ന്യൂഡല്‍ഹി: പാക് പിടിയില്‍ നിന്ന്‌ തിരിച്ചെത്തിയ വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമനെ ഡല്‍ഹിയിലെത്തിച്ചു. അമൃത്സറില്‍ നിന്ന് വെള്ളിയാഴ്ച രാത്രിയോടെയാണ് വിമാനത്തില്‍ ഡല്‍ഹിയിലെത്തിയത്. 

ഡല്‍ഹി വിമാനത്താവളത്തില്‍ വ്യോമസേന ഉദ്യോഗസ്ഥര്‍ അടക്കമുള്ള സംഘം അഭിനന്ദനെ സ്വീകരിക്കാനെത്തിയിരുന്നു. ഇവിടെ നിന്ന് അദ്ദേഹത്തെ വിശദമായ വൈദ്യ പരിശോധനക്കായി കൊണ്ടുപോയതായാണ് വിവരം. ഇതിനൊപ്പം മനഃശാസ്ത്ര പരിശോധനക്കും വിശദമായ ചോദ്യം ചെയ്യലിനും അഭിനന്ദനെ വിധേയനാക്കും.

ഇന്ത്യന്‍ വ്യോമസേനയുടെ രഹസ്യാന്വേഷണ യൂണിറ്റിലേക്കായിരിക്കും അഭിനന്ദനെ ആദ്യം എത്തിക്കുക. ശേഷം ആരോഗ്യ സ്ഥിതിയെ സംബന്ധിച്ച് നിരവധി വൈദ്യ പരിശോധനകള്‍ നടത്തും. വിശദമായ പരിശോധനകളാകും നടക്കുക. 

ശത്രുക്കളുടെ പിടിയിലാകുകയും ക്ലേശകരമായ സാഹചര്യങ്ങള്‍ നേരിടേണ്ടി വരികയും ചെയ്തതിനാല്‍ ദേശീയ സുരക്ഷാ രഹസ്യങ്ങള്‍ അദ്ദേഹത്തില്‍ കവര്‍ന്നെടുക്കാനുള്ള സാധ്യതകളുണ്ട്. ഇതിനാല്‍ വിശദമായ മനഃശാസ്ത്ര പരിശോധനകളാകും നടത്തുക. 

ഇതിന് ശേഷം ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സികളായ ഐബിയും റോയും ചോദ്യം ചെയ്യും. സാധാരണയായി ഇത് അത്യാവശ്യഘട്ടങ്ങളില്‍ മാത്രമെ നടത്താറുള്ളു. അഭിനന്ദന്റെ കാര്യത്തിലും ആവശ്യമെങ്കില്‍ മാത്രെ ഇത് പിന്തുടരൂ. 

പാക് കസ്റ്റഡയില്‍ മര്‍ദ്ദനമേറ്റോ, ആരൊക്കെ ചോദ്യം ചെയ്തു, എന്തൊക്കെ സംഭവിച്ചു തുടങ്ങിയ വിശദമായ കാര്യങ്ങള്‍ അഭിനന്ദില്‍ നിന്ന് സൈനിക വൃത്തങ്ങള്‍ ശേഖരിക്കും. 60 മണിക്കൂറുകളോളമാണ് അഭിനന്ദന്‍ വര്‍ത്തമന്‍ പാകിസ്താന്റെ പിടിയിലായിരുന്നത്.

Content Highlights: IAF Pilot Abhinandan Lands in Delhi, Debriefing and Psych Tests Await Him After 60 Hours in Pak Cust