അമരാവതി: ആന്ധ്രാപ്രദേശിനെ തന്ത്രപ്രധാന സൈനിക താവളമാക്കാന്‍ വ്യോമസേന തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തിന്റെ കിഴക്കന്‍ തീരത്ത് ശക്തിവര്‍ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും ചൈനയുടെ തിരക്കിട്ട നീക്കങ്ങളും കണക്കിലെടുത്താണ് തീരുമാനമെന്നാണ് സൂചന.

പ്രകാശം ജില്ലയിലെ ഡൊണാകോണ്ടയില്‍ ഹെലികോപ്ടര്‍ പരിശീലന കേന്ദ്രം ഉള്‍പ്പടെയുള്ള പദ്ധതികളാണ് ഇതോടനുബന്ധിച്ച് വ്യോമസേന ലക്ഷ്യമിടുന്നത്. അനന്ത്പുര്‍ ജില്ലയില്‍ ഡ്രോണ്‍ നിര്‍മ്മാണ കേന്ദ്രം, അമരാവതിയില്‍ സൈബര്‍ സെക്യൂരിറ്റി കേന്ദ്രം, രാജമുന്ദ്രി, വിജയവാഡ വിമാനത്താവളങ്ങളില്‍ പൊസിഷനിംഗ് ബേസുകള്‍ തുടങ്ങിയവയും പദ്ധതിയില്‍ ഉള്‍പ്പടും. ഇതുമായി ബന്ധപ്പെട്ട് വ്യോമസേന ആന്ധ്രാപ്രദേശ് സര്‍ക്കാരിനോട് അനുമതി തേടിയതായി ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി വ്യോമസേന ദക്ഷിണമേഖലാ മേധാവി ചീഫ് എയര്‍ മാര്‍ഷല്‍ ബി.സുരേഷും സംഘവും ചര്‍ച്ചകള്‍ നടത്തിയതായാണ് വിവരം. ഡൊണാക്കോണ്ടയില്‍ ഹെലികോപ്ടര്‍ പരിശീലനകേന്ദ്രം ആരംഭിക്കാന്‍ 2700 ഏക്കര്‍ സ്ഥലം വിട്ടുനല്‍കാന്‍ ധാരണയായെന്നാണ് പ്രാഥമികസൂചനകള്‍. അടിസ്ഥാനസൗകര്യ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അജയ് ജെയിനെ മുഖ്യമന്ത്രി ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ചുമതല ഏല്‍പ്പിച്ചതായും പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 

content highlights: IAF plans to make Andhra Pradesh strategic base, Indian Air Force, India-China