സി-17 ഗ്ലോബ്മാസ്റ്റർ എയർക്രാഫ്റ്റ് | Photo: ANI
ന്യൂഡല്‍ഹി: കോവിഡ് 19 പോസിറ്റീവായി മധ്യേഷ്യയിലെ ഒരു രാജ്യത്ത് കുടുങ്ങിപ്പോയ 50 ശാസ്ത്രജ്ഞരെ തിരികെ നാട്ടിലെത്തിക്കാന്‍ 19 മണിക്കൂര്‍ നീണ്ട പ്രത്യേക ദൗത്യത്തിലേര്‍പ്പെട്ട് ഇന്ത്യന്‍ വ്യോമസേന. മധ്യേഷ്യയിലെ ഏതുരാജ്യത്ത് നിന്നാണ് ഇവരെ തിരികെ നാട്ടിലെത്തിച്ചതെന്ന് വെളിപ്പെടുത്തിയിട്ടില്ല. രാജ്യത്തിന്റെ ദക്ഷിണ ഭാഗത്താണ് ശാസ്ത്രജ്ഞരെ ഇറക്കിയത്. ഇതെവിടെയാണെന്നും വെളിപ്പെടുത്തിയിട്ടില്ല.
'കുടുങ്ങിപ്പോയ ശാസ്ത്രജ്ഞരെ തിരികെ കൊണ്ടുവരുന്നതിന് വേണ്ടി ആ രാജ്യത്തേക്ക് പ്രത്യേക വിമാനം അയച്ചു. 19 മണിക്കൂര്‍ നീണ്ട ദൗത്യത്തിനായി ഇന്ത്യന്‍ വ്യോമസേനയിലെ സി-17 ഗ്ലോബ്മാസ്റ്റര്‍ ഹെവിലിഫ്റ്റ് ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റാണ് വ്യോമസേന ഉപയോഗിച്ചത്.' സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
മധ്യേഷ്യന്‍ രാജ്യത്തെ ഇന്ത്യന്‍ എംബസിയുമായി ചേര്‍ന്നാണ് വ്യോമസേന ദൗത്യം പൂര്‍ത്തീകരിച്ചത്. പേര് വെളിപ്പെടുത്താത്ത ഒരു മധ്യേഷ്യന്‍ രാജ്യത്ത് ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു 50 ശാസ്ത്രജ്ഞരും. പ്രസ്തുത രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ മതിയായ ചികിത്സാസൗകര്യങ്ങള്‍ ലഭ്യമാക്കുക ബുദ്ധിമുട്ടായിരുന്നു. ഇതേ തുടര്‍ന്നാണ് അമ്പതുപേരേയും തിരികെ നാട്ടിലെത്തിക്കാന്‍ തീരുമാനിച്ചത്. കോവിഡ് ബാധിതരില്‍ ഒരാളുടെ നില ഗുരുതരമാണ്.
ഇന്ത്യയില്‍ നിന്നും പുറപ്പെട്ട വിമാനം ഒമ്പതുമണിക്കൂര്‍ നീണ്ട യാത്രക്കൊടുവില്‍ മധ്യേഷ്യന്‍ രാജ്യത്തെത്തി. ശാസ്ത്രജ്ഞരെ മുന്‍കൂട്ടി വിമാനത്താവളത്തിലെത്തിച്ചിരുന്നു. രണ്ടുമണിക്കൂറിനുശേഷം ഇവരെ വഹിച്ച് വിമാനം തിരികെ പറക്കുകയായിരുന്നു.
ഇന്ത്യയുമായി വളരെ അടുത്തബന്ധമുളള മധ്യേഷ്യന്‍ രാജ്യത്താണ് ശാസ്ത്രജ്ഞര്‍ ജോലി ചെയ്തിരുന്നതെന്നും കൃഷി ഉള്‍പ്പടെ വിവിധ മേഖലകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്ന രാജ്യമാണ് ഇതെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.
Content Highlights: IAF's 19 hour special mission to rescue Indian scientists stranded in a central Asian country
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..