ന്യൂഡല്‍ഹി: 11500 അടി ഉയരത്തില്‍ കേദര്‍നാഥ് ഹെലിപാഡില്‍ തകര്‍ന്നുവീണ സ്വകാര്യ ഹെലിക്കോപ്റ്റര്‍ വ്യോമസേന ഹെലിക്കോപ്റ്ററുകളുടെ സഹായത്തോടെ സുരക്ഷിതസ്ഥലത്തെത്തിച്ചു. കഴിഞ്ഞദിവസമാണ് വ്യോമസേനയുടെ എംഐ 17 വി5 ഹെലിക്കോപ്റ്ററുകള്‍ കേദര്‍നാഥിലെത്തി സ്വകാര്യ ഹെലിക്കോപ്റ്ററിനെ പൊക്കിയെടുത്ത് പറന്നത്. ഇതിന്റെ വീഡിയോ ദൃശ്യം വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. പുറത്തുവിട്ടു. 

യു.ടി. എയര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഹെലിക്കോപ്റ്ററാണ് ദിവസങ്ങള്‍ക്ക് മുമ്പ് ഉത്തരാഖണ്ഡിലെ കേദര്‍നാഥ് ഹെലിപ്പാഡില്‍ തകര്‍ന്നുവീണത്. ഉയര്‍ന്നപ്രദേശമായതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് റോഡ് മാര്‍ഗം ഇവിടേക്ക് എത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് യു.ടി. എയര്‍ ഉത്തരാഖണ്ഡ് ഭരണകൂടത്തെ ബന്ധപ്പെട്ട് വ്യോമസേനയുടെ സഹായം അഭ്യര്‍ഥിച്ചത്. 

വിവരമറിഞ്ഞ വ്യോമസേന അധികൃതര്‍ രണ്ട് എംഐ 17 വി5 ഹെലിക്കോപ്റ്ററുകളാണ് രക്ഷാപ്രവര്‍ത്തനത്തിനായി അയച്ചത്. ഒരു ഹെലിക്കോപ്റ്ററില്‍ രക്ഷാപ്രവര്‍ത്തനത്തിന് വേണ്ട ഉപകരണങ്ങളും മറ്റൊരു ഹെലിക്കോപ്റ്റര്‍ തകര്‍ന്നുവീണ സ്വകാര്യ ഹെലിക്കോപ്റ്ററിനെ പൊക്കിയെടുക്കാനുമാണ് അയച്ചത്.

സംഭവസ്ഥലത്തെത്തിയ വ്യോമസേന ഹെലിക്കോപ്റ്ററുകള്‍ ഏറെ വെല്ലുവിളിനിറഞ്ഞ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി. തകര്‍ന്ന ഹെലിക്കോപ്റ്ററിനെ വ്യോമസേനയുടെ ഹെലിക്കോപ്റ്റര്‍ പൊക്കിയെടുക്കുകയും തുടര്‍ന്ന് ഡെറാഡൂണിലെ സഹസ്ത്രദാരയില്‍ എത്തിക്കുകയും ചെയ്തു. 

Content Highlights: iaf helicopter rescued crashed aircraft from high attitude kedarnath helipad