ന്യൂഡല്‍ഹി: ബാലാക്കോട്ട് വ്യോമാക്രമണം നടത്തിയ വ്യോമസേനയുടെ മിറാഷ് 2000 സ്‌ക്വാഡ്രണെയും വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമന്‍ ഉള്‍പ്പെടുന്ന സ്‌ക്വാഡ്രണെയും വ്യോമസേന ആദരിക്കും. ഒക്ടോബര്‍ 8ന് എയര്‍ഫോഴ്‌സ് ദിനത്തില്‍ ചീഫ് എയര്‍ മാര്‍ഷല്‍ ആര്‍.കെ.എസ് ബദൗരിയയാണ് ഇവരെ ആദരിക്കുക.

ഇരു ഗ്രൂപ്പുകളിലെയും കമാന്‍ഡിങ് ഓഫീസര്‍മാര്‍ക്ക് ചീഫ് എയര്‍ മാര്‍ഷല്‍ ബാഡ്ജുകളും സമ്മാനിക്കും. 9 സ്‌ക്വാഡ്രണ്‍, 51 സ്‌ക്വാഡ്രണ്‍ എന്നീ പേരുകളിലാണ് ഈ ഗ്രൂപ്പുകള്‍ അറിയപ്പെടുന്നത്. പാകിസ്താന്റെ വ്യോമാക്രമണ ശ്രമത്തെ പരാജയപ്പെടുത്തിയ 601 സിഗ്നല്‍ യൂണിറ്റ് അംഗങ്ങളെയും ചടങ്ങലില്‍ ആദരിക്കും.

'സ്വാര്‍ഡ് ആംസ്', 'ഫാല്‍ക്കണ്‍ സ്ലയേഴ്‌സ്' എന്നീ പേരുകളില്‍ അറിയപ്പെടുന്ന 51 സ്‌ക്വാഡ്രണ്‍ മിഗ് 21 ബൈസണ്‍ വിമാനങ്ങളാണ്  ഉപയോഗിക്കുന്നത്. ബാലാക്കോട്ടിന് ശേഷം നടന്ന ആകാശ യുദ്ധത്തില്‍ മിഗ് 21 ബൈസണ്‍ വിമാനം പാക് അധീന കശ്മീരില്‍ തകര്‍ന്ന് വീണാണ് അഭിനന്ദന്‍ പിടിയിലാവുന്നത്.

ചെന്നായക്കൂട്ടം എന്നര്‍ഥം വരുന്ന വൂള്‍ഫ്പാക്ക് എന്നറിയപ്പെടുന്ന വിഭാഗമാണ് 9 സ്‌ക്വാര്‍ഡണ്‍. മിറാഷ് 2000 യുദ്ധവിമാനങ്ങള്‍ ഉപയോഗിക്കുന്ന 9 സ്‌ക്വാഡണിലെ അഞ്ച് മിറാഷുകള്‍ ഉപയോഗിച്ചാണ് ഇന്ത്യ ബാലാക്കോട്ടില്‍ ആക്രമണം നടത്തിയത്. നേരത്തെ അഭിനന്ദന് വീര്‍ ചക്ര പുരസ്‌കാരവും മിറാഷുകള്‍ പറത്തിയ അഞ്ച് പൈലറ്റുകള്‍ക്ക് വായു സേന പുരസ്‌കാരവും നല്‍കിയിരുന്നു.

content highlights: IAF to honour Abhinandan's, Mirage 2000 squadrons