനയും. വാക്‌സിനുകള്‍ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ എത്തിക്കുന്നതിന് വ്യോമസേനയുടെ വിമാനങ്ങളും മറ്റു കമ്പനികളുടെ വിമാനങ്ങളും ഉപയോഗിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
ഗതാഗത സൗകര്യങ്ങള്‍ കുറഞ്ഞ ഉള്‍പ്രദേശങ്ങളില്‍ വാക്‌സിന്‍ എത്തിക്കുന്നതിന് വ്യോമസേനയുടെ സി-130ജെഎസ്, എഎന്‍-32എസ് എന്നീ വിമാനങ്ങളടക്കമുള്ളവ ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്. അരുണാചല്‍ പ്രദേശ്, ലഡാക്ക് തുടങ്ങിയ മേഖലകളിലായിരിക്കും വ്യോമസേനാ വിമാനങ്ങളുടെ സേവനം കൂടുതലായി വേണ്ടിവരിക. ആവശ്യമെങ്കില്‍ വ്യോമസേനയുടെ ഹെലികോപ്റ്ററുകളും ഈ ആവശ്യത്തിന് ഉപയോഗിക്കും.
പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് വാക്‌സിന്‍ കൈമാറുന്നതുവരെ 24 മണിക്കൂര്‍ നേരം നിശ്ചിത അളവില്‍ തണുപ്പിച്ച് സൂക്ഷിക്കാവുന്ന പ്രത്യേക കണ്ടെയ്‌നറുകളിലാക്കിയായിരിക്കും വിമാനങ്ങളില്‍ വിവിധയിടങ്ങളില്‍ എത്തിക്കുക. വാക്‌സിന്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് വിശദാംശങ്ങളില്‍ തീരുമാനമെടുക്കുന്നതിനായി ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.
വ്യോമ മാര്‍ഗമുള്ള വാക്‌സിന്‍ വിതരണത്തിന്റെ പ്രധാന പങ്കും നിര്‍വഹിക്കുക വാണിജ്യ വിമാനങ്ങള്‍ വഴിയായിരിക്കും. വിമാനത്താവളങ്ങള്‍ ഇല്ലാത്ത പ്രദേശങ്ങളില്‍ വ്യോമസേനയുടെ വിമാനത്താവളങ്ങള്‍ ഉപയോഗിക്കുന്നതിന് വാണിജ്യ വിമാനങ്ങള്‍ക്ക് അനുമതി നല്‍കും. രണ്ടു ദിവസത്തിനുള്ളിൽ വാക്സിൻ വിവിധ പ്രദേശങ്ങളിൽ എത്തിക്കുമെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ആഴ്ചയാണ് ഡ്രഗ്‌സ് കൺട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ രണ്ട് വാക്‌സിനുകള്‍ക്ക് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയത്. ഓക്‌സ്‌ഫഡ്-ആസ്ട്രസെനക വികസിപ്പിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന കോവിഷീല്‍ഡിനും ഭാരത് ബയോടെക്കിന്റെ കോവാക്‌സിനുമാണ് അനുമതി ലഭിച്ചത്.
Content Highlights: IAFs aircraft fleet to supply Covid-19 vaccines to remotest parts of India
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..