ന്യൂഡല്‍ഹി: കാര്‍ഗില്‍ യുദ്ധകാലത്ത് ഇന്ത്യന്‍ വ്യോമസേനാ പൈലറ്റ് ബോംബിട്ട് തകര്‍ക്കാന്‍ ലക്ഷ്യമിട്ട സൈനിക താവളത്തില്‍ അന്നത്തെ പാക് പ്രധാനമന്ത്രിയും സൈനിക മേധാവിയും ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ഇക്കാര്യം അറിയാതെയാണ് വ്യോമതാവളം തകര്‍ക്കാന്‍ പൈലറ്റ് ഒരുങ്ങിയത്.

എന്നാല്‍ വ്യോമതാവളം തകര്‍ക്കാനുള്ള നീക്കം അവസാന നിമിഷം ഉപേക്ഷിക്കുകയായിരുന്നു. അന്നത്തെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും സൈനിക മേധാവി പര്‍വെസ് മുഷറഫുമാണ് വ്യോമതാവളത്തില്‍ ഉണ്ടായിരുന്നത്. ഇരുവരും കൊല്ലപ്പെടാനുള്ള സാധ്യതയാണ് തലനാരിഴയ്ക്ക് ഒഴിവായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാക് പ്രധാനമന്ത്രി അടക്കമുള്ളവര്‍ക്കുനേരെ ഉണ്ടാകുമായിരുന്ന ആക്രമണം വഴിമാറിയതിലൂടെ ആണവ ശക്തികളായ ഇരു രാജ്യങ്ങളും തമ്മില്‍ നടക്കാനിടയുള്ള വലിയൊരു യുദ്ധമാണ് ഒഴിവായതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

1999 ജൂണ്‍ 24ന് ഇന്ത്യന്‍ വ്യോമസേനയുടെ 'ജാഗ്വര്‍' വിമാനം പാകിസ്താനിലെ ഗുല്‍താരിയിലെ സൈനിക താവളം തകര്‍ക്കാന്‍ ലക്ഷ്യമിട്ടിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. ജാഗ്വറിലെ 'സിഎല്‍ഡിഎസ്' സംവിധാനം ഉപയോഗിച്ച് സൈനിക താവളം ലക്ഷ്യമിടുകയും ബോംബ് പ്രയോഗിക്കുന്നതിന് തയ്യാറെടുക്കുകയും ചെയ്തു. എന്നാല്‍ സൈനിക താവളത്തെക്കുറിച്ച് വ്യക്തത ലഭിക്കാത്തതിനാല്‍ ബോംബ് ആക്രമണം നടത്തേണ്ടതില്ലെന്ന് വ്യോമസേനാ കമാന്‍ഡര്‍ പൈലറ്റിനോട് നിര്‍ദ്ദേശിക്കുകയായിരുന്നു.

ഈ സംഭവം സംബന്ധിച്ച് പിന്നീട് സൈനിക കേന്ദ്രങ്ങളില്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാകിസ്താന്‍ സൈന്യത്തിന്റെ പ്രമുഖ സൈനിക താവളമായ ഗുല്‍ത്താരി, കാര്‍ഗില്‍ യുദ്ധ സമയത്ത് പാകിസ്താന്‍ സൈന്യത്തിന്റെ പ്രധാന കേന്ദ്രമായിരുന്നു.