Photo: ANI
ന്യൂഡല്‍ഹി: ചൈനയുമായി ഭാവിയില്‍ സംഘര്‍ഷം ഉണ്ടായേക്കാവുന്ന പശ്ചാത്തലത്തില്‍ ലഡാക്കില്‍ ഏത് സമയത്തും ഏത് കാലവാസ്ഥയിലും യുദ്ധസജ്ജരായിരിക്കാന്‍ ലക്ഷ്യമിട്ട് വ്യോമസേന. മുന്‍നിര യുദ്ധവിമാനങ്ങള്‍, ആക്രമണ ഹെലികോപ്റ്ററുകള്‍, മറ്റ് ഹെലികോപ്റ്ററുകള്‍ എന്നിവ എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാന്‍ തക്കത്തില്‍ സജ്ജമാക്കിയിരിക്കുകയാണ് ലഡാക്കില്‍. ലഡാക്കിലെ സംഘര്‍ഷ മേഖലകളില്‍നിന്ന് ചൈനീസ് സൈന്യം പൂര്‍ണമായും പിന്മാറുന്നത് വരെ വ്യോമസേന സര്‍വ്വസജ്ജരായിരിക്കും.
മിഗ്-29, സുഖോയ്-30 എസ്, അപ്പാച്ചെ എ.എച്ച്-64ഇ അറ്റാക്ക് ഹെലികോപ്റ്റര്‍, സി.എച്ച്-47എഫ് ചിനൂക് മള്‍ട്ടി മിഷന്‍ ഹെലികോപ്റ്റര്‍ തുടങ്ങിയവയാണ് വ്യോമസേന ലഡാക്കില്‍ വിന്യസിച്ചിരിക്കുന്നത്. മലനിരകളില്‍ രാത്രിയിലും ദൗത്യങ്ങള്‍ നിര്‍വഹിക്കാന്‍ വ്യോമസേന സജ്ജമാണ്.
ഏത് സമയത്തും, ഏത് സ്ഥലത്തും എല്ലാകാലാവസ്ഥയിലും രാത്രിയിലും പകലും യുദ്ധസജ്ജരാണെന്ന സന്ദേശമാണ് വ്യോമസേന നല്‍കുന്നത്. ആവശ്യമെങ്കില്‍ സര്‍വസന്നാഹങ്ങളുമായി ആക്രമിക്കാന്‍ മടിക്കില്ലെന്നാണ് സേനാവൃത്തങ്ങള്‍ പറയുന്നത്.
നേരത്തെ മലനിരകളില്‍ രാത്രികാല ദൗത്യങ്ങള്‍ക്ക് വ്യോമസേന പരിമിതികള്‍ നേരിട്ടിരുന്നു. എന്നാല്‍ ഇന്ന് അവയെല്ലാം മറികടക്കാന്‍ സേനക്കായിട്ടുണ്ട്. ലഡാക്കുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ രാത്രിയില്‍ വിമാനം പറത്താനുള്ള പരീശീലനവും ഇപ്പോള്‍ നല്‍കാറുണ്ട്.
മലനിരകള്‍ക്കുമുകളിലൂടെയുള്ള രാത്രികാല ദൗത്യങ്ങള്‍ ആശയക്കുഴപ്പങ്ങള്‍ക്ക് കാരണമാകും. മലനിരകളുടെ നിഴലുകള്‍ കണക്കുകൂട്ടലുകളെ സ്വാധീനിക്കും. എന്നാല്‍ ഇപ്പോള്‍ ഇന്ത്യ പരിമിതികളെ മറികടന്നുവെന്ന് മുന്‍ വ്യോമസേന ഉദ്യോഗസ്ഥരും സാക്ഷ്യപ്പെടുത്തുന്നു.
നിലവിലെ ചര്‍ച്ചകളെ തുടര്‍ന്ന് ഗല്‍വാന്‍ താഴ്‌വര, ഹോട്ട് സ്പ്രിങ്, ഗോഗ്ര തുടങ്ങിയ നിയന്ത്രണ രേഖയിലെ പ്രദേശങ്ങളില്‍നിന്ന് ചൈന ഒന്നര കിലോ മീറ്ററോളം പിന്നോട്ടു മാറിയിട്ടുണ്ട്. ഇന്ത്യന്‍ സൈന്യവും ഇത്രത്തോളം ദൂരേക്ക് പിന്മാറിയിട്ടുണ്ട്. എന്നാല്‍ പാംഗോങ് തടാകത്തിന് സമീപം ഇനിയും കുറച്ച് ചൈനീസ് സൈനികര്‍ തമ്പടിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് വ്യോമസേനയുടെ സാന്നിധ്യം നിര്‍ണായകമാകുന്നത്. സൈനികരെയും ടാങ്കുകളും പീരങ്കികളും അടക്കമുള്ള ആയുധങ്ങളും ഇവിടേക്ക് എത്തിക്കാന്‍ വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനങ്ങളാണ് ഉപയോഗിച്ചത്. സി-130ജെ എന്ന സൂപ്പര്‍ ഹെര്‍കുലീസ് വിമാനം സൈനികരുമായി നിര്‍ണായകമായ ദൗലത് ബേഗ് ഓള്‍ഡി എയര്‍ സ്ട്രിപ്പില്‍ ഇറങ്ങുകയും ചെയ്തു. സൈനികരെ മണിക്കൂറുകള്‍ക്കകം ലഡാക്കിലെമ്പാടും വിന്യസിക്കാന്‍ സഹായകമായത് വ്യോമസേനയുടെ സാന്നിധ്യം കൊണ്ടാണ്.
Content Highlights: IAF capable for “all-weather, all-terrain and day/night missions” in Ladakh
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..