ന്യൂഡല്‍ഹി: വ്യോമസേനയ്ക്ക് കൂടുതല്‍ കരുത്ത് പകര്‍ന്ന് റഫാല്‍ പോര്‍വിമാനങ്ങളുടെ രണ്ടാം സ്‌ക്വാഡ്രണ്‍ ജൂലായ് 26 മുതല്‍ പ്രവർത്തനം ആരംഭിക്കും. നിലവില്‍ ഹരിയാനയിലെ അമ്പാല വ്യോമത്താവളത്തിലുള്ള റഫാല്‍ വിമാനങ്ങള്‍ ഉടന്‍തന്നെ ഹാഷിമാരയില്‍ എത്തിക്കും.

സ്‌ക്വാഡ്രണ്‍ 101ന്റെ ഭാഗമായുള്ള വിമാനങ്ങള്‍ പ്രധാനമായും കിഴക്കന്‍ അതിര്‍ത്തിയിലുള്ള ഹാഷിമാരയിലും സ്‌ക്വാഡ്രണ്‍ 17 വടക്കന്‍മേഖലയിലുള്ള ലഡാക്ക് ഉള്‍പ്പെടുന്ന ചൈനീസ് അതിര്‍ത്തിയിലും പാകിസ്താന്‍ അതിര്‍ത്തിയിലുമാണ് വിന്യസിക്കുക.

2016ല്‍ ഫ്രാന്‍സുമായി ഉണ്ടാക്കിയ കരാര്‍ അനുസരിച്ച് 36 റഫാല്‍ വിമാനങ്ങളാണ് ഇന്ത്യ വാങ്ങിയത്. ഇതില്‍ 25എണ്ണം ഇതുവരെ കൈമാറി. ബാക്കിയുള്ളവ ഉടനെ തന്നെ ലഭിക്കും. വിമാനങ്ങളില്‍ ചിലത് ഇപ്പോള്‍ തന്നെ വ്യോമ പട്രോളിംഗിന്റെ ഭാഗമാണ്.

114 ഫൈറ്റര്‍ വിമാനങ്ങള്‍ കൂടി വാങ്ങാനാണ് നിലവില്‍ ഇന്ത്യയുടെ പദ്ധതി. കഴിഞ്ഞ നവംബറിലാണ് റഫാല്‍ വിമാനങ്ങളുടെ രണ്ടാം സെറ്റ് ഇന്ത്യയില്‍ എത്തിച്ചത്. ഇരട്ട എന്‍ജിനില്‍ പ്രവര്‍ത്തിക്കുന്ന റഫാല്‍ വിമാനങ്ങള്‍ സമുദ്രാതിര്‍ത്തിവഴിയുള്ള ആക്രമണങ്ങളെ ഉള്‍പ്പെടെ നേരിടാന്‍ കെല്‍പ്പുള്ളവയാണ്.

Content Highlights: IAF's second Rafale squadron to get operational by July 26