ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമ അതിര്‍ത്തി ലംഘിക്കാനുള്ള പാകിസ്താന്‍ ശ്രമം തുടരുന്നു. വ്യാഴാഴ്ച ഉച്ചയോടെ ജമ്മു കശ്മീരിലെ കൃഷ്ണ ഗാട്ടി പ്രദേശത്ത് ഇന്ത്യന്‍ വ്യോമ അതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ച രണ്ട് പാക് ജെറ്റുകളെ ഇന്ത്യന്‍ വ്യോമസേന തുരത്തി. ഇതേ പ്രദേശത്ത് തന്നെ ചെറു പീരങ്കികള്‍ ഉപയോഗിച്ച് പാക് സൈന്യം വെടി ഉതിര്‍ത്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് ആകാശമാര്‍ഗവും ഉള്ള അതിര്‍ത്തി ലംഘനം.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോട് കൂടിയാണ് കൃഷ്ണ ഗാട്ടിയിലെ അതിര്‍ത്തിയില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ ലംഘിച്ചത്. ചെറുപീരങ്കികള്‍ ഉപയോഗിച്ച് പാക് സൈന്യം തുടര്‍ച്ചയായി വെടിയുതിര്‍ത്തെങ്കിലും ഇന്ത്യന്‍ ഭാഗത്ത് പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാക്‌സൈന്യം വെടിയുതിര്‍ത്തതോടെ ഇന്ത്യന്‍ സൈന്യവും ഇതിന് തിരിച്ചടി നല്‍കി. കശ്മീരിലെ പൂഞ്ച് ജില്ലയിലും നിയന്ത്രണ രേഖയുടെ പലഭാഗത്തും വ്യാഴാഴ്ച പാകിസ്താന്‍ വെടിയുതിര്‍ത്തിരുന്നു.

ഇത് തുടര്‍ച്ചയായ ഏഴാം ദിവസമാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ട് വെടിവെയ്പ് നടത്തുന്നത്‌. കഴിഞ്ഞ ദിവസം മൂന്ന് പാകിസ്താന്‍ ജെറ്റുകള്‍ അതിര്‍ത്തി ലംഘിച്ച് ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. ഇവയെ പിന്തുടര്‍ന്ന ഇന്ത്യന്‍ വ്യോമസേന വിമാനങ്ങള്‍ ഒരു പാക് എഫ് 16 വിമാനം വെടിവെച്ചിട്ടിരുന്നു. ഇന്ത്യക്ക് ഒരു മിഗ് 21 വിമാനം നഷ്ടപ്പെടുകയും ചെയ്തു. പിടിയിലായ ഇന്ത്യന്‍ പൈലറ്റിന്റെ ദൃശ്യങ്ങള്‍ പിന്നീട് പാകിസ്താന്‍ പുറത്ത് വിട്ടിരുന്നു.

content highlights: IAF chases out 2 Pakistani jets trying to violate Indian airspace again