ബെംഗളൂരു: വിമാനങ്ങളുടെ സഞ്ചാരത്തിന് തടസ്സം സൃഷ്ടിച്ച് വിമാനത്താവളങ്ങളിലെ റൺവേകളിൽ അലയുന്ന പക്ഷികളുടേയും മൃഗങ്ങളുടേയും ഒഴിവാക്കാൻ രാജ്യത്ത് ആദ്യമായി പരിശീലനം നൽകിയ നായകളെ ഉപയോഗിക്കാനൊരുങ്ങുന്നു. മുഡ് ഹോൾ ഹൗണ്ട് എന്ന ഇന്ത്യൻ ഇനത്തിൽ പെട്ട നാല് നായകളെ ഇന്ത്യൻ വ്യോമസേന ഇതിനായി ഏറ്റെടുത്തു.

രണ്ട് പെൺനായ ഉൾപ്പെടെ നാല് മുഡ്ഹോൾ അഥവാ മറാത്ത ഹൗണ്ട് ഇനത്തിൽ പെട്ട നായക്കുട്ടികളെ കർണാടകയിലെ കനൈൻ റിസർച്ച് ആൻഡ് ഇൻഫർമേഷൻ സെന്ററിൽ(സിആർഐസി) നിന്ന് സംസ്ഥാന ഉപമുഖ്യമന്ത്രി ഗോവിന്ദ് എം കരാജോൾ വെള്ളിയാഴ്ച ഇന്ത്യൻ വ്യോമസേനയ്ക്ക് കൈമാറി.

ഏത് കാലവസ്ഥയോടും ഇണങ്ങുന്നതും കുറഞ്ഞ പരിശീലനം കൊണ്ടു തന്നെ മിടുക്കരാവുന്നതുമാണ് മുഡ്ഹോൾ ഹൗണ്ടുകൾ. നല്ല ആരോഗ്യവും ബുദ്ധിസാമർഥ്യവും പ്രകടിപ്പിക്കുന്ന ഈയിനത്തെ കരസേന, സിആർപിഎഫ്, ബിഎസ്എഫ്, എസ്എസ്ബി, ഐടിബിപി, പോലീസ് തുടങ്ങിയ സേനാവിഭാഗങ്ങൾ നേരത്തെ തന്നെ സേവനത്തിനായി സ്വന്തമാക്കിയിട്ടുണ്ട്.

വിശ്വസ്തതയും മികച്ച സേവനവും ഈയിനത്തെ സേനകൾക്ക് പ്രിയങ്കരമാക്കിയിട്ടുണ്ടെന്ന് സിആർഐസി മേധാവി മഹേഷ് ആകാശി വ്യക്തമാക്കി. നല്ല ഓജസ്സും കൂർമതയും ചുറുചുറുക്കുമുള്ള ഇവ നല്ല നായാട്ടുകാർ കൂടിയാണ്. ഇവയുടെ സേവനം വിലമതിക്കാനാവാത്തതാണെന്നും മഹേഷ് ആകാശി കൂട്ടിച്ചേർത്തു.

ഏഴ് നായക്കുട്ടികളെയാണ് വ്യോമസേന ആവശ്യപ്പെട്ടിരുന്നതെങ്കിലും മൂന്ന് മാസം പ്രായമുള്ള നാല് കുട്ടികളെയാണ് ആഗ്ര എയർഫോഴ്സ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് കൈമാറിയത്. ബാക്കി മൂന്നെണ്ണത്തിനെ കൂടി ആറുമാസത്തിനുള്ളിൽ നൽകും. പക്ഷികളെ ഓടിക്കാൻ മുഡ്ഹോൾ ഹൗണ്ടുകൾ മിടുക്കരാണെന്ന് വ്യോമസേന ഉദ്യോഗസ്ഥർ പറയുന്നു. റൺവേകളിൽ കൃത്യമായ ഇടവേളകളിൽ ഇവയുടെ നടപ്പ് ശീലമാക്കുന്നതോടെ പക്ഷികളുടെ ശല്യം കുറയുമെന്നാണ് നിഗമനം.

 

Content Highlights: IAF Inducts Mudhol Hounds to Rule Out Bird Hits on Runways