ന്യൂഡല്‍ഹി: വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്ക് മതാചാരത്തിന്റെ ഭാഗമായി താടി വളര്‍ത്താനുള്ള അനുമതി നിഷേധിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി. താടി വളര്‍ത്തുന്നതിന് അനുമതി നിഷേധിച്ചത് മൗലികാവകാശങ്ങളുടെ ലംഘനമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍ അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തള്ളിയത്.

താടി വളര്‍ത്തരുതെന്ന സര്‍ക്കാരിന്റെ നിര്‍ദ്ദേശം മൗലികാവകാശങ്ങളുടെ ലംഘനമല്ലെന്ന് കോടതി നിരീക്ഷിച്ചു. ഈ വിഷയത്തില്‍ മുസ്ലിം മതവിഭാഗത്തില്‍ പെട്ട രണ്ട് വ്യോമസേനാ ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്.

മതാചാരത്തിന്റെ ഭാഗമായി താടിവളര്‍ത്തുന്നത് നിരോധിച്ചുകൊണ്ടുള്ള വ്യോമസേനയുടെ 2003 ഫെബ്രുവരിയിലെ ഉത്തരവിനെ ചോദ്യംചെയ്ത് മുഹമ്മദ് സുബൈര്‍, അന്‍സാരി അഫ്താബ് അഹമ്മദ് എന്നീ രണ്ടുപേരാണ് ഹര്‍ജി നല്‍കിയിരുന്നത്. ഈ ഉത്തരവ് പൗരന്റെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നതായും ഇക്കാര്യത്തില്‍ 1990ല്‍ ആഭ്യന്തര മന്ത്രാലയം നല്‍കിയ നിര്‍ദ്ദേശം നിലനില്‍ക്കുന്നതായും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.

മതാചാരത്തിന്റെ ഭാഗമായി മുന്‍കൂട്ടി അനുമതി വാങ്ങി താടിവളര്‍ത്തുന്നതിന് മുസ്ലിം, സിഖ് വിശ്വാസികളായ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കിക്കൊണ്ടുള്ളതാണ് 1990ല്‍ ആഭ്യന്തര മന്ത്രാലയം നല്‍കിയ നിര്‍ദ്ദേശം. എന്നാല്‍, താടി വളര്‍ത്തുന്നത് നിരോധിച്ചുകൊണ്ടുള്ള 2003ലെ ഉത്തരവ് സേനയുടെ സഹവര്‍ത്തിത്വവും സുരക്ഷയും മുന്‍നിര്‍ത്തിയുള്ളതാണെന്നാണ് വ്യോമസേനയുടെ നിലപാട്. ഇത് മതനിരപേക്ഷമാണെന്നും ഏതെങ്കിലും പ്രത്യേക മതവിഭാഗത്തില്‍ പെട്ടവരെ ഉദ്ദേശിച്ചുള്ളതല്ലെന്നും വ്യോമസേന വാദിച്ചു.

വ്യോമസേനാ ഉത്തരവിനെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജിക്കാര്‍ സമര്‍പ്പിച്ച ഹർജി, താടി വളര്‍ത്തുന്നത് മതപരമായി ഒഴിച്ചുകൂടാനാവാത്തതല്ലെന്ന് ചൂണ്ടിക്കാട്ടി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. പിന്നീട് ഇവര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയും അവിടെയും ഹര്‍ജ്ജി തള്ളുകയും ചെയ്തു. തുടര്‍ന്നാണ് ഇവര്‍ സുപ്രീം കോടതിയെ സമീപിച്ചത്.