ശ്രീനഗര്‍: ജമ്മുവിലെ വ്യോമസേനാ താവളത്തില്‍ ആന്റി ഡ്രോണ്‍ (ഡ്രോണ്‍ പ്രതിരോധ) സംവിധാനം സ്ഥാപിച്ചു. ഇവിടെ കഴിഞ്ഞ ദിവസം സ്‌ഫോടക വസ്തു പിടിപ്പിച്ച ഡ്രോണുകള്‍ ഉപയോഗിച്ച് ഭീകരാക്രമണം നടത്തിയതിന് പിന്നാലെയാണിത്.

നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് (എന്‍.എസ്.ജി) ആണ് വ്യോമസേനാ സ്‌റ്റേഷനില്‍ ഡ്രോണ്‍ പ്രതിരോധ സംവിധാനം സ്ഥാപിച്ചത്. പുതിയ ആക്രമണ ഭീഷണികള്‍ കണക്കിലെടുത്ത് ഇവിടുത്തെ മറ്റു സുരക്ഷാ സംവിധാനങ്ങളും വിപുലീകരിച്ചിട്ടുണ്ട്. റേഡിയോ ഫ്രീക്വന്‍സി ഡിറ്റക്ടറും സോഫ്റ്റ് ജാമറും ഡ്രോണ്‍ വിരുദ്ധ തോക്കുകളും സ്ഥാപിച്ചിട്ടുണ്ട്.

ഞായറാഴ്ച ഉണ്ടായ ആക്രമണത്തിന് പിന്നാലെ കടുത്ത ജാഗ്രതയിലാണ് ഇവിടെ സുരക്ഷാസേന. വ്യോമസേനയിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.

പാകിസ്താന്‍ അതിര്‍ത്തിയില്‍നിന്ന് 14 കിലോമീറ്റര്‍ വ്യോമ അകലമുള്ള സത്വാരിയിലാണ് അതിസുരക്ഷയുള്ള ഈ വിമാനത്താവളം. സിവിലിയന്‍ വിമാനത്താവളമാണെങ്കിലും റണ്‍വേയും എയര്‍ ട്രാഫിക് കണ്‍ട്രോളും വ്യോമസേനയുടെ നിയന്ത്രണത്തിലാണ്.

ഇവിടുത്തെ ആക്രമണത്തിന് ശേഷം തിങ്കളാഴ്ച ജമ്മുവിലെ രത്‌നുചക്-കാലൂചക് സൈനിക താവളത്തിന് നേരെ ഡ്രോണ്‍ ഉപയോഗിച്ച് ആക്രമണം നടത്താനുള്ള പദ്ധതി സൈന്യം പരാജയപ്പെടുത്തിയിരുന്നു. തുടര്‍ച്ചയായി നാലാം ദിവസവും ജമ്മുവിലെ വ്യത്യസ്ത മേഖലകളില്‍ ഡ്രോണുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്.