സുഖോയ് യുദ്ധ വിമാനം (പ്രതീകാത്മക ചിത്രം)| ഫോട്ടോ:എ.എൻ.ഐ
ന്യൂഡല്‍ഹി: 1.3 ലക്ഷം കോടിരൂപ ചെലവഴിച്ച് 144 യുദ്ധവിമാനങ്ങള്‍ വാങ്ങാനൊരുങ്ങി ഇന്ത്യന്‍ വ്യോമസേന. ഇതുസംബന്ധിച്ച പ്രാഥമിക നടപടിക്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം ഇന്ത്യൻ കമ്പനികളുമായി ചേർന്ന് ഇന്ത്യയില്‍ തന്നെയാവും 144 യുദ്ധവിമാനങ്ങളും നിര്‍മിക്കുക. വിദേശ കമ്പനികള്‍ യുദ്ധവിമാനത്തിന്റെ സാങ്കേതികവിദ്യ ഇന്ത്യന്‍ പങ്കാളികള്‍ക്ക് കൈമാറേണ്ടിയും വരും.
യു.എസ്, ഫ്രാന്‍സ്, റഷ്യ, സ്വീഡന്‍ എന്നീ രാജ്യങ്ങളിലെ യുദ്ധവിമാന നിര്‍മാണ കമ്പനികള്‍ ഇന്ത്യയ്ക്ക് വിവരങ്ങള്‍ കൈമാറുന്ന കാര്യത്തില്‍ അനുകൂലമായി പ്രതികരിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. റഫാല്‍ യുദ്ധവിമാനങ്ങളുടേതിന് സമാനമായ സാങ്കേതിക മികവുള്ള കൂടുതല്‍ വിമാനങ്ങള്‍ വ്യോമസേനയ്ക്ക് ലഭ്യമാക്കാന്‍ വഴിതെളിക്കുന്നതാണ് നീക്കം.
എഫ് 18 സൂപ്പര്‍ ഹോര്‍നെറ്റ്, എഫ് 15 സ്‌ട്രൈക്ക് ഈഗിള്‍ തുടങ്ങിയവയാണ് അമേരിക്ക വാഗ്ദാനം ചെയ്യുന്നത്. മിഗ് - 35, സുഖോയ് എന്നിവയാണ് റഷ്യ വാഗ്ദാനം ചെയ്യാനിടയുള്ളത്. ഗ്രിപ്പന്‍ യുദ്ധവിമാനങ്ങളുടെ ആധുനിക വകഭേദമാണ് സ്വീഡനിലെ യുദ്ധവിമാനക്കമ്പനി സാബ് മുന്നോട്ടുവെക്കുന്നത്.
തദ്ദേശീയമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനങ്ങള്‍ 50,000 കോടിരൂപ മുടക്കി ഏറ്റെടുക്കുന്നതിന് പ്രധാനമന്ത്രി അധ്യക്ഷനായ മന്ത്രിസഭാ സമിതി അടുത്തിടെ അനുമതി നല്‍കിയിരുന്നു. എയ്‌റോ ഇന്ത്യയില്‍ ഇതുസംബന്ധിച്ച കരാര്‍ ഒപ്പുവച്ചേക്കുമെന്നാണ് വിവരം. മിഗ് 21 യുദ്ധവിമാനങ്ങളുടെ നാല് സ്‌ക്വാഡ്രണുകള്‍ക്ക് പകരം തേജസ് രംഗത്തെത്തിയേക്കും. മിഗ് 21 യുദ്ധവിമാനങ്ങള്‍ ഇതോടെ ഉപേക്ഷിക്കുകയും ചെയ്യും.
അതിനിടെയാണ് കൂടുതല്‍ യുദ്ധവിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമാക്കാനുള്ള നീക്കം. യുദ്ധവിമാനങ്ങളുടെ മികവും അവ ഏറ്റെടുക്കുന്നതിന് ആവശ്യമായ തുകയും വിലയിരുത്തിയാവും അവ വാങ്ങുന്നത് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുക. അടുത്ത നാല് പതിറ്റാണ്ടു കാലത്തേക്ക് വ്യോമസേനയുടെ നട്ടെല്ലായി നിലനില്‍ക്കേണ്ട യുദ്ധവിമാനങ്ങളാണ് 1.3 ലക്ഷം കോടി രൂപ ചിലവഴിച്ച് ഏറ്റെടുക്കാനൊരുങ്ങുന്നത്.
Content Highlights: IAF will focus on Rs 1.3 lakh crore deal for 114 fighter jets
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..