മിഗ്-21 യുദ്ധവിമാനം |ഫോട്ടോ:PTI
ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ പക്കല്‍ അവശേഷിക്കുന്ന നാല് മിഗ്-21 യുദ്ധവിമാനത്തില്‍ ഒന്ന് ഈ സെപ്റ്റംബറോടെ വിരമിക്കും. ബാക്കി മൂന്നെണ്ണം അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഘട്ടം ഘട്ടമായി ഉപേക്ഷിക്കുമെന്ന് വ്യോമസേനാ വൃത്തങ്ങള്‍ അറിയിച്ചു.
മിഗ്-21 വിമാനങ്ങള്‍ തുടര്‍ച്ചയായി തകര്ന്നുവീഴുന്നതിനിടയിലാണ് വ്യോമസേനയുടെ ഇത്തരത്തിലുള്ള നീക്കം. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ബാര്‍മറില്‍ മിഗ്-21 വിമാനം തകര്‍ന്ന് രണ്ട് പൈലറ്റുമാര്‍ മരിച്ചിരുന്നു. എന്നാല്‍ പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിലല്ല അവശേഷിക്കുന്ന മിഗ് വിമാനങ്ങള്‍ ഉപേക്ഷിക്കുന്നത് എന്നും മിഗ്-21 വിമാനങ്ങള്‍ക്ക് പകരം പുതിയ യുദ്ധവിമാനങ്ങള്‍ സ്ഥാപിക്കാനുള്ള നേരത്തെയുള്ള വ്യോമസേനാ പദ്ധതിയുടെ ഭാഗമാണിതെന്നും അധികൃതര്‍ പറയുന്നു.
കഴിഞ്ഞ 20 മാസത്തിനിടയില്‍ ആറ് മിഗ്-21 വിമാനങ്ങളാണ് തകര്‍ന്നത്. ഈ അപകടങ്ങളില്‍ അഞ്ച് പൈലറ്റുമാര്‍ക്ക് ജീവന് നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഒരുകാലത്ത് വ്യോമസേനയുടെ നട്ടെല്ലായിരുന്ന മിഗ്-21 സോവിയറ്റ് കാലഘട്ടത്തിലെ സിംഗിള്‍ എഞ്ചിന് മള്‍ട്ടിറോള്‍ ഫൈറ്റര്‍/ഗ്രൗണ്ട് അറ്റാക്ക് യുദ്ധവിമാനമാണ്.
2019-ഫെബ്രുവരിയില്‍ പാകിസ്താന് പോര്‍വിമാനങ്ങളെ തുരത്തുന്നതിനിടെ പാകിസ്താന്റെ എഫ് 16 വിമാനം അഭിനന്ദന് വര്ത്തമന് വെടിവെച്ചിട്ടത് മിഗ്-21 വിമാനത്തില്‍ നിന്നാണ്. എന്നാല്‍ ഇതിനു പിന്നാലെ അഭിനന്ദന് പറത്തിയിരുന്ന മിഗ് 21 വിമാനം പാക് സൈന്യം വെടിവെച്ചിട്ടു. അദ്ദേഹത്തെ തടവിലാക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം പരിശീലന പറക്കലിനിടെ രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ രാത്രി ഒമ്പതുമണിയോടെയാണ് അപകടമുണ്ടായത്. ഭീംദ ഗ്രാമത്തില്‍ അരക്കിലോമീറ്റര്‍ ചുറ്റളവിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അപകടകാരണം വ്യക്തമല്ല. ഉതര്‍ലായ് എയര്‍ ബേസില്‍നിന്ന് വൈകീട്ടാണ് വിമാനം പറന്നുയര്‍ന്നത്. സംഭവത്തില്‍ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടതായി വ്യോമസേന അറിയിച്ചിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..