ന്യൂഡല്‍ഹി: മേഘാലയയിലെ ഈസ്റ്റ് ജയന്‍ഷ്യ ഖനിയില്‍ കുടുങ്ങിപ്പോയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമത്തില്‍ പങ്കാളിയാകാന്‍ ഇന്ത്യന്‍ വ്യോമസേനയും. ദേശീയ ദുരന്തനിവാരണ സേനാ പ്രവര്‍ത്തകരെ രക്ഷാപ്രവര്‍ത്തനത്തിനെത്തിക്കാന്‍ ഹെവിലിഫ്റ്റ് ട്രാന്‍സ്പോര്‍ട്ട് പ്ലെയിന്‍ വിട്ടുനല്‍കാമെന്ന് വ്യോമസേന അറിയിച്ചു. ഡിസംബര്‍ 13നാണ് തൊഴിലാളികള്‍ ഖനിയില്‍ കുടുങ്ങിയത്. 

ജോലിയ്ക്കിടെ എലിമടകള്‍ എന്നറിയപ്പെടുന്ന ഖനിയില്‍ കുടുങ്ങിയ തൊഴിലാളികള്‍ മരിച്ചെന്ന് അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാക്കാനുള്ള ദേശീയ ദുരന്ത നിവാരണ സേനയുടെ നീക്കം. സേനയുടെ ആവശ്യപ്രകാരമാണ് വ്യോമസേന ദൗത്യത്തില്‍ പങ്കാളിയാവുന്നത്. എന്നാല്‍, സഹായം അഭ്യര്‍ഥിച്ച സമയം താമസിച്ചുപോയില്ലേ എന്ന ആശങ്ക നിലനില്‍ക്കുകയാണ്.

ഭുവനേശ്വറില്‍ നിന്ന് ഗുവാഹത്തിയിലേക്ക് ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളെ എത്തിക്കാനും രക്ഷാദൗത്യത്തിനായുള്ള കൂടുതല്‍ ഉപകരണങ്ങള്‍ എത്തിക്കാനുമാണ് വ്യോമസേനയുടെ വിമാനം ഉപയോഗിക്കുക. ഖനികളിലെ വെള്ളം വറ്റിച്ച് തൊഴിലാളികളെ പുറത്തേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് നടന്നുവന്നിരുന്നത്. എന്നാല്‍, പൂര്‍ണമായും വെള്ളം പമ്പ് ചെയ്ത് കളയാന്‍ ഉപകരണങ്ങളുടെ അഭാവം മൂലം കഴിഞ്ഞിരുന്നില്ല. ഇതേത്തുടര്‍ന്ന് രണ്ട് ദിവസമായി വെള്ളം വറ്റിക്കല്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.ശക്തികൂടിയ പമ്പുകള്‍ അടക്കമുള്ള ഉപകരണങ്ങളാണ് വ്യോമസേനയുടെ സഹായത്തോടെ ഗുവാഹത്തിയിലേക്ക് എത്തിക്കുക. അവിടെ നിന്ന് 213 കിലോമീറ്റര്‍ അകലെയാണ് തൊഴിലാളികള്‍ കുടുങ്ങിയ ഖനി.

അപ്രതീക്ഷിതമായി പെയ്ത മഴയില്‍ ഖനിയില്‍ 70 അടിയോളം ഉയരത്തില്‍ പുഴവെള്ളം നിറഞ്ഞതോടെയാണ് ഡിസംബര്‍ 15ന് അപകടം ഉണ്ടായത്. ഖനിക്കുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെ തൊഴിലാളികള്‍ മരിച്ചിരിക്കാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, ഈ ദുര്‍ഗന്ധം കെട്ടിക്കിടക്കുന്ന ചെളിവെള്ളത്തിന്റേതാണ് എന്നാണ് ദേശീയ ദുരന്ത നിവാരണ സേനയുടെ പ്രതികരണം.

content highlights: IAF Flies Rescue Team  for Evacuation of Meghalaya Miners,IAF, Rescue Team  for Evacuation of Meghalaya Miners